ആംനസ്റ്റി, ഹ്യൂമൻ റൈറ്റ്‌സ്‌വാച്ച് റിപ്പോർട്ടുകൾ അടിസ്ഥാനരഹിതം - സൗദി

റിയാദ് - സൗദി അറേബ്യയിൽ തടവുകാർ പീഡനങ്ങൾക്ക് ഇരയാകുന്നുണ്ടെന്ന് വാദിച്ച് ആംനസ്റ്റി ഇന്റർനാഷണലും ഹ്യൂമൻ റൈറ്റ്‌സ്‌വാച്ചും പുറത്തുവിട്ട റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് സൗദി മീഡിയ മന്ത്രാലയം വ്യക്തമാക്കി. അജ്ഞാത ഉറവിടങ്ങൾ നൽകിയ മൊഴികൾ അവലംബിച്ചാണ് ആംനസ്റ്റി ഇന്റർനാഷണലും ഹ്യൂമൻ റൈറ്റ്‌സ് വാച്ചും സൗദിയിൽ തടവുകാർ പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവിട്ടത്. ഇത്തരം വിവരങ്ങൾ കെട്ടിച്ചമച്ചതാണെന്ന് മീഡിയ മന്ത്രാലയം പറഞ്ഞു. 
ഭീകരപ്രവർത്തനങ്ങളും ദേശവിരുദ്ധ പ്രവർത്തനങ്ങളുമായും ബന്ധപ്പെട്ട് സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്ത വനിതകളുടെ അവകാശങ്ങൾ ലംഘിക്കപ്പെടുന്നതായും അവർ പീഡനങ്ങൾക്ക് വിധേയരാകുന്നതായും വാദിക്കുന്ന റിപ്പോർട്ടുകൾ ആംനസ്റ്റി ഇന്റർനാഷണലും ഹ്യൂമൻ റൈറ്റ്‌സ് വാച്ചും അടുത്തിടെ പുറത്തിറക്കിയിരുന്നു. ഈ റിപ്പോർട്ടുകൾ സൗദി ദേശീയ മനുഷ്യാവകാശ സംഘടന പ്രസിഡന്റ് ഡോ. മുഫ്‌ലിഹ് അൽഖഹ്താനിയും നിഷേധിച്ചു. തടവുകാർ പീഡനങ്ങൾക്ക് ഇരയായ ഒരു കേസും ദേശീയ മനുഷ്യാവകാശ സംഘടനയുടെ ശ്രദ്ധയിൽപെട്ടിട്ടില്ല. ഇത്തരത്തിലുള്ള പരാതിയുമായി ആരും സംഘടനയെ സമീപിച്ചിട്ടുമില്ല. തടവുകാർ അവകാശ നിഷേധങ്ങൾക്കും പീഡനങ്ങൾക്കും വിധേയരാകുന്നതുമായി ബന്ധപ്പെട്ട വല്ല വിവരങ്ങളും ലഭ്യമാണെങ്കിൽ അവ ആംനസ്റ്റി ഇന്റർനാഷണൽ സൗദി ദേശീയ മനുഷ്യാവകാശ സംഘടനക്ക് കൈമാറണം. എങ്കിൽ അത്തരം കേസുകളിൽ സംഘടന അന്വേഷണം നടത്തും. വ്യക്തമായ തെളിവില്ലാതെ ആരോപണങ്ങൾ ഉന്നയിക്കുന്നത് ധാർമികതക്ക് നിരക്കുന്നതല്ല. പരാതികൾ ലഭിക്കുന്ന കേസുകളും സംഘടനയുടെ ശ്രദ്ധയിൽപെടുന്ന കേസുകളും നിരീക്ഷിക്കുന്നതിന് ദേശീയ മനുഷ്യാവകാശ സംഘടനാ അംഗങ്ങളെ രാജ്യത്തെ നിയമങ്ങൾ അനുവദിക്കുന്നുണ്ട്. ഇത്തരം കേസുകൾ നിരീക്ഷിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുമായി സംഘടന ഏകോപനം നടത്തുന്നുണ്ടെന്നും ഡോ. മുഫ്‌ലിഹ് അൽഖഹ്താനി പറഞ്ഞു.
 

Latest News