താനെ- ബലാത്സംഗ കേസ് പിന്‍വലിക്കാനെത്തിയ യുവതിയെ എസ്.ഐ പീഡിപ്പിച്ചതായി കേസ്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. സുഹൃത്തിനെതിരെ നേരത്തെ നല്‍കിയ പരാതി പിന്‍വലിക്കാനെത്തിയ 23 കാരിയെയാണ് സബ് ഇന്‍സ്‌പെക്ടര്‍ ബലാത്സംഗം ചെയ്തതെന്ന് ഭീവണ്ടി താലൂക്കിലെ കൊണ്‍ഗാവ് പോലീസ് പറഞ്ഞു. എസ്.ഐ രോഹന്‍ ഗൊഞ്ചാരിക്കെതിരെ ബലാത്സംഗം അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തതായി പോലീസ് പറഞ്ഞു. പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
സുഹൃത്ത് ബലാത്സംഗം ചെയ്തുവെന്ന് കാണിച്ച് നേരത്തെ യുവതി മുംബൈയിലെ മന്‍ഖൂഡ് പോലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയിരുന്നത്. ഇത് അന്വേഷണത്തിനായി ഭീവണ്ടിയിലെ ശാന്തിനഗര്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. പ്രശ്‌നങ്ങള്‍ അവസാനിച്ചുവെന്നും തങ്ങള്‍ നല്ല സുഹൃത്തുക്കളുമാണെന്ന്് കാണിച്ച് പരാതി പിന്‍വലിക്കാനാണ് യുവതി പോലീസ് സ്‌റ്റേഷനില്‍ എത്തിയത്. ലോക്കപ്പില്‍ അടച്ചിരുന്ന സുഹൃത്തിനെ വിട്ടയക്കാമെന്നും രജനോളി ബൈപ്പാസില്‍ തന്നെ വന്ന് കാണണമെന്നും ശാന്തിനഗര്‍ പോലീസ് സ്‌റ്റേഷനില്‍ എസ്.ഐ ആയിരുന്ന രോഹന്‍ ഗൊഞ്ചാരി യുവതിയോട് ആവശ്യപ്പെടുകയായിരുന്നു. അവിടെ വെച്ച് കല്യാണിലെ ഗസ്റ്റ് ഹൗസിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു. ഈ മാസം 21 നാണ് യുവതി കൊണ്‍ഗാവ് പോലീസിനെ സമീപിച്ചത്. എഫ്.ഐ.ആര്‍ ഫയല്‍ ചെയ്ത പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.