അയോധ്യ- ബാബ്‌രി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കാനുള്ള സമ്മര്‍ദവുമായി ഹിന്ദുത്വ ശക്തികള്‍ തമ്പടിക്കുന്ന അയോധ്യയില്‍ സൈന്യത്ത വിന്യസിക്കണമെന്ന സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ നിര്‍ദേശത്തിന് അപ്രതീക്ഷിത കോണില്‍നിന്ന് പിന്തുണ. ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയാണ് അഖിലേഷിന്റെ നിര്‍ദേശത്തെ സ്വാഗതം ചെയ്തത്.
അയോധ്യ പോലെ വൈകാരികമായ പ്രദേശത്ത് വന്‍തോതില്‍ വലതുപക്ഷ ശക്തികള്‍ തമ്പടിക്കുന്നത് സര്‍ക്കാരിന്റെ പരാജയമാണെന്ന് യു.പി മന്ത്രി ഒ.പി രാജഭര്‍ പറഞ്ഞു.
സൈന്യത്തെ നിയോഗിക്കണമെന്ന അഖിലേഷിന്റെ നിര്‍ദേശം സ്വാഗതം ചെയ്യുന്നുവെന്ന് സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്.ബി.എസ്.പി) നേതാവായ രാജ്ഭര്‍ പറഞ്ഞു.
യു.പി സര്‍ക്കാരില്‍ സഖ്യകക്ഷിയാണെങ്കിലും എസ്.ബി.എസ്.പി പലപ്പോഴും യോഗി സര്‍ക്കാരിനെ വിമര്‍ശിക്കാറുണ്ട്. തെരഞ്ഞെടുപ്പ് അടുക്കാറാകുമ്പോള്‍ പയറ്റാറുള്ള വെറും നാടകം മാത്രമാണ് അയോധ്യ പ്രക്ഷോഭമെന്ന് ഈ മാസാദ്യം മന്ത്രി രാജ്ഭര്‍ കുറ്റപ്പെടുത്തിയിരുന്നു. പട്ടണങ്ങളുടെ പേരു മാറ്റുന്നതിനു മുമ്പ് ബി.ജെ.പിയിലെ മുസ്്‌ലിം നേതാക്കളുടെ പേരുകള്‍ മാറ്റണമെന്നും ഈയിടെ അദ്ദേഹം യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ടിരുന്നു. രാജ്ഭര്‍ ശത്രുവാണെന്നും അദ്ദേഹം പറയുന്ന കാര്യങ്ങള്‍ ഗൗരവത്തോടെ കാണേണ്ട കാര്യമില്ലെന്നുമാണ് ബി.ജെ.പി ഉത്തര്‍പ്രദേശ് പ്രസിഡന്റ് മഹേന്ദ്രനാഥ് പാണ്ഡേ ഈയിടെ പറഞ്ഞത്.
ബി.ജെ.പി ഏതറ്റംവരേയും പോകുമെന്ന് ചൂണ്ടിക്കാട്ടിയാണ് അയോധ്യയിലേക്ക് പട്ടാളത്തെ വിളിക്കണമെന്ന നിര്‍ദേശം സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം മുന്നോട്ടുവെച്ചത്. രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ബി.ജെ.പി ഏതു നിലപാടും സ്വീകരിക്കുമന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. സുപ്രീംകോടതിയിലോ ഭരണഘടനയിലോ ബി.ജെ.പി വിശ്വസിക്കുന്നില്ല. ഉത്തര്‍പ്രദേശില്‍ നിലവിലുള്ള സാഹചര്യങ്ങള്‍ സുപ്രീം കോടതി വിലയിരുത്തി സൈന്യത്തെ നിയോഗിക്കുന്ന കാര്യം പരിഗണിക്കണം- അഖിലേഷ് യാദവ് പറഞ്ഞു.
അയോധ്യയില്‍ ഉടന്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്ന് ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവത് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് അയോധ്യയില്‍ ഹിന്ദുത്വ ശക്തികള്‍ തമ്പടിക്കുന്നത്.