അയോധ്യാ തീരുമാനം വൈകിപ്പിക്കുന്നത് കോണ്‍ഗ്രസെന്ന് പ്രധാനമന്ത്രി മോഡി

ജയ്പൂര്‍- അയോധ്യ ക്ഷേത്ര നിര്‍മ്മാണം ഒരു തീരുമാനമാക്കുന്നത് വൈകിപ്പിക്കുന്നത് കോണ്‍ഗ്രസ് നേതാക്കളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആരോപിച്ചു. രാജസ്ഥാനിലെ അല്‍വാറില്‍ ബി.ജെ.പി തെരഞ്ഞെടുപ്പു റാലിയില്‍ പ്രസംഗിക്കവെയാണ് മോഡി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിമര്‍ശനമുന്നയിച്ചത്. അയോധ്യ കേസ് പരിഗണിച്ചപ്പോള്‍ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇത് 2019നു മുമ്പ് പരിഗണിക്കരുതെന്ന് സുപ്രീം കോടതിയില്‍ വാദിച്ചത് കോണ്‍ഗ്രസിന്റെ രാജ്യസഭാ നേതാക്കളായ അഭിഭാഷകരാണ്. ജൂഡീഷ്യറിയെ ഇത്തരത്തില്‍ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുന്നത് ശരിയാണോ?- മോഡി പറഞ്ഞു. 

ജഡ്ജിമാരെ ഇംപീച്ച് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും വൈകാരികമായ കേസുകളില്‍ വാദം കേള്‍ക്കുന്നത് തടയുകയും ചെയ്യുന്ന സുപ്രീം കോടതി അഭിഭാഷകര്‍ക്ക് കോണ്‍ഗ്രസ് രാജ്യസഭാ ടിക്കറ്റ് നല്‍കുന്നത് അപകടകരമായ കളിയാണെന്ന് മോഡി വിശേഷിപ്പിച്ചു. നിയമവും ഭരണഘടനയും അനുസരിച്ച് സുപ്രീം കോടതിയില്‍ നടക്കേണ്ട കാര്യങ്ങള്‍ കോണ്‍ഗ്രസിന്റെ ഈ കളികള്‍ കൊണ്ട് വൈകിപ്പിക്കുകയാണ്. ജനങ്ങളെ സേവിക്കാന്‍ അവര്‍ തെരഞ്ഞെടുത്ത് അധികാരത്തിലെത്തിയ തങ്ങള്‍ കോണ്‍ഗ്രസിനെ ഇതിനനുവദിക്കില്ലെന്നും മോഡി പറഞ്ഞു.
 

Latest News