റിയാദ്- രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വരുന്ന ഏതാനും ദിവസങ്ങളിൽ ശക്തമായ കാറ്റിന്റെ അകമ്പടിയോടെ മഴ കനത്തു പെയ്യുമെന്ന് പരിസ്ഥിതി സംരക്ഷണ, കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി. മഴയുള്ള സമയത്ത് അത്യാവശ്യം കൂടാതെ പുറത്തിറങ്ങാതിരിക്കണമെന്നും വെള്ളം കെട്ടിനിൽക്കാനിടയുള്ള പ്രദേശങ്ങളിൽനിന്നും താഴ്‌വാരങ്ങളിൽനിന്നും അകന്നുനിൽക്കണമെന്നും സിവിൽ ഡിഫൻസ് അതോറിറ്റി അഭ്യർഥിച്ചു. തലസ്ഥാന നഗരിയിൽ ഉൾപ്പെടെ രാജ്യത്ത് വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ പെയ്യുമെന്ന് ജിദ്ദ കിംഗ് അബ്ദുൽ അസീസ് യൂനിവേഴ്‌സിറ്റിയിലെ കാലാവസ്ഥാ വ്യതിയാന ഗവേഷക സെന്റർ മേധാവി പ്രൊഫ. മൻസൂർ അൽമസ്‌റൂയി പറഞ്ഞു. സൗദിയുടെ ഉത്തര, മധ്യ, തെക്ക് പറിഞ്ഞാറൻ, കിഴക്കൻ മേഖലകളിലെ വിവിധയിടങ്ങളിലായി ഈ മാസം ശക്തമായ മഴയാണ് ലഭിച്ചത്. ഇത് പലയിടങ്ങളിലും പ്രളയം സൃഷ്ടിച്ചു. സൗദിയുടെ ചരിത്രത്തിൽ ഒരു പക്ഷേ, ഏറ്റവും കൂടുതൽ മഴ ലഭിച്ച നവംബർ മാസം ഈ വർഷമാണെന്നാണ് നിഗമനമെന്ന് പ്രൊഫ. മൻസൂർ അൽമസ്‌റൂയി പറഞ്ഞു. ഇന്ന് രാജ്യത്തിന്റെ മധ്യ, വടക്ക് കിഴക്കൻ, കിഴക്കൻ മേഖലകളിലും തെക്ക് പടിഞ്ഞാറ് ഏതാനും പ്രദേശങ്ങളിലും മഴ കനത്തുപെയ്യാനിടയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുവൈത്ത്, ബഹ്‌റൈൻ, യു.എ.ഇ എന്നിവിടങ്ങളിലും നാളെ മഴ ശക്തമാകും.

കിഴക്കൻ പ്രവിക്യയിലും തെക്ക് പടിഞ്ഞാറ് ഭാഗത്ത് ഏതാനും സ്ഥലങ്ങളിലും തിങ്കൾ, ചൊവ്വ ദിവസങ്ങളിലും ഭേദപ്പെട്ട മഴ ലഭിക്കും.
കാലാവസ്ഥ പ്രതികൂലമായി തുടരുമെന്നതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് അതോറിറ്റി എസ്.എം.എസിലൂടെ പൊതുജനങ്ങൾക്ക് നിർദേശം നൽകി.






