ന്യൂദൽഹി- അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമെന്ന പ്രഖ്യാപനവുമായി വിശ്വഹിന്ദു പരിഷത്ത് അടക്കമുള്ള സംഘപരിവാർ സംഘടനകൾ വൻതോതിൽ ആളെ കൂട്ടവേ പ്രദേശത്ത് സംഘർഷം. ശിവസേനാ മേധാവി ഉദ്ധവ് താക്കറെ ഇന്ന് എത്തുമെന്നറിയിച്ചതോടെ സ്ഥിതി കൂടുതൽ ഗുരുതരമാവുകയാണ്. പ്രദേശത്ത് വൻതോതിൽ പോലീസിനെയും സായുധ സുരക്ഷാ സേനയെയും നിയോഗിച്ചിട്ടുണ്ടെങ്കിലും ഏത് നിമിഷവും എന്തും സംഭവിക്കാവുന്ന അവസ്ഥ.
സ്ഥിതി നിയന്ത്രിക്കാൻ സുപ്രീം കോടതി ഇടപെടണമെന്നും സൈന്യത്തെ അയക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടണമെന്നും മുൻ മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. 'ബി.ജെ.പിക്ക് സുപ്രീം കോടതിയിലോ, ഭരണഘടനയിലോ വിശ്വാസമില്ല. അവർ ഏതറ്റം വരെയും പോകും. അതാണിപ്പോൾ യു.പിയിലെ അവസ്ഥ. പ്രത്യേകിച്ചും അയോധ്യയിൽ. ഈ സാഹചര്യം മനസ്സിലാക്കി, സൈന്യത്തെ അയക്കാൻ സുപ്രീം കോടതി ഇടപെടുകയാണ് വേണ്ടത്' -അഖിലേഷ് ആവശ്യപ്പെട്ടു.
ഉന്നത ഓഫീസർമാരുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘം നിലവിൽ അയോധ്യയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. 160 ഇൻസ്‌പെക്ടർമാരും, 700 കോൺസ്റ്റബിൾമാരും, സായുധ പോലീസ് വിഭാഗമായ പി.എ.സിയുടെ 42 കമ്പനികളും, ദ്രുതകർമ സേനയുടെ അഞ്ച് കമ്പനികളും, ഭീകര വിരുദ്ധ സ്‌ക്വാഡിന്റെ കമാണ്ടോകളും, ഡ്രോൺ ക്യാമറകളുമെല്ലാം സുരക്ഷക്കായി വിന്യസിച്ചിരിക്കുന്നു.
എന്നാൽ രാമക്ഷേത്ര നിർമാണത്തിനായി എന്തും ചെയ്യുമെന്ന പ്രഖ്യാപനത്തോടെയാണ് വി.എച്ച്.പിയും ആർ.എസ്.എസും ശിവസേനയും മറ്റും അയോധ്യയിലേക്ക് ആളെ കൂട്ടുന്നത്. പൊതു തെരഞ്ഞെടുപ്പിനു മുമ്പ് ക്ഷേത്രം നിർമിക്കണമെന്ന വാശിയിലാണ് ബി.ജെ.പി നേതാക്കൾ ഉൾപ്പെടെയുള്ളവർ. തെരഞ്ഞെടുപ്പിനു മുമ്പ് അയോധ്യ കേസ് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി അറിയിച്ചതോടെയാണ് സംഘപരിവാറിന്റെ പുതിയ നീക്കം.
ബി.ജെ.പിയുമായി തെറ്റി നിൽക്കുന്ന ശിവസേനക്കാവട്ടെ, ഇത് ബി.ജെ.പിയെ സമ്മർദത്തിലാക്കാനുള്ള മറ്റൊരു വഴിയാണ്. ശിവസേനാ നേതാവ് സഞ്ജയ് റാവത്തിന്റെ പ്രതികരണം അത്തരത്തിലുള്ളതായിരുന്നു.
അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമെന്ന് ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചെങ്കിലും പ്രവർത്തകർ തൃപ്തരല്ല. വേണ്ടിവന്നാൽ നവംബർ 25ന് 1992 ആവർത്തിക്കുമെന്നാണ് ചില ബി.ജെ.പി നേതാക്കൾ പറയുന്നത്.
ആവശ്യമെങ്കിൽ ഞങ്ങൾ നിയമം കയ്യിലെടുക്കും, അതേ സ്ഥലത്തു തന്നെ രാമക്ഷേത്രം നിർമിക്കും. അത് ഭരണഘടനാനുസൃതമായാലും, നിയമപരമായാലും, മറ്റേതെങ്കിലും മാർഗത്തിലൂടെയായാലും എന്നാണ് വിവാദ പ്രസ്താവനകളിലൂടെ കുപ്രസിദ്ധനായ ബി.ജെ.പി നേതാവും എം.എൽ.എയുമായ സുരേന്ദ്ര സിംഗ് പറഞ്ഞത്.
ആർ.എസ്.എസും നിലപാട് കടുപ്പിക്കുകയാണ്. കഴിഞ്ഞയാഴ്ച താൽക്കാലിക ക്ഷേത്രത്തിൽ താൻ നടത്തിയ ദർശനം, അവിടെ അവസാനത്തേതായിരിക്കുമെന്ന് ആർ.എസ്.എസ് നേതാവ് ഭയ്യാജി ജോഷി പറഞ്ഞു.
കൗതുകകരമെന്ന് പറയട്ടെ കോൺഗ്രസും ഇക്കാര്യത്തിൽ മൃദു നിലപാടാണ് സ്വീകരിക്കുന്നത്. രാമക്ഷേത്ര നിർമാണത്തിന് തന്റെ പാർട്ടി ഒരിക്കലും എതിരായിരുന്നില്ലെന്നും, ഇനിയും അങ്ങനെയായിരിക്കുമെന്നുമാണ് യു.പി. കോൺഗ്രസ് അധ്യക്ഷൻ രാജ് ബബ്ബർ പറഞ്ഞത്. രാമക്ഷേത്രം നിർമിക്കണമെന്നത് എല്ലാവരുടെയും താൽപര്യമാണ്. മുസ്‌ലിംകൾ പോലും അതാഗ്രഹിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു. പക്ഷേ കേസ് സുപ്രീം കോടതി മുമ്പാകെ ആയതിനാൽ, കോടതി ഇക്കാര്യത്തിൽ തീരുമാനമെടുക്കട്ടെ -ബബ്ബർ പറഞ്ഞു.






