- കസബിനെ പോലീസ് കൊല്ലാതെ വിട്ടുവെന്ന് മാധ്യമ പ്രവർത്തകൻ
മുംബൈ - രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന് ഇന്ന് പത്ത് വർഷം. 2008 നവംബർ 26 നാണ് 166 ജീവനുകളെടുത്ത മൂന്ന് ദിവസം നീണ്ട ഭീകരാക്രമണത്തിന് തുടക്കം. പാക്കിസ്ഥാനിൽനിന്ന് ബോട്ട് മാർഗം മുംബൈ തീരത്തെത്തിയ അജ്മൽ കസബ് അടക്കം പത്ത് ഭീകരർ, പല സംഘങ്ങളായി പിരിഞ്ഞ് നഗരത്തിലെ ഛത്രപതി ശിവജി റെയിൽവേ സ്റ്റേഷനിലും ഹോട്ടൽ താജിലും മറ്റു പ്രമുഖ കേന്ദ്രങ്ങളിലും യന്ത്രത്തോക്കുകളുമായി ഇരച്ചുകയറി കണ്ണിൽ കണ്ടവരെയെല്ലാം വെടിവെച്ചു വീഴ്ത്തുകയായിരുന്നു. 166 പേർ മരിക്കുകയും മുന്നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മൂന്ന് ദിവസത്തിനു ശേഷം കസബിനെ ജീവനോടെ പിടികൂടിയ ഇന്ത്യൻ സൈന്യം മറ്റുള്ളവരെയെല്ലാം വധിച്ചു.
എന്നാൽ സി.എസ്.ടിക്ക് മുന്നിൽ കാവൽ നിന്ന പോലീസുകാർ ഉണർന്നു പ്രവർത്തിച്ചിരുന്നുവെങ്കിൽ കസബിനെയടക്കം നേരത്തെ വധിക്കാനാവുമായിരുന്നെന്നും നിരവധി നിരപരാധികളുടെ ജീവൻ രക്ഷിക്കാമായിരുന്നെന്നും സംഭവത്തിന് നേരിട്ട് ദൃക്‌സാക്ഷിയായ മാധ്യമ പ്രവർത്തകൻ സെബാസ്റ്റ്യൻ ഡിസൂസ പറയുന്നു. ഛത്രപതി ശിവജി ടെർമിനസിൽ തോക്കുമായി നടക്കുന്ന കസബിന്റെ ചിത്രമെടുത്തത് സാബി എന്ന് സുഹൃത്തുക്കൾ വിളിക്കുന്ന ഡിസൂസയാണ്. പുറത്ത് വെടിയൊച്ച കേട്ടപ്പോൾ ജീവൻ പണയം വെച്ച് തന്റെ ക്യാമറയുമായി ഇറങ്ങിയോടിയ ഫോട്ടോ ജേണലിസ്റ്റായ ഡിസൂസ പകർത്തിയ ആ ചിത്രങ്ങളാണ് കസബിനെ തൂക്കിക്കൊല്ലാൻ വിധിക്കാൻ കോടതിക്കു മുന്നിൽ നിർണായക തെളിവായത്.
എന്നാൽ ഭീകരരെ കണ്ട് റെയിൽവേ സ്റ്റേഷനു പുറത്തുണ്ടായിരുന്ന പോലീസുകാർ ഭയന്നുപോയെന്നും അവർ വെടിവെക്കാതെ വിട്ടതുകൊണ്ടാണ് കസബും കൂട്ടരും ഇത്രയധികം പേരുടെ ജീവനെടുത്തതെന്നും തന്റെ മാധ്യമപ്രവർത്തന ജീവിതത്തിലെ നടുക്കുന്ന ആ ദിനം ഓർത്തുകൊണ്ട് ഡിസൂസ പറഞ്ഞു. അന്ന് രണ്ട് ബറ്റാലിയൻ പോലീസാണ് റെയിൽവേ സ്റ്റേഷനു പുറത്ത് സുരക്ഷാ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. അവർ ഒന്നും ചെയ്തില്ല -ഡിസൂസ പറഞ്ഞു.

വെടിയൊച്ച കേട്ട റെയിൽവേ സ്റ്റേഷനിൽ ഓടിയെത്തിയ ഡിസൂസ ഒരു ബോഗിക്കുള്ളിൽ ഒളിച്ചിരുന്നാണ് എ.കെ. 47 ഉമായി നടന്നുനീങ്ങുന്ന കസബിന്റെ ചിത്രമെടുത്തത്.
ആദ്യം ഞാൻ മുന്നിലത്തെ ബോഗിയിലാണ് ഓടിക്കയറിയത്. അവിടെ നിന്നപ്പോൾ ശരിയായ ആംഗിൾ കിട്ടാത്തതിനാൽ അടുത്ത ബോഗിയിലേക്ക് മാറി. എന്നിട്ട് ഭീകരർ നടന്നുവരുന്നത് കാത്തുനിന്നു. അവരുടെ രണ്ട് ചിത്രങ്ങൾ എടുക്കാൻ എനിക്ക് ഞൊടിയിട മാത്രമേ കിട്ടിയുള്ളൂ. ഞാൻ ഫോട്ടോ എടുക്കുന്നത് അവർ കണ്ടുവെങ്കിലും കാര്യമാക്കിയില്ലെന്നാണ് തോന്നുന്നത് -ഡിസൂസ പറഞ്ഞു.
കസബിന്റെ ആ ക്ലോസപ് ഫോട്ടോക്ക് വേൾഡ് പ്രസ് ഫോട്ടോ അവാർഡ് ഡിസൂസക്ക് ലഭിച്ചിരുന്നു. 2012 ൽ ജോലിയിൽനിന്ന് വിരമിച്ച 67 കാരൻ ഇപ്പോൾ സ്വദേശമായ ഗോവയിൽ വിശ്രമ ജീവിതം നയിക്കുകയാണ്.
ഡിസൂസ ജോലിയിൽനിന്ന് വിരമിച്ച 2012 ലാണ് കസബിനെ തൂക്കിലേറ്റുന്നത് -നവംബർ 20 ന്.
അതീവ സുരക്ഷയുള്ള മുംബൈയിലെ ആർതർ റോഡ് ജയിലിൽനിന്ന് അതീവ രഹസ്യമായാണ് ശിക്ഷ നടപ്പാക്കാനായി പൂനെക്ക് സമീപമുള്ള യെർവാദ ജയിലിലേക്ക് മാറ്റിയത്. സൈന്യത്തിലെ പ്രത്യേക പരിശീലനം സിദ്ധിച്ച ഫോഴ്‌സ് വൺ കമാണ്ടോകളാണ് കസബിനെ കൊണ്ടുപോയതെന്ന് പോലീസ് വെളിപ്പെടുത്തുന്നു.






