Sorry, you need to enable JavaScript to visit this website.

സൗദിയിൽ വിദേശ എൻജിനീയർമാർക്കും പിടിവീഴുമോ

റിയാദ് - സൗദിയിൽ തൊഴിൽരഹിതരായ എൻജിനീയർമാരുടെ എണ്ണത്തിൽ വൻ വർധനവ് എന്ന  സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സി(എസ്.സി.ഇ)ന്റെ വെളിപ്പെടുത്തൽ വിദേശ എൻജിനീയർമാർക്ക് ആശങ്കയുണ്ടാക്കുന്നു. എസ്.സി.ഇയിൽ രജിസ്റ്റർ ചെയ്ത മൂവായിരത്തോളം സൗദി എൻജിനീയർമാർ തൊഴിൽ രഹിതരായി കഴിയുന്നതായി കൗൺസിൽ വൈസ് പ്രസിഡന്റ് എൻജിനീയർ ഹുസൈൻ അൽശമ്മരി ഇന്നലെയാണ് പറഞ്ഞത്. സൗദിയിൽ 2,500 എൻജിനീയറിംഗ് ഓഫീസുകൾ കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും എൻജിനീയറിംഗ് ഓഫീസുകളും ഫാക്ടറികളും കമ്പനികളും ചുരുങ്ങിയത് ഒരു സൗദി എൻജിനീയർക്ക് വീതമെങ്കിലും തൊഴിൽ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വകാര്യ മേഖലയിൽ സൗദി എൻജിനീയർമാർക്ക് മിനിമം വേതനം നിശ്ചയിക്കുന്നതിന് കൗൺസിലിന് അധികാരമില്ല. എൻജിനീയറിംഗ് മേഖലയിൽ നിശ്ചിത ശതമാനം സൗദിവൽക്കരണം നിർബന്ധമാക്കുന്നതിനും കൗൺസിലിന് അധികാരമില്ല. 
അഞ്ചു വർഷത്തെ പരിചയസമ്പത്ത് ഉണ്ടായിരിക്കണം എന്നത് അടക്കം വിദേശ എൻജിനീയർമാരെ നിയമിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ചില കമ്പനികൾ തട്ടിപ്പുകൾ നടത്തുന്നതായി കൗൺസിലിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത്തരം വ്യവസ്ഥകൾ മറികടക്കുന്നതിന് വിദേശ എൻജിനീയർമാരെ മറ്റു പ്രൊഫഷനുകളിലുള്ള വിസകളിൽ കമ്പനികൾ റിക്രൂട്ട് ചെയ്യുകയാണ്. ഇങ്ങിനെ റിക്രൂട്ട് ചെയ്തുകൊണ്ടുവരുന്നവരെ എൻജിനീയറിംഗ് ജോലികളിൽ പിന്നീട് നിയമിക്കുന്നു. വ്യാജ സർട്ടിഫിക്കറ്റുകളുമായി സൗദിയിൽ ജോലി നേടിയ വിദേശ എൻജിനീയർമാരെ പുറത്താക്കുന്നതിന് കൗൺസിൽ ശ്രമിച്ചുവരികയാണ്. വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിക്കാത്ത സർട്ടിഫിക്കറ്റുകളുള്ള വിദേശ എൻജിനീയർമാരെയും 60 പിന്നിട്ട വിദേശ എൻജിനീയർമാരെയും പുറത്താക്കുന്നതിനും ശ്രമിക്കുന്നുണ്ടെന്ന് എൻജിനീയർ ഹുസൈൻ അൽശമ്മരി പറഞ്ഞു. 
കഴിഞ്ഞ ജനുവരി ഒന്നു മുതൽ അഞ്ചു വർഷത്തിൽ കുറവ് തൊഴിൽ പരിചയമുള്ള വിദേശ എൻജിനീയർമാരുടെ റിക്രൂട്ട്‌മെന്റ് സൗദി അറേബ്യ പൂർണമായും നിർത്തിവെച്ചിട്ടുണ്ട്. അഞ്ചു വർഷത്തിൽ കുറവ് പരിചയസമ്പത്തുള്ള എൻജിനീയർമാരെ റിക്രൂട്ട് ചെയ്യുന്നതിന് ഇപ്പോൾ അനുവദിക്കുന്നില്ല. നേരത്തെ സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന വിദേശ എൻജിനീയർമാർക്ക് മൂന്നു വർഷത്തെ തൊഴിൽ പരിചയമാണ് നിർബന്ധമാക്കിയിരുന്നത്. കൂടുതൽ സൗദി എൻജിനീയർമാർക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിന് ശ്രമിച്ചാണ് സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന വിദേശ എൻജിനീയർമാർക്ക് അഞ്ചു വർഷ പരിചയസമ്പത്ത് നിർബന്ധമാക്കിയത്. 
സൗദിയിൽ തൊഴിൽ തേടുന്ന വിദേശ എൻജിനീയർമാർക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ സേവനം കഴിഞ്ഞയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഇജ്തിയാസ്' എന്നാണ് പുതിയ സേവനത്തിന് പേരിട്ടിരിക്കുന്നത്. സൗദിയിൽ തൊഴിൽ തേടുന്ന വിദേശ എൻജിനീയർമാർ തൊഴിൽ കരാറുകൾ ഒപ്പുവെക്കുന്നതിനും വിസ അനുവദിക്കുന്നതിനും സൗദിയിലേക്ക് വരുന്നതിനും മുമ്പായി ഓൺലൈൻ സേവനം വഴി സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സിൽ രജിസ്റ്റർ ചെയ്യൽ നിർബന്ധമാണ്. മതിയായ യോഗ്യതയും കഴിവും പരിചയസമ്പത്തുമില്ലാത്തവർക്ക് വിസകൾ അനുവദിക്കാതിരിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ നടപ്പാക്കുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ജവാസാത്ത്, വിദേശ മന്ത്രാലയം, വിദേശങ്ങളിലെ സൗദി എംബസികൾ, കോസുലേറ്റുകൾ എന്നിവയുമായി സഹകരിച്ചാണ് സൗദി കൗസിൽ ഓഫ് എൻജിനീയേഴ്‌സ് പുതിയ സേവനം ഏർപ്പെടുത്തിയിരിക്കുന്നത്.

സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന വിദേശ എൻജിനീയർമാർക്ക് അഞ്ചു വർഷത്തെ പരിചയസമ്പത്ത് നിർബന്ധമാക്കിയ തീരുമാനം നടപ്പാക്കുകയും സർട്ടിഫിക്കറ്റുകൾ അടക്കമുള്ള രേഖകളുടെ നിജസ്ഥിതി ഉറപ്പുവരുത്തുകയുമാണ് പുതിയ സേവനം ചെയ്യുന്നത്. 

Latest News