Sorry, you need to enable JavaScript to visit this website.

ബ്രെക്‌സിറ്റ് കരാറിന് അംഗീകാരം

യൂറോപ്യൻ യൂനിയൻ നേതാക്കളുമായുള്ള ചർച്ചക്കു ശേഷം നടന്ന പത്രസമ്മേളനം കഴിഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ പോകുന്നു.

ബ്രസ്സൽസ് - ബ്രിട്ടൻ യൂറോപ്യൻ യൂനിയനിൽനിന്ന് എന്നെന്നേക്കും വേർപിരിയുന്ന ബ്രെക്‌സിറ്റ് കരാറിന് യൂറോപ്യൻ യൂനിയൻ അംഗീകാരം നൽകി. കരാർ ബ്രിട്ടന്റെ താൽപര്യത്തിന് വിരുദ്ധമാണെന്ന ആക്ഷേപവുമായി രാജ്യത്ത് എം.പിമാർ കലാപക്കൊടി ഉയർത്തവേ, ഇതല്ലാതെ മറ്റ് മാർഗമില്ലെന്ന് ഇ.യു നേതൃത്വവും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും ഒരുപോലെ വാദിക്കുന്നു.
ബ്രസ്സൽസിൽ ചേർന്ന് 27 ഇ.യു അംഗരാജ്യങ്ങളിലെ നേതാക്കൾ അര മണിക്കൂർ കൊണ്ടാണ് കരാറിന് അനുമതി നൽകാൻ തീരുമാനിച്ചത്. ബ്രിട്ടൻ യൂറോപ്യൻ യൂനിയൻ വിടുന്നത് ദുരന്തവും വേദനാജനകവുമാണെന്ന് യൂറോപ്യൻ നേതാക്കൾ പരിതപിച്ചു.
കരാർ പ്രകാരം 2019 മാർച്ച് 29 ഓടെ ബ്രിട്ടൻ യൂറോപ്യൻ യൂനിയൻ അംഗമല്ലാതാവും. എങ്കിലും തുടർന്നും ഇരുകൂട്ടരും പരമാവധി സഹകരിക്കുമന്നും കരാറിൽ പറയുന്നുണ്ട്.
ബ്രിട്ടനെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച കരാറാണിതെന്ന് യൂറോപ്യൻ യൂനിയൻ കമ്മീഷൻ പ്രസിഡന്റ് ജീൻ ക്ലൗഡ് ജങ്കർ പറഞ്ഞു. യൂറോപ്പിനെ സംബന്ധിച്ചും ഇതാണ് മെച്ചം. കരാറിനെ എതിർക്കുന്നവർ ഇതിനേക്കാൾ മെച്ചപ്പെട്ടത് കൊണ്ടുവരേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
കരാർ ബ്രിട്ടീഷ് പാർലമെന്റും യൂറോപ്യൻ യൂനിയൻ പാർലമെന്റും അംഗീകരിക്കേണ്ടതുണ്ട്. തെരേസ മേയുടെ പാർട്ടിയായ യാഥാസ്ഥിതിക കക്ഷിയിൽ തന്നെ കരാറിനോട് എതിർപ്പുള്ള എം.പിമാർ ഉണ്ടെന്നിരിക്കേ, ബ്രിട്ടീഷ് പാർലമെന്റിന്റെ അനുമതി കിട്ടുക ദുഷ്‌കരമാവും. പ്രധാനമായും വ്യാപാര ബന്ധത്തെക്കുറിച്ചാണ് അവർക്ക് എതിർപ്പുള്ളത്. കരാറിനോട് എതിർപ്പുള്ള എം.പിമാർ കൂടിയാലോചനാ യോഗം വിളിച്ചിരിക്കുകയാണ്.
എന്നാൽ യൂറോപ്യൻ യൂനിയൻ പാർലമെന്റിൽ ഭൂരിപക്ഷവും കരാറിന് അനുകൂലമാണ്.
 

Latest News