ന്യൂദൽഹി- അയോധ്യയിൽ രാമക്ഷേത്രം നിർമിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വസംഘടനകൾ പ്രതിഷേധം ശക്തമാക്കുന്നതിനിടെ കേന്ദ്രത്തെ വെല്ലുവിളിച്ച് ശിവസേന. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്ന തീയതി പ്രഖ്യാപിക്കണമെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു. രാമക്ഷേത്രം നിർമ്മിക്കുന്ന തീയതി ആദ്യം വ്യക്തമാക്കണമെന്നും മറ്റു ചർച്ചകൾ പിന്നീടാകാമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. ഉദ്ധവ് താക്കറെ തന്റെ ഭാര്യ രശ്മിക്കും മകൻ ആദിത്യക്കുമൊപ്പമാണ് സരയൂ നദീതീരത്ത് നടക്കുന്ന ചടങ്ങിനെത്തിയത്. വിശ്വഹിന്ദു പരിഷത്തിന്റെ കൂടി നേതൃത്വത്തിലാണ് ഇന്ന് വൈകിട്ട് പ്രതിഷേധ സംഗമം നടക്കുന്നത്. രണ്ടുലക്ഷത്തോളം പേർ സംഗമത്തിൽ പങ്കെടുക്കുമെന്നാണ് ബി.ജെ.പി വ്യക്തമാക്കുന്നത്.
അതേസമയം, ഈ മേഖലയിൽ ശക്തമായ സുരക്ഷ പോലീസ് ഏർപ്പെടുത്തിയിട്ടുണ്ട്. അർധസൈനിക വിഭാഗവും രംഗത്തുണ്ട്. അതിനിടെ, സംഘർഷമുണ്ടാകുമെന്ന് ഭയപ്പെട്ട് മുസ്‌ലിം കുടുംബങ്ങൾ ഇവിടെനിന്ന് താമസം മാറ്റി. വർഗീയ കലാപമുണ്ടാകുമെന്ന ഭയത്തിലാണ് മുസ്‌ലിംകൾ ഇവിടെനിന്ന് മാറിയത്. 1992-ൽ ബാബരി മസ്ജിദ് സംഘ്പരിവാർ സംഘടനകൾ തകർത്തതിനെ തുടർന്നുണ്ടായ കലാപത്തിൽ നിരവധി പേർ മരിച്ചിരുന്നു. ഈ ഭീതി നിലനിൽക്കുന്നതിനെ തുടർന്നാണ് മുസ്‌ലിംകൾ ഇവിടെനിന്ന് താമസം മാറ്റിയത്. അയോധ്യയിലെ ജനങ്ങൾ ഏറെ ഭയത്തിലാണെന്ന് അഖിലേന്ത്യ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡിലെ മുതിർന്ന അംഗം സഫർയാബ് ജീലാനി പറഞ്ഞു. എത്ര മുസ്‌ലിംകൾ ഇവിടെനിന്ന് താമസം മാറ്റിയെന്ന് പറയാനാകില്ലെന്നും അതേസമയം, നിരവധി പേർ സ്ഥലംവിട്ടോടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ നിയമം കൊണ്ടുവരാൻ തയാറായില്ലെങ്കിൽ ജനങ്ങൾ മുന്നിട്ടിറങ്ങുമെന്ന മുന്നറിയിപ്പുമായി യോഗ പ്രചാരകനും ബി.ജെ.പി പക്ഷപാതിയുമായ ബാബ രാംദേവ്. അയോധ്യയിൽ ക്ഷേത്രം നിർമിക്കുന്ന വിഷയത്തിൽ ജനങ്ങളുടെ ക്ഷമ നശിച്ചിരിക്കുകയാണ്. ക്ഷേത്ര നിർമാണത്തിനായി ജനങ്ങൾ മുന്നിട്ടിറങ്ങിയാൽ രാജ്യത്തെ മതസൗഹാർദത്തിന്റെ അന്തരീക്ഷം തകരുമെന്നും രാംദേവ് മുന്നറിയിപ്പ് നൽകി.
രാജ്യത്ത് രാമന് ആരും എതിരില്ലെന്നാണ് തന്റെ വിശ്വാസം. എല്ലാ ഹിന്ദുക്കളും മുസ്‌ലിംകളും ക്രൈസ്തവരും രാമന്റെ അനുയായികളാണെന്നും രാംദേവ് പറയുന്നു. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ ഓർഡിനൻസ് കൊണ്ടുവരണമെന്നും ക്ഷേത്രം ഉടൻ നിർമിച്ചില്ലെങ്കിൽ 1992 മോഡൽ പ്രക്ഷോഭം നടത്തുമെന്നും സംഘ്പരിവാറും മുന്നറിയിപ്പു നൽകിയിരുന്നു.






