Sorry, you need to enable JavaScript to visit this website.

നിപ മരണങ്ങളുടെ പുതിയ കണക്ക് പുറത്ത്; വൈറസ് ബാധയേറ്റു മരിച്ചത് 21 പേര്‍

കോഴിക്കോട്- കേരളത്തില്‍ ഭീതി പടര്‍ത്തിയ നിപാ വൈറസ് ബാധയേറ്റ് കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ മരിച്ചവരുടെ 21 ആണെന്ന് രാജ്യാന്തര മെഡിക്കല്‍ ജേണലുകളില്‍ പുതിയ റിപോര്‍ട്ട്. 23 പേര്‍ക്ക് രോഗബാധയേറ്റിരുന്നതായും രണ്ടു പേര്‍ സുഖം പ്രാപിച്ചതായും റിപോര്‍ട്ടില്‍ പറയുന്നു. 19 പേര്‍ക്ക് രോഗ ബാധയേല്‍ക്കുകയും രണ്ടു പേര്‍ സുഖം പ്രാപിക്കുകയും ചെയ്‌തെന്നായിരുന്നു സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക കണക്കുകള്‍. എന്നാല്‍ കേരളത്തിലേയും പുറത്തേയും ഗവേഷണ സ്ഥാപനങ്ങളിലും മെഡിക്കല്‍ കോളെഡുകളിലേയും വിദഗ്ധര്‍ ഗവേഷണം നടത്തിയ തയാറക്കിയ പ്രബന്ധങ്ങളിലാണ് പുതിയ കണക്കുകള്‍. വൈദ്യശാസ്ത്ര രംഗത്ത് ആഗോള തലത്തില്‍ ഏറെ പ്രശസ്തമായ 
ജേര്‍ണലുകളായ ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍, ദി ജേര്‍ണല്‍ ഓഫ് ഇന്‍ഫക്ഷ്യസ് ഡിസീസസ്  എന്നിവയിലാണ് രണ്ടു പഠന പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.  ഒക്ടോബര്‍ 26നും നവംബര്‍ ഒമ്പതിനുമാണ് ഇവ പ്രസിദ്ധീകരിക്കപ്പെട്ടത്.

പേരാമ്പ്ര താലൂക്ക് ആശുപത്രി, കോഴിക്കോട് മെഡിക്കല്‍ കോളെജ് എന്നിവടങ്ങളിലാണ് നിപ പടര്‍ന്നത്. വൈറസ് ബാധയേറ്റ് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയെ നഴ്‌സ് ലിനിയല്ല രോഗം ബാധിച്ച് മരിച്ച ആദ്യ ആരോഗ്യ പ്രവര്‍ത്തകയെന്നും റിപോര്‍ട്ടിലുണ്ട്. മേയ് 20നാണ് ലിനി മരിച്ചത്. എന്നാല്‍ 19ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെ റേഡിയോളജി അസിസ്റ്റന്റ് മരിച്ചത് നിപ ബാധിച്ചാണെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആറാമത്തെ രോഗിയിലെത്തിയപ്പോള്‍ മാത്രമാണ് രോഗ നിപ വൈറസ് ബാധയാണെന്ന് തിരിച്ചറിയുന്നതെന്നും റിപോര്‍ട്ടില്‍ പറയുന്നു. പേരാമ്പ്രയില്‍ മേയ് അഞ്ചിന് മരിച്ച സാബിത് ആണ് കേരളത്തിലെ ആദ്യ നിപ രോഗി. ഇദ്ദേഹവുമായി ബന്ധപ്പെട്ട ഒമ്പതു പേര്‍ക്കാണ് രോഗ ബാധയേറ്റത്. സാബിതിന്റെ സഹോദരന്‍ സാലിഹാണ് രണ്ടാമത്തെ രോഗിയെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. എന്നാല്‍ സാലിഹ് ആറാമത്തെ രോഗിയാണെന്ന് പുതിയ പഠനം പറയുന്നു. 

സംസ്ഥാന ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും ആരോഗ്യവകുപ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനുമായ രാജീവ് സദാനന്ദന്‍, വൈറോളജി ശാസ്ത്രജ്ഞനായ അരുണ്‍കുമാര്‍, അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷനിലെ കൈല ലാസേഴ്സണ്‍, സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലെ തന്നെ കാതറിന്‍, കേന്ദ്ര ആരോഗ്യവകുപ്പ്, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, പൂനേ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ചെന്നൈ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജി, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ, കോഴിക്കോട് മെഡിക്കല്‍ കോളജ് തുടങ്ങീ പതിനഞ്ചോളം പ്രമുഖ സ്ഥാപനങ്ങളിലെ വിദഗ്ധര്‍ ചേര്‍ന്ന് തയ്യാറാക്കിയതാണ് ഈ ഗവേഷണ പ്രബന്ധങ്ങള്‍.
 

Latest News