Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജമ്മു കശ്മീരിലെ ജനാധിപത്യ ധ്വംസനം

കശ്മീർ ഗവർണർ സത്യപാൽ മാലിക്

ജമ്മു കശ്മീർ നിയമസഭ ധൃതിയിൽ പിരിച്ചുവിട്ടുകൊണ്ടുള്ള ഗവർണർ സത്യപാൽ മല്ലിക്കിന്റെ ഉത്തരവ് രാജ്യത്തെ ജനാധിപത്യ സംവിധാനത്തിനും ഫെഡറലിസത്തിനും നേരെയുള്ള കടന്നാക്രമണമാണ്. എൺപത്തിയേഴ് അംഗ ജമ്മു കശ്മീർ അസംബ്ലിയിൽ കോൺഗ്രസിന്റെയും നാഷണൽ കോൺഫ്രൻസ് പാർട്ടിയുടെയും പിന്തുണയോടെയാണ് അൽതാഫ് ബുഖാരിയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കാൻ പിഡിപി നേതാവ് മെഹബൂബാ മുഫ്തി അവകാശവാദം ഉന്നയിച്ചത്. മൂന്ന് പാർട്ടികൾക്കുമായി 56 അംഗങ്ങളുടെ പിന്തുണയാണ് ഉണ്ടായിരുന്നത്. ബിജെപി പിന്തുണയോടെ മന്ത്രിസഭാ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച സജ്ജാദ് ലോണിന് 25 അംഗങ്ങളുടെ മാത്രം പിന്തുണയെ ഉണ്ടായിരുന്നുള്ളു. 
മന്ത്രിസഭാ രൂപീകരണത്തിന് ആവശ്യമായ 44 അംഗങ്ങൾക്കു പുറമെ ഒരു ഡസൻ അംഗങ്ങളുടെ അധിക പിന്തുണയുമായി അവകാശവാദം ഉന്നയിച്ച മുന്നണിക്ക് നിയമസഭയിൽ അവരുടെ ഭൂരിപക്ഷം തെളിയിക്കാനുള്ള അവകാശം നിഷേധിച്ചുകൊണ്ടാണ് ഗവർണർ സഭ പിരിച്ചുവിട്ടിരിക്കുന്നത്. ഇത് സാമാന്യ ബുദ്ധിക്കുപോലും നിരക്കാത്ത പക്ഷപാതപരവും രാഷ്ട്രീയ പ്രേരിതവുമായ നടപടിയാണ്. നിലവിലുള്ള നിയമസഭയുടെ സസ്‌പെൻഷൻ കാലാവധി നിലനിൽക്കെ പുതിയ ഒരു ഗവൺമെന്റ് രൂപീകരണത്തിന് അവസരം നൽകുകയെന്നത് ഭരണഘടനാപരവും നീതിപൂർവവുമായ പ്രക്രിയയാണ്. എന്നാൽ അതിന് അവസരം നൽകാതെ നിയമസഭ പിരിച്ചുവിട്ട നടപടി നിയമത്തിനു മുന്നിൽ നിലനിൽക്കാവുന്നതല്ല. രാഷ്ട്രീയ അധാർമികതയാണ്. കോൺഗ്രസും പിഡിപിയും നാഷണൽ കോൺഗ്രസും ഉൾപ്പെട്ട മുന്നണി 'ഉത്തരവാദിത്തമുള്ള സർക്കാർ രൂപീകരിക്കുന്നതിലുപരി അധികാരം കയ്യാളാനുള്ള ശ്രമത്തിലാണ് ഏർപ്പെട്ടിരിക്കുന്ന'തെന്ന ഗവർണറുടെ നിരീക്ഷണം യുക്തിരഹിതവും ബാലിശവുമാണ്. 
അധികാരം ഭൂരിപക്ഷത്തിന്റെ അവകാശമാണെന്ന അടിസ്ഥാനതത്വം വിസ്മരിച്ചുകൊണ്ടുള്ള യുക്തിരഹിതമായ ഉദ്ദണ്ഡവാദമാണ് ഗവർണർ ഉന്നയിക്കുന്നത്. രണ്ടാമത്തെ വാദമുഖം തന്റെ നടപടി കുതിരക്കച്ചവടം തടയുക എന്ന ലക്ഷ്യത്തോടെയാണെന്നതാണ്. അതാവട്ടെ ഗവർണറുടെ നിയന്ത്രണത്തിനും അധികാരപരിധിക്കും അപ്പുറത്തുള്ള കാര്യമാണ്. ഗവർണറുടെ വാദം അംഗീകരിച്ചാൽ തന്നെ 56ഉം 25ഉം അംഗങ്ങൾ വീതം പിന്തുണ അവകാശപ്പെടുന്നവരിൽ ആരായിരിക്കും കുതിരക്കച്ചവടത്തിന് മുതിരുകയെന്നത് സാമാന്യബുദ്ധിയുള്ള ആർക്കും മനസ്സിലാക്കാവുന്നതേയുള്ളു.
