രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ ബിജെപിയും കോൺഗ്രസും ഏറെക്കുറെ നേർക്കു നേരെയുള്ള കടുത്ത പോരാട്ടം നടക്കുന്നതിനാൽ തെരഞ്ഞെടുപ്പ് ഫലങ്ങൾ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തെയും സ്വാധീനിക്കാൻ ശേഷിയുള്ളതാണ്.
എന്നാൽ മധ്യപ്രദേശ് നിയമസഭയിൽ നാല് എംഎൽഎമാരും സംസ്ഥാനത്ത് ശക്തമായ വോട്ട് ബാങ്കുള്ള മായാവതിയുടെ ബിഎസ്പി കോൺഗ്രസിനൊപ്പം ചേർന്ന് മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചതും ഛത്തീസ്ഗഡിൽ കോൺഗ്രസിൽ നിന്നും പുറത്തുപോയ മുൻ മുഖ്യമന്ത്രി അജിത് ജോഗിയുടെ നേതൃത്വത്തിലുള്ള പാർട്ടിയുമായി സഖ്യത്തിലേർപ്പെടാനുമുള്ള ബിഎസ്പിയുടെ തീരുമാനവും കോൺഗ്രസിന് തിരിച്ചടിയാണ്
2019 ലെ നിർണായകമായ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്നു പറയാവുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയ സജീവമായിരിക്കുകയാണ്. മാവോയിസ്റ്റ് സ്വാധീനം ഏറെയുള്ള ഛത്തിസ്ഗഡിലെ തെരഞ്ഞെടുപ്പ് പ്രതീക്ഷിച്ചത്ര പ്രശ്‌നങ്ങളില്ലാതെ നടന്നു. അടുത്തത് മധ്യപ്രദേശാണ്. തുടർന്ന് രാജസ്ഥാനിലും തെലങ്കാനയിലും മിസോറാമിലും തെരഞ്ഞെടുപ്പുകൾ നടക്കും. സെമിഫൈനൽ ആയതിനാൽ തന്നെ എല്ലാ രാഷ്ട്രീയ പാർട്ടികളും ആശങ്കാകുലരാണ്. എന്തായാലും ഒരു കാര്യത്തിൽ എല്ലാവരും ഒന്നിക്കുന്നു. 2014ലെ പോലെ ബിജെപിക്കു തൂത്തുവാരാനാകില്ല എന്നതാണത്. കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ശക്തമായ പ്രതിരോധം ഉയർന്നു വന്നിട്ടുണ്ട്. എന്നാൽ ബിജെപിക്കെതിരായ മഹാസഖ്യം എന്ന സ്വപ്‌നം ഇപ്പോഴും യാഥാർത്ഥ്യമാകാത്തതിനാൽ ബിജെപിയെ പരാജയപ്പെടുത്താനാകുമോ എന്നു കാത്തിരുന്നു കാണാം.
