Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എല്ലാ മെഡിക്കൽ കോളേജുകളിലും അവയവ മാറ്റ ശസ്ത്രക്രിയ സൗകര്യം ഒരുക്കും -മുഖ്യമന്ത്രി

കാസർകോട് -  കേരളത്തിലെ എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളേയും അവയവ മാറ്റ ശസ്ത്രക്രിയകൾ ചെയ്യുന്നതിന് സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഹൃദയം, കരൾ എന്നിവ മാറ്റി വെക്കുന്നതിനും ആധുനികമായ ഹൃദയ ശസ്ത്രക്രിയകൾക്കും സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളെ സജ്ജമാക്കിക്കൊണ്ടിരിക്കുകയാണ്. ചിലയിടത്ത് ഹൃദയം മാറ്റിവയ്ക്കൽ തന്നെ നടന്നു കഴിഞ്ഞു. വൃക്ക മാറ്റിവയ്ക്കലും കരൾ മാറ്റിവയ്ക്കലും നടക്കുന്നുണ്ട്. ഏതൊരു സ്വകാര്യ ആശുപത്രിയോടും കിടപിടക്കുന്ന സൗകര്യങ്ങളാണ് സർക്കാർ മെഡിക്കൽ കോളേജുകളിൽ ഒരുങ്ങുന്നത്. കാൻസർ രോഗങ്ങൾക്കും ഫലപ്രദമായ മികച്ച ചികിത്സ സൗകര്യങ്ങളാണ് സർക്കാർ മെഡിക്കൽ കോളേജുകളിൽ തയ്യാറാകുന്നത്. നിലവിൽ തിരുവനന്തപുരം ആർസിസി യിലും മലബാർ കാൻസർ സെന്ററിലുമാണ് മികച്ച കാൻസർ ചികിത്സ സംസ്ഥാനത്ത് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
 കാസർകോട് സർക്കാർ മെഡിക്കൽ കോളേജിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.കേരളത്തിലെ ആതുരശുശ്രുഷ രംഗം വലിയ മാറ്റത്തിന്റെ പാതയിലാണ്. രാജ്യത്തെ  ഏതൊരു സൂപ്പർ സ്‌പെഷാലിറ്റി  ആശുപത്രിയോടും കിടപിടക്കുന്ന രീതിയിലാണ് മെഡിക്കൽ കോളേജുകൾ സജ്ജമാക്കുന്നത്. അത്തരം എല്ലാ ആധുനിക  സൗകര്യങ്ങളും വ്യത്യസ്തമായ ഡിപ്പാർട്ട്‌മെന്റുകളും അടങ്ങിയതുമാകും നമ്മുടെ സർക്കാർ മെഡിക്കൽകോളേജുകൾ.  
ആർദ്രം മിഷന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ആശുപത്രികളും രോഗി സൗഹൃദമാക്കുന്ന പദ്ധതിക്ക് രൂപം നൽകിയിരിക്കുകയാണ്. ആശുപത്രികളിലെത്തി പേര് രജിസ്റ്റർ ചെയ്യുന്നത് മുതൽ ഡോക്ടറെ കണ്ടു മടങ്ങുന്നതു വരെയുള്ള കാര്യങ്ങൾ ഇതോടെ ലളിതമായി. ഏതു ഡോക്ടറെ ഏതു സമയത്തു കാണാമെന്ന് രോഗിക്ക് മുൻ കൂട്ടി അറിയാൻ കഴിയും. ജില്ലാ ആശുപത്രികൾ കാത്ത് ലാബ് സൗകര്യങ്ങളോടെ മികച്ച കേന്ദ്രങ്ങളായി മാറുകയാണ്. 
28 താലൂക്ക് ആശുപത്രികൾ രോഗി സൗഹൃദമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. ജനങ്ങൾ പെട്ടന്ന് എത്തിച്ചേരുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മെച്ചപ്പെട്ട സൗകര്യങ്ങളോടെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിക്കൊണ്ടിരിക്കുകയാണ്. 155 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി കഴിഞ്ഞു. ഇനി 503 കേന്ദ്രങ്ങളെ ഈ നിലവാരത്തിലേക്ക് ഉയർത്തും. ജീവിത ശൈലീ രോഗങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ അമൃതം ആരോഗ്യം പദ്ധതിയുടെ ഭാഗമായി പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ ഇവ പരിശോധിക്കുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ ആശുപത്രികളിലും ആവശ്യത്തിന് ഡോക്ടർമാരുടെ ലഭ്യത ഉറപ്പാക്കിയത് ജനങ്ങൾക്ക് ഉപകാരപ്പെടുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം ആരോഗ്യമേഖലയിൽ 830 തസ്തികകൾ പുതിയതായി അനുവദിച്ചു.  ഇത് സംസ്ഥാന ചരിത്രത്തിൽ റിക്കാർഡ് ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Latest News