Sorry, you need to enable JavaScript to visit this website.

എ.എൻ ഷംസീറിന്റെ മകൻ  വീണ്ടും സ്വകാര്യ സ്‌കൂളിൽ 

തലശ്ശേരി- മകനെ സ്വകാര്യ വിദ്യാലയത്തിൽ ചേർത്തതിന്റെ പേരിൽ ഏറെ വിവാദങ്ങൾ ഏറ്റുവാങ്ങിയ എ.എൻ ഷംസീർ എം.എൽ.എ മകനെ പൊതു വിദ്യാലയത്തിലേക്ക് മാറ്റി ചേർത്തിരുന്നെങ്കിലും വീണ്ടും സ്വകാര്യ വിദ്യാലയത്തിലേക്ക് തന്നെ മാറ്റിയത് വിവാദത്തിലേക്ക്. ഇത് സംബന്ധിച്ച് സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ വിവാദങ്ങൾ കൊഴുക്കുകയാണ്. ഭാര്യക്ക്  കണ്ണൂർ യൂനിവേഴ്‌സിറ്റിയിൽ അനധികൃതമായി നിയമനം ഉറപ്പിച്ച് ഒടുവിൽ ഹൈക്കോടതി ഇടപെട്ട് നിയമനം റദ്ദ് ചെയ്യതിന് പിന്നാലെയാണ് ഷംസീറിനെതിരെ വീണ്ടും മറ്റൊരു പുലിവാല് പാർട്ടിയിൽനിന്ന് തന്നെ വന്നിരിക്കുന്നത.് 
പൊതു വിദ്യാഭ്യാസ യജ്ഞത്തിന് ഇടതു സർക്കാർ തീവ്ര പരിശ്രമം നടത്തുന്നതിനിടെ മകനെ സ്വകാര്യ സ്‌കൂളിൽ അയച്ചത് ഷംസീറിനെ ഏറെ വിവാദത്തിലേക്ക് നയിച്ചിരുന്നു. തെറ്റു തിരുത്താൻ സി.പി.എം നേതൃത്വം പറഞ്ഞതോടെ മകനെ ചാലയിലെ ചിൻമയ സ്‌കൂളിൽനിന്ന് മാറ്റി കണ്ണൂർ സെന്റ് മൈക്കിൾസ് സ്‌കൂളിലേക്ക് ചേർത്തിരുന്നു. എന്നാൽ  ഷംസീർ  മകനെ വീണ്ടും ചാലയിലെ ചിൻമയ സ്‌കൂളിലേക്ക് തന്നെ മാറ്റി ചേർത്തിരിക്കുകയാണ്. എം.എൽ.എയുടെ മകൻ ഇസാൻ ഷംസീർ ചിൻമയ സ്‌കൂളിലെ വിദ്യാർത്ഥിയായി വീണ്ടും തിരിച്ചെത്തിയ കാര്യം പാർട്ടി നേതാക്കൾ തന്നെയാണ് ജില്ലാ കമ്മിറ്റിയെ അറിയിച്ചത.് 
മകനെ സ്വകാര്യ സ്‌കൂളിൽ ചേർത്തത് പിശകായി പോയെന്നും അത് തിരുത്തുകയാണെന്നും പരസ്യമായി പറഞ്ഞായിരുന്നു സ്‌കൂൾ മാറ്റം നേരത്തെ എം.എൽ.എ നടത്തിയിരുന്നത.് തലശ്ശേരി ഏരിയാ കമ്മിറ്റിയിലും ഷംസീറിനെതിരെ മുറുമുറുപ്പ് ഉയരുകയാണ്. ധാർഷ്ട്യം കലർന്ന പെരുമാറ്റത്തെ അംഗീകരിക്കാൻ പാർട്ടിയിൽ ഇരുത്തം വന്ന പഴയ നേതാക്കൾക്ക് കഴിയുന്നില്ലെന്നാണ് പരാതി. സൗമ്യശീലക്കാരനായ സി.പി.എം തലശ്ശേരി ഏരിയാ സെക്രട്ടറി എം.സി പവിത്രനെ അംഗീകരിക്കാതെ ചില പുത്തൻ പണക്കാരുടെ വലയത്തിലാണെന്നാണ് എം.എൽ.എക്കെതിരെയുള്ള പ്രധാന ആക്ഷേപം. മുഖ്യമന്ത്രിയുമായുള്ള അടുപ്പം മുതലെടുത്താണ് ഇത്തരം പ്രവർത്തനം നടത്തുന്നതെന്നാണ് പറയപ്പെടുന്നത.് 
 

Latest News