ഛത്തിസ്ഗഢിൽ നവംബർ 12 ന് ഒന്നാം ഘട്ട തെരഞ്ഞെടുപ്പും 20 ന് രണ്ടാം ഘട്ട തെരഞ്ഞെടുപ്പും നടന്നു. 90 സീറ്റിൽ 47 എണ്ണം കോൺഗ്രസിനും 41 സീറ്റ് ബിജെപിക്കും ബാക്കിയുള്ള രണ്ട് സീറ്റ് മറ്റുള്ളവർക്കും ലഭിക്കും എന്നായിരുന്നു പ്രധാനപ്പെട്ട ചില സർവ്വേകൾ തെരഞ്ഞെടുപ്പിനു മുമ്പ് പറഞ്ഞത്. കോൺഗ്രസ്സ് പോലും അതു വിശ്വസിക്കുന്നുണ്ടോ എന്ന് സംശയമാണ്. അതുപോലെ ഡിസംബർ ഏഴിനു നടക്കുന്ന രാജസ്ഥാനിൽ തെരഞ്ഞെടുപ്പിൽ 200 സീറ്റിൽ 142 എണ്ണം കോൺഗ്രസ് നേടുമെന്നാണ് അഭിപ്രായ സർവെ വ്യക്തമാക്കുന്നത്. 2013 ൽ നടന്ന 163 സീറ്റുനേടി അധികാരത്തിലെത്തിയ ബിജെപി 56 സീറ്റുകളിലേക്ക് ഒതുങ്ങുമെന്നും സർവ്വേയിൽ കാണുന്നു. മധ്യപ്രദേശിലും ഏകദേശം സമാനമായ വിധിയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. തെലങ്കാനയിൽ കോൺഗ്രസ് ടിഡിപി സഖ്യത്തിന് മുൻതൂക്കം ലഭിക്കും എന്നാണ് സി-വോട്ടർ സർവേ പറയുന്നത്. മിസോറാമിൽ കോൺഗ്രസിന് ഭരണം നഷ്ടമാകും എന്നാണ് സർവേ പറയുന്നത്. അവിടെ മിസോ നാഷണൽ ഫ്രണ്ടിനായിരിക്കും മുൻതൂക്കം ലഭിക്കുക. ഇപ്പോൾ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിൽ മൂന്നിടത്തും ബി ജെ പിയാണ് നിലവിൽ ഭരിക്കുന്നത്. രാജസ്ഥാൻ നിയമസഭയിൽ ബി ജെ പിക്ക് 163 സീറ്റും കോൺഗ്രസിന് 21 സീറ്റുമാണ് ഉള്ളത്. ഛത്തീസ്ഗഡിൽ ബിജെപിക്ക് 49 സീറ്റും കോൺഗ്രസിന് 39 സീറ്റുമുണ്ട്. മധ്യപ്രദേശിൽ ബിജെപിക്ക് 165 സീറ്റും കോൺഗ്രസ്സിന് 58 സീറ്റുമാണുള്ളത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസിന് ഇപ്പോൾ ഭരണമുള്ള മിസോറാമിൽ 34 സീറ്റുകളുണ്ട്. തെലുങ്കാനയിൽ 90 സീറ്റുകളുടെ ആധിപത്യത്തോടെയാണ് ടിആർഎസ് ഭരിച്ചിരുന്നത്. കോൺഗ്രസിന് 13 സീറ്റും ഒവൈസിയുടെ എഐഎംഐഎമ്മിന് ഏഴും ബിജെപിക്ക് അഞ്ചും സീറ്റുണ്ട്.
എല്ലാ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് പ്രചരണം സജീവമായി നടക്കുന്നു. 2014ലെ തെരഞ്ഞെടുപ്പിൽ നിന്നു വ്യത്യസ്ഥമായി ഇരുത്തം വന്ന നേതാവിന്റെ മുഖമാണ് കോൺഗ്രസ്സ് പ്രസിഡന്റ് രാഹുൽ ഗാന്ധിയുടേത്. മറുവശത്ത് 5 വർഷത്തെ ഭരണം മോദിയുടെ മുഖത്തിന്റെ ശോഭ കുറഞ്ഞു. അതിനാൽ തന്നെയാകും വർ്ഗ്ഗീയ കാർഡിറക്കിയുള്ള കളിയും ആരംഭിച്ചിട്ടുണ്ട്. അയോധ്യ വിഷയമടക്കം കുത്തിപൊക്കിയിട്ടുമുണ്ട്.