ഗോവയിലും മണിപ്പൂരിലും മേഘാലയത്തിലും പയറ്റി വിജയിച്ചതും കർണാടകത്തിൽ തോറ്റമ്പിയതുമായ കുതന്ത്രം ജമ്മു കശ്മീരിൽ പ്രയോഗിക്കുകയാണ് ബിജെപി. ഗവർണർ പദവിയിൽ അവരോധിച്ച 'വാടകക്കൊലയാളി' ഇവിടെ പ്രയോഗിച്ചു നോക്കുന്നത്. ഇത് അപകടകരമായ തീക്കളിയാണ്. എലിയെപേടിച്ച് ഇല്ലം ചുടുന്നവന്റെ മാനസികാവസ്ഥയിലാണ് നരേന്ദ്രമോഡി ഭരണകൂടം. രാജ്യത്തിന്റെ ഐക്യത്തിനും ഏകീകൃത ഫെഡറൽ രാഷ്ട്രമായുള്ള നിലനിൽപിനും നേരെ ഉയരുന്ന ഏറ്റവും കടുത്ത വെല്ലുവിളിയാണ് ജമ്മു കശ്മീരിലെ പുതിയ സംഭവ വികാസം. 
ഒരു ജനതയുടെ ആകെ വിശ്വാസവും പിന്തുണയും ആർജിക്കാനുള്ള അവസരമാണ് കേന്ദ്രസർക്കാർ ദേശവിരുദ്ധർക്കും ഭീകരവാദികൾക്കും മുന്നിലേക്ക് എറിഞ്ഞുകൊടുക്കുന്നത്. യുദ്ധരഹിത അസ്വസ്ഥതകളുടെ ചരിത്രത്തിൽ ഏറ്റവുമധികം സൈനികർ കൊല ചെയ്യപ്പെട്ട കാലയളവാണ് മോഡി ഭരണത്തിന്റെ കഴിഞ്ഞ നാലര വർഷക്കാലം. കുട്ടികളും സ്ത്രീകളുമടക്കം ഇരകളുടെ എണ്ണം അസംഖ്യം. പൊതു തെരഞ്ഞെടുപ്പിന് ആറ് മാസക്കാലം മാത്രം അവശേഷിക്കെ തങ്ങൾക്ക് അനഭിമതമായ ഒരു സർക്കാർ ജമ്മു കശ്മീരിൽ അധികാരത്തിൽ വരുന്നത് അംഗീകരിക്കാൻ മോഡിക്കും തീവ്രഹിന്ദുത്വ സംഘപരിവാറിനും ഭാവനയിൽ കാണാൻ പോലും കഴിയില്ല. ആഭ്യന്തര രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക രംഗങ്ങളിലാകെ കനത്ത പരാജയവും തിരിച്ചടിയും ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന ഭരണകൂടത്തിന് പിടിവള്ളിയായി അവശേഷിക്കുന്ന വിഷയങ്ങളാണ് ബാഹ്യഭീഷണിയും ഇസ്‌ലാം വിരുദ്ധതയും. 
പാക്കിസ്ഥാനെ ശത്രുസ്ഥാനത്ത് നിർത്തിക്കൊണ്ടു മാത്രമേ കപടദേശീയ വൈകാരികത ചൂടോടെ നിലനിർത്താനാവൂ. അതിന് ജമ്മു കശ്മീരിനെക്കാൾ അനുയോജ്യമായ മറ്റൊരു ഘടകവും മോഡി ഭരണകൂടത്തിനു മുന്നിലില്ല. ജമ്മു കശ്മീരിനെ എക്കാലത്തും വെറുക്കപ്പെട്ട ഇസ്‌ലാമിക ഭീകരതയുടെ കൂടാരമായാണ് സംഘ്പരിവാർ എക്കാലത്തും ചിത്രീകരിച്ചു പോന്നിട്ടുള്ളത്.
മേൽപറഞ്ഞ പശ്ചാത്തലത്തിൽ വേണം ജമ്മുകശ്മീരിലെ ഇപ്പോഴത്തെ സംഭവ വികാസങ്ങളെ നോക്കിക്കാണാൻ. അധികാര രാഷ്ട്രീയത്തിന്റെ ഏറ്റവും നികൃഷ്ടവും ബീഭത്സവുമായ മുഖമാണ് നാം കാണുന്നത്. 
മോഡി സർക്കാരിന്റെ അധികാരക്കൊതി മൂത്ത കുതന്ത്രങ്ങൾക്ക് രാജ്യം വഴങ്ങിക്കൊടുത്താൽ ഇന്ത്യയെപോലെ വൈവിധ്യമാർന്ന ഒരു ഫെഡറൽ ജനാധിപത്യത്തിന്റെ ഉദകക്രിയക്കായിരിക്കും നാം സാക്ഷ്യം വഹിക്കുക. 
ഭരണഘടനയുടെയും നീതിന്യായ വ്യവസ്ഥയുടെയും മുന്നിൽ നിലനിൽപില്ലാത്ത രാഷ്ട്രീയ നാടകത്തിനാണ് നാം സാക്ഷ്യം വഹിക്കുന്നത്. ആവശ്യമെങ്കിൽ ജനകീയ കരുത്ത് കൊണ്ട് ചെറുത്തു തോൽപിക്കേണ്ട രാഷ്ട്രീയ അസംബന്ധ നാടകമാണ് ജമ്മുകശ്മീരിൽ അരങ്ങേറുന്നത്. 
 

Latest News