ജിദ്ദ കണ്ണൂര്‍ സൗഹൃദവേദി  സൗഹൃദോത്സവം ഹൃദ്യമായി 

ഉത്സവാന്തരീക്ഷം നിറഞ്ഞുനിന്ന ചടങ്ങില്‍ സൗഹൃദോത്സവം-2018 എന്ന ശീര്‍ഷകത്തില്‍ കണ്ണൂര്‍ സൗഹൃദവേദി അഞ്ചാം വാര്‍ഷികാഘോഷത്തിന് സമാപനം. മാധ്യമ പ്രവര്‍ത്തകന്‍ ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. സൗഹൃദ വേദിയുടെ രാഷ്ട്രീയ മത ചിന്തകള്‍ക്കതീതമായ ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ നാട്ടിലും വ്യാപിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് രാധാകൃഷ്ണന്‍ കാവുമ്പായി അധ്യക്ഷനായി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സൗഹൃദവേദി നല്‍കുന്ന കാരുണ്യ അവാര്‍ഡ് ഫാദില്‍ ഗ്രൂപ്പ് ഓഫ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ ലത്തീഫിന് രാധാകൃഷ്ണന്‍ കാവുമ്പായി, ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ ചക്കരക്കല്‍ എന്നിവര്‍ സമ്മാനിച്ചു. മലയാളം ന്യൂസ് പത്രാധിപ സമിതിയംഗം സി.ഒ.ടി അസീസ് അദ്ദേഹത്തെ  പൊന്നാട അണിയിച്ച് ആദരിച്ചു. പ്രതിഫലമാഗ്രഹിക്കാത്ത സേവന പ്രവര്‍ത്തനങ്ങളും പോസിറ്റീവായ ചിന്തകളും അര്‍പ്പണ മനോഭാവവുമാണ് തന്റെ വിജയ രഹസ്യമെന്ന് അബ്ദുല്‍ ലത്തീഫ് പറഞ്ഞു. ഉപദേശക സമിതി  അംഗങ്ങളായ ലത്തീഫ് മക്രേരി, സുരേഷ് പാപ്പിനിശ്ശേരി, എസ്.എല്‍.പി മുഹമ്മദ് കുഞ്ഞി,  ഫിറോസ് മുഴപ്പിലങ്ങാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രവാസത്തിനിടെ കാന്‍സര്‍ ബാധിതനായി മരിച്ച ഒരു മുന്‍ അംഗത്തിനുള്ള കുടുംബ സഹായ ഫണ്ട് സൗഹൃദവേദി ട്രഷറര്‍ ഹരിദാസ് കീച്ചേരി ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ മുഹമ്മദിന് വേദിയില്‍ കൈമാറി. സിഫ് പ്രസിഡന്റ്  ബേബി നീലാമ്പ്ര, ബഷീര്‍ മച്ചിങ്ങല്‍ എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ ചക്കരക്കല്‍ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ശ്രീജിത്ത് ചാലാട് നന്ദിയും പറഞ്ഞു. 
അന്തരിച്ച പ്രമുഖ വയലിനിസ്റ്റ് ബാലഭാസ്‌കറിനും ഗസല്‍ ഗായകന്‍ ഉമ്പായിക്കും ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് മുസ്തഫ തളിപ്പറമ്പിന്റെ നേതൃത്വത്തില്‍ ലൈവ് മ്യൂസിക്കല്‍ പ്രോഗ്രാം അവതരിപ്പിച്ചു.
സൗഹൃദവേദി കലാകാരികളും കലാകാര•ാരും അവതരിപ്പിച്ച വിവിധ പരിപാടികള്‍ ചടങ്ങിന് മിഴിവേകി. 
വൈസ് പ്രസിഡന്റുമാരായ ഹരീന്ദ്രന്‍ താഴെ ചൊവ്വ, ബാലകൃഷ്ണന്‍ പരിയാരം, റസാഖ് മുഹമ്മദ് കാടാച്ചിറ, സെക്രട്ടറിമാരായ സുരേഷ് രാമന്തളി, പ്രവീണ്‍ എടക്കാട്, സലാം പയ്യന്നൂര്‍, പ്രഭാകരന്‍ നമ്പ്യാര്‍, സുബൈര്‍ പെരളശ്ശേരി, സഫീര്‍, സിദ്ദീഖ്, റഫീഖ് മൂസ, അസിസ്റ്റന്റ് ട്രഷറര്‍ അനില്‍ കുമാര്‍ പെരളശ്ശേരി, ഹരി നമ്പ്യാര്‍, നൗഷിര്‍ ചാലാട്, സുധീഷ്, രാഗേഷ്, ദിലീപ് തുടങ്ങിയവര്‍ സമ്മാന വിതരണം നിര്‍വഹിച്ചു.
മലയാളം ന്യൂസ് എഡിറ്റര്‍ മുസാഫിര്‍ ആശംസയര്‍പ്പിച്ചു. അബ്ദുല്‍ ഹഖ്, ആശാ ഷിജു എന്നിവര്‍ നേതൃത്വം നല്‍കിയ കലാ നിശയില്‍ സൗഹൃദവേദി അംഗങ്ങളായ അനഘ നളിനാക്ഷന്‍, സിറാജ്, ബാലകൃഷ്ണന്‍ മട്ടന്നൂര്‍ തുടങ്ങിയവരും ഗാനാലാപനം നടത്തി. നൃത്താധ്യാപികമാരായ സുധാ രാജു, പ്രസീത മനോജ് എന്നിവര്‍ ചിട്ടപ്പെടുത്തിയ 
നൃത്ത നൃത്യങ്ങള്‍, സൗഹൃദ വേദി വനിതാ വിഭാഗം പ്രവര്‍ത്തകരായ സീന ഹരി, അഞ്ചു സച്ചിന്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട തിരുവാതിരകളി, സീനത്ത് ടീച്ചര്‍ പരിശീലിപ്പിച്ച ഒപ്പന എന്നിവ പരിപാടിക്ക് മാറ്റു കൂട്ടി. മഞ്ജു സുനില്‍, ജുവി നൗഷീര്‍  തുടങ്ങിയവര്‍ പരിശീലിപ്പിച്ച കുട്ടികളുടെ ഡാന്‍സ് സദസ്യരുടെ മനം കവര്‍ന്നു. നറുക്കെടുപ്പില്‍ വിജയിച്ച കാണികള്‍ക്കായി കണ്ണൂര്‍ ജില്ലാ സൗഹൃദ വേദി ആകര്‍ഷകമായ സമ്മാനങ്ങളും വിതരണം ചെയ്തു. 

Latest News