രാഹുൽ ഗാന്ധിയെ അതിരൂക്ഷമായാണ് മോഡിയടക്കമുള്ള ബി ജെ പി നേതാക്കൾ ആക്രമിക്കുന്നത് എന്നതുതന്നെ അവരുടെ ഭീതിക്ക് തെളിവായി ചൂണ്ടിക്കാട്ടപ്പെടുന്നു. ഇറ്റലിയുടെ വ്യാപാരി എന്നാണ് യുപി മുഖ്യമന്ത്രി ആദിത്യനാഥ്, രാഹുലിനെ വിശേഷിപ്പിച്ചത്. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിൽ തടസ്സമാകുന്നത് കോൺഗ്രസാണെന്നും അദ്ദേഹം ആരോപിക്കുന്നു. കോൺഗ്രസ് ഉള്ളിടത്തോളം കാലം ഹിന്ദുക്കളുടെ അഭിമാനം സംരക്ഷിക്കപ്പെടുകയില്ല. രാഹുലിൻെറ ക്ഷേത്രദർശനമൊക്കെ കപടനാടകമാണെന്നും അദ്ദേഹം പറയുന്നതിന്റെ ലക്ഷ്യം വ്യക്തം. നരേന്ദ്ര മോഡിയെ മരണത്തിന്റെ വ്യാപാരി എന്ന് സോണിയ ഗാന്ധി വിളിച്ചതിന്റെ മറുപടി കൂടിയാണ് ഈ അഭിസംബോധന. മറുവശത്ത് ദേശീയ രാഷ്ട്രീയത്തിൽ നിറഞ്ഞുനിൽക്കുന്ന റാഫേൽ ഇടപാട്, മല്യയുടെ വെളിപ്പെടുത്തൽ, ഇന്ധനവില വർധന, സ്ത്രീ സുരക്ഷ, കർഷക ആത്മഹത്യ, ആൾക്കൂട്ടക്കൊലകൾ, നോട്ട് നിരോധനം, ജി എസ് ടി, പെട്രോൾ വില വർധന, രൂപയുടെ വിലയിടിവ്, ദളിത്-ന്യൂനപക്ഷ പീഡനം, സമ്പദ് മേഖല നേരിടുന്ന തകർച്ച, ക്രമസമാധാന പ്രശ്‌നങ്ങൾ തുടങ്ങിയവയാണ് കോൺഗ്രസ് പ്രചാരണായുധമാക്കുന്നത്. തീർച്ചയായും രാഷ്ട്രീയമായ പോരാട്ടമാണ് കോൺഗ്രസ് നടത്തുന്നത്.
രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ ബിജെപിയും കോൺഗ്രസും ഏറെക്കുറെ നേർക്കു നേരെയുള്ള കടുത്ത പോരാട്ടം നടക്കുന്നതിനാൽ തെരഞ്ഞെടുപ്പ് ഫലങ്ങൾ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തെയും സ്വാധീനിക്കാൻ ശേഷിയുള്ളതാണ്. എന്നാൽ മധ്യപ്രദേശ് നിയമസഭയിൽ നാല് എംഎൽഎമാരും സംസ്ഥാനത്ത് ശക്തമായ വോട്ട് ബാങ്കുള്ള മായാവതിയുടെ ബിഎസ്പി കോൺഗ്രസിനൊപ്പം ചേർന്ന് മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചതും ഛത്തീസ്ഗഡിൽ കോൺഗ്രസിൽ നിന്നും പുറത്തുപോയ മുൻ മുഖ്യമന്ത്രി അജിത് ജോഗിയുടെ നേതൃത്വത്തിലുള്ള പാർട്ടിയുമായി സഖ്യത്തിലേർപ്പെടാനുമുള്ള ബിഎസ്പിയുടെ തീരുമാനവും കോൺഗ്രസിന് തിരിച്ചടിയാണ്. യുപിയിലാകട്ടെ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഭൂരിഭാഗം സീറ്റുകളും സ്വന്തമാക്കിയ ബിജെപിയ്ക്ക് കനത്ത വെല്ലുവിളി ഉയർത്തിക്കൊണ്ടാണ് പിന്നീട് നടന്ന ലോക്സഭ, നിയമസഭ ഉപതെരഞ്ഞെടുപ്പുകളിൽ ബിഎസ്പി, എസ്പി സഖ്യം വിജയം കൊയ്തത്. ഒന്നിച്ചുനിൽക്കുന്ന പ്രതിപക്ഷം, അസാധ്യമായ സാമൂഹ്യ സഖ്യങ്ങളും വോട്ടുകളുടെ കേന്ദ്രീകരണവും ഉണ്ടാക്കിക്കൊണ്ട് ബിജെപിക്ക് കടുത്ത രാഷ്ട്രീയ വെല്ലുവിളി സൃഷ്ടിക്കുന്നു എന്നതാണ് യാഥാർത്ഥ്യം.
