ന്യൂദൽഹി- അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിന്റെ തീയതി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് നടത്തിയ മെഗാറാലി സമാപിച്ചു. രാജ്യത്തെ മുൾമുനയിൽ നിർത്തിയ സമരം സമാധാനപരമായാണ് സമാപിച്ചത്. അതേസമയം, അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിന്റെ തീയതി അടുത്ത മാസം 11 ന് പ്രധാനമന്ത്രി മോഡി പ്രഖ്യാപിക്കുമെന്ന് റാലിയിൽ പങ്കെടുത്ത സ്വാമി രംഭദ്രാചാര്യ പറഞ്ഞു. ഒരു കേന്ദ്ര മന്ത്രിയാണ് ഇക്കാര്യം സംബന്ധിച്ച് തനിക്ക് ഉറപ്പു നൽകിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മന്ത്രിയുടെ പേര് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. ക്ഷേത്രം നിർമിക്കുന്നതിനുള്ള നിയമ നിർമാണം കേന്ദ്ര സർക്കാർ നടത്തും. നമ്മുടെ വികാരങ്ങളെ സർക്കാർ മാനിക്കും. കേന്ദ്ര മന്ത്രിസഭയിലെ മുതിർന്ന അംഗം ഇത് സംബന്ധിച്ച് ഉറപ്പു നൽകിയിട്ടുണ്ട്. ക്ഷമയോടെ കാത്തിരിക്കണമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട് -സ്വാമി പറഞ്ഞു. ആർ.എസ്.എസ് നേതാവ് മോഹൻ ഭാഗവതും അയോധ്യയിലെ ക്ഷേത്ര നിർമാണം സംബന്ധിച്ച് ഉറപ്പു നൽകിയിട്ടുണ്ടെന്ന് സ്വാമി പറഞ്ഞു. ലോക്‌സഭയിൽ അയോധ്യ ക്ഷേത്ര നിർമാണം സംബന്ധിച്ച് നിയമ നിർമാണം കൊണ്ടുവരും. മുഴുവൻ എം.പിമാരും ഒരുമിച്ചുനിന്നാൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ നിയമം പാസാക്കാനാകുമെന്ന് മോഹൻ ഭാഗവത് പറഞ്ഞുവെന്നും സ്വാമി വ്യക്തമാക്കി.
ഇന്നലെ അയോധ്യയിൽ തീവ്ര ഹിന്ദുത്വ സംഘടനകൾ നടത്തിയ മെഗാ റാലിയിൽ രണ്ടു ലക്ഷത്തോളം പേർ പങ്കെടുത്തുവെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്. മുസ്‌ലിം വിരുദ്ധ മുദ്രാവാക്യം വിളികളുമായാണ് റാലി മുന്നോട്ടു നീങ്ങിയത്.