റഫാല്‍ ഇടപാടിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാന്‍സിലും പരാതി

പാരിസ്- ഇന്ത്യയും ഫ്രാന്‍സും 2016 സെപ്തംബറില്‍ ഒപ്പുവച്ച 59,000 കോടി രൂപയുടെ റഫാല്‍ പോര്‍ വിമാന ഇടപാടിനു പിന്നില്‍ നടന്ന അഴിമതികള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഫ്രഞ്ച് നാഷണല്‍ ഫിനാന്‍ഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് പരാതി ലഭിച്ചു. 36 റഫാല്‍ വിമാനങ്ങള്‍ നര്‍മ്മിച്ച് ഇന്ത്യയ്ക്കു കൈമാറുന്ന കരാറിലേക്കു നയിച്ച സാഹചര്യങ്ങളും അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിനെ കരാറില്‍ പങ്കാളിയാക്കിയ ദാസോ ഏവിയേഷന്റെ തീരുമാനവും സംബന്ധിച്ച് അന്വേഷിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. 

പോര്‍ വിമാനം നിര്‍മ്മിച്ച് പരിചയമില്ലാത്ത റിലയന്‍സ് കമ്പനി ഈ കരാര്‍ ഒപ്പിടുന്നതിനു വെറും 12 ദിവസം മാത്രം രജിസ്റ്റര്‍ ചെയ്ത കമ്പനിയാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. അഴിമതി വിരുദ്ധ സന്നദ്ധ സംഘടനയായ ഷെര്‍പയാണ് പരാതി നല്‍കിയിരിക്കുന്നത്. സംശയകരമായ അഴിമിത ഇടപാടുകളും അനര്‍ഹമായ നേട്ടങ്ങളും ഉന്നത സ്വാധീനവും ഇടപെടലും റഫാല്‍ ഇടപാടില്‍ ഫ്രഞ്ച് സര്‍ക്കാരും റഫാല്‍ പോര്‍ വിമാന നിര്‍മ്മാതാക്കളായ ദാസോ ഏവിയേഷനും നടത്തിയതായി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. 

ഈ പരാതി നല്‍കിയത് ഒക്ടോബര്‍ അവസാനത്തിലാണെന്ന് ഫ്രഞ്ച് വാര്‍ത്താ പോര്‍ട്ടലായ മീഡിയാപാര്‍ട്ട് റിപോര്‍ട്ട് ചെയ്യുന്നു. അതേസമയം നാഷണല്‍ പ്രോസിക്യൂട്ടറുടെ ഓഫീസ് ഈ പരാതിയില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. 

Latest News