ന്യൂദൽഹി- മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ജാഫർ ഷരീഫ്(85) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ബംഗളൂരുവിലെ സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം. വെള്ളിയാഴ്ച്ച വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 1991 മുതൽ 95 വരെ പി.വി നരസിംഹറാവു മന്ത്രിസഭയിൽ റെയിൽവേമന്ത്രിയായിരുന്നു.
കർണാടകയിലെ ചിത്രദുർഗ ജില്ലയിലെ ചല്ലക്കരയിൽ 1933-ലാണ് ജാഫർ ഷരീഫ് ജനിച്ചത്. നിജലിംഗപ്പയുടെ അനുയായിയായി കോൺഗ്രസിൽ തിളങ്ങിയ ജാഫർ ഷരീഫ് പിന്നീട് കോൺഗ്രസ് പിളർന്ന ഘട്ടത്തിൽ ഇന്ദിരാഗാന്ധിക്കൊപ്പം നിലയുറപ്പിച്ചു. ഏഴുതവണയാണ് ജാഫർ ഷരീഫ് എം.പിയായത്. രാജ്യത്തെ റെയിൽഗതാഗത മേഖലയിൽ നിരവധി പരിഷ്‌കാരങ്ങൾക്ക് ജാഫർ ഷരീഫ് നേതൃത്വം നൽകി.