നിലവിൽ മിസോറാമിൽ വൻഭൂരിപക്ഷമാണ് കോൺഗ്രസിനുള്ളത്. എന്നാൽ 2013 ൽ ജയിച്ച് കയറിയ അത്ര എളുപ്പമാകില്ല ഇത്തവണ കോൺഗ്രസിന്. ഭരണ വിരുദ്ധ വികാരവും, അഴിമതി ആരോപണങ്ങളുമെല്ലാം പാർട്ടി നേതൃത്വത്തെ വരിഞ്ഞ് മുറുക്കുന്നുണ്ട്. മിസോറാമിൽ ഏത് വിധേനയും അക്കൗണ്ട് തുറന്ന് തെക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ആധിപത്യം സ്ഥാപിക്കാനുള്ള നീക്കത്തിലാണ് ബിജെപി.
തെലങ്കാനയിൽ കോൺഗ്രസും ടിഡിപിയും മുന്നണിയായിട്ടാണ് തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. സിപിഐയും തെലങ്കാന രാഷ്ട്രസമിതിയും സഖ്യത്തിന്റെ ഭാഗമാണ്.
മധ്യപ്രദേശിലും രാജസ്ഥാനിലും സുപ്രധാന തെരഞ്ഞെടുപ്പ് വിഷയം വെളുത്തുള്ളിയാണ്. ഇരുസംസ്ഥാനങ്ങളിലും ഒരു കിലോ വെളുത്തുള്ളി വിറ്റാൽ കർഷകർക്ക് ഒടുവിൽ കൈയിലെത്തുന്നത് ഒന്നും രണ്ടും രൂപ മാത്രം. രാജ്യത്തെ മൊത്തം വെളുത്തുള്ളി ഉൽപ്പാദനത്തിന്റെ 45 ശതമാനവും പടിഞ്ഞാറൻ മധ്യപ്രദേശിലെ മാൾവ, രാജസ്ഥാനിലെ ഹദോത്തി മേഖലയിൽ നിന്നാണ്. 2016 നവംബർ എട്ടിന് നോട്ട് അസാധുവാക്കൽ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇതു സംഭവിച്ചത്. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് മധ്യപ്രദേശിൽ ശിവരാജ്‌സിങ്ങ് ചൗഹാൻ സർക്കാർ കർഷകരെ പ്രീണിപ്പിക്കാൻ ചില നീക്കങ്ങൾ നടത്തിയെങ്കിലും വിജയിച്ചിട്ടില്ല. വിളകളുടെ വില മെച്ചപ്പെടുത്തുമെന്ന ഉറപ്പാണ് ഇരുസംസ്ഥാനങ്ങളിലും പ്രചാരണവേദികളിൽ കോൺഗ്രസ് ഉന്നയിക്കുന്ന പ്രധാനതെരഞ്ഞെടുപ്പ് വാഗ്ദാനം.
എന്തായാലും ഇനി അധിക ദിവസങ്ങൾ ബാക്കിയില്ല. ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി നിർണയിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ നടക്കുന്ന ഈ തെരഞ്ഞെടുപ്പുകളുടെ ഫലം ഇന്ത്യൻ രാഷ്ട്രീയചരിത്രം ഇന്നോളം ദർശിക്കാത്തത്ര പ്രാധാന്യമർഹിക്കുന്നു. ആ വിധിക്കായി കാത്തിരിക്കാം.