കന്നഡ നടനും മുന്‍ കേന്ദ്രമന്ത്രിയുമായ അംബരീഷ് അന്തരിച്ചു

ബെംഗളുരു- കന്നഡ നടനും മുന്‍ കേന്ദ്ര, സംസ്ഥാന മന്ത്രിയുമായിരുന്ന കോണ്‍ഗ്രസ് നേതാവ് അംബരീഷ് അന്തരിച്ചു. 66 വയസ്സായിരുന്നു. ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ശനിയാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം. വിമത താരം എന്നറിയപ്പെട്ട അംബരീഷ് മന്‍മോഹന്‍സിങിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരില്‍ കേന്ദ്ര മന്ത്രിയായിരുന്നു. കര്‍ണാടകയില്‍ മുന്‍ സിദ്ധാരാമയ്യ സര്‍ക്കാരിലും മന്ത്രിയായിരുന്നു. 1998ല്‍ ജെ.ഡി.എസ് എം.പിയായിട്ടാണ് തുടക്കം. പിന്നീട് കോണ്‍ഗ്രസിലേക്ക് ചേക്കേറി. കോണ്‍ഗ്രസ് ടിക്കറ്റില്‍ രണ്ടു തവണ വീണ്ടും എം.പിയായി.

സജീവ രാഷ്ട്രീയത്തിലെത്തുന്നതിനു മുമ്പ് സിനിമയില്‍ നിറഞ്ഞു നിന്ന അംബരീഷ് നാലു പതിറ്റാണ്ടിനിടെ ഇരുനൂറിലേറെ സിനിമകളില്‍ അഭിനിയിച്ചു. മണ്ഡ്യയിലെ മദ്ദൂരില്‍ 1952ലാണ് ജനനം. കന്നഡ സിനിമയില്‍ വില്ലനായി തിളങ്ങിയ അംബരീഷ് പിന്നീട് നായകനായി മാറുകയായിരുന്നു. 80കളില്‍ ജനപ്രിയ നായകനായി തിളങ്ങി. ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത ഗാനം എന്ന മലയാള ചിത്രത്തിലും അംബരീഷ് നായക വേഷത്തിലെത്തി. മലയാള സിനിമയില്‍ സജീവമായിരുന്ന നടി സുമലതയാണ് ഭാര്യ. 

അംബരീഷിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി എച്.ഡി കുമാരസ്വാമി, മുന്‍ മുഖ്യമന്ത്രിയും സഹപ്രവര്‍ത്തകനുമായ സിദ്ധാരാമയ്യ തുടങ്ങി രാഷ്ട്രീ, സിനിമാ രംഗങ്ങളിലുള്ള പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിച്ചു. സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
 

Latest News