ഇന്ത്യയില്‍ 'അവധി ദാരിദ്ര്യം' രൂക്ഷം; ജോലി വിട്ട് ഒരു കളിക്കുമില്ല

വര്‍ഷത്തിലൊരിക്കലെങ്കിലും ജോലിയില്‍ നിന്ന് അവധിയെടുത്ത് യാത്രയും വിനോദവുമായി അല്‍പ്പമെങ്കിലും സമയം ചെലവിടുന്നതില്‍ ഇന്ത്യക്കാര്‍ വളരെ പിറകിലാണെന്ന് സര്‍വെ. തുടര്‍ച്ചയായി ജോലി ചെയ്തു മടുക്കുമ്പോള്‍ അവധിയെടുത്ത് വിശ്രമിക്കാന്‍ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ ഇന്ത്യയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവധിയെടുക്കാന്‍ പോലും സമയമില്ലത്രെ. ആഗോള ട്രാവല്‍ ഏജന്‍സിയായ എക്‌സപീഡിയയാണ് സര്‍വെ നടത്തി അവധി ദാരിദ്ര്യമുള്ള രാജ്യങ്ങളെ കണ്ടെത്തിയത്. 2018ല്‍ ഇന്ത്യയാണ് ഒന്നാമതെത്തിയത്. അത്ത്രതോളം അവധി ദാരിദ്ര്യമാണ് ഇന്ത്യയിലെന്ന് റിപോര്‍ട്ട് പറയുന്നു. കഴിഞ്ഞ വര്‍ഷം അഞ്ചാം സ്ഥാനത്തായിരുന്നു ഇന്ത്യ.

2018ല്‍ ഇന്ത്യക്കാര്‍ ജോലിത്തിരക്കുകള്‍ കാരണം 68 ശതമാനം ഇന്ത്യക്കാരാണ് അവധിക്കാലം നീട്ടിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്തത്. 53 ശതമാനം ഇന്ത്യക്കാരും തങ്ങള്‍ക്ക് ഔദ്യോഗികമായ ലഭിക്കുന്ന അവധി പോലും പൂര്‍ണമായി എടുക്കാറില്ല. ഇവരില്‍ 35 ശതമാനം പേര്‍ക്ക് തിരക്കോട് തിരക്ക് കാരണം അവധി എടുക്കാനെ സാധിക്കുന്നില്ലത്രെ. കമ്പനികളുടെ ജോലിക്കാരുടെ എണ്ണക്കുറവാണ് ഒരു കാരണം.

19 രാജ്യങ്ങളാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്. ഇക്കൂട്ടത്തില്‍ എന്തെങ്കിലും കാരണങ്ങള്‍ പറഞ്ഞ് അവധി ഒഴിവാക്കുന്നവരില്‍ ഇന്ത്യയാണ് ഏറ്റവും മുന്നിലുള്ളത്. 25 ശതമാനം ഇന്ത്യക്കാരും കരുതുന്നത് അവധിയെടുത്തു പോയാല്‍ പ്രധാന ജോലികളെല്ലാം മിസ് ആകുമെന്നാണ്. 18 ശതമാനം ഇന്ത്യക്കാര്‍ കരുതുന്നത് കരുത്തരും വിജയികളുമായ ആളുകള്‍ അവധി എടുക്കാറെ ഇല്ലെന്നാണ്.
 

Latest News