മക്ക- വാദി ലൈത്തില്‍ പ്രളയത്തില്‍പെട്ട രണ്ടു ഇന്ത്യക്കാരെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് രക്ഷപ്പെടുത്തി. പ്രളയത്തില്‍ കുടുങ്ങിയ ലോറിയുടെ മുകളില്‍ കയറിയിരുന്ന ഇന്ത്യക്കാരെ രക്ഷപ്പെടുത്തുന്നതിന് സിവില്‍ ഡിഫന്‍സ് ഹെലികോപ്റ്ററിന്റെ സഹായം തേടുകയായിരുന്നു.
ലൈത്തില്‍ തീരദേശപാതയില്‍ പ്രളയത്തില്‍ പെട്ട 11 പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. പ്രളയത്തെ തുടര്‍ന്ന് ജിദ്ദ, ജിസാന്‍ പുതിയ റോഡും പഴയ റോഡും സുരക്ഷാ വകുപ്പുകള്‍ അടച്ചു.
അല്‍ഖസീം ബുറൈദയില്‍ 14 വീടുകളില്‍ വെള്ളം കയറി. ആകെ 43 അംഗങ്ങള്‍ അടങ്ങിയ 12 കുടുംബങ്ങളെ സിവില്‍ ഡിഫന്‍സ് ഒഴിപ്പിക്കുകയും ബദല്‍ താമസസൗകര്യം നല്‍കുകയും ചെയ്തു.
ബുറൈദയില്‍ പ്രളയത്തില്‍ പെട്ട സൗദി പൗരനെയും നാലു വിദേശ തൊഴിലാളികളെയും സിവില്‍ ഡിഫന്‍സ് അധികൃതര്‍ രക്ഷപ്പെടുത്തിയതായും അല്‍ഖസീം സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ ഇബ്രാഹിം അബല്‍ഖൈല്‍ പറഞ്ഞു.
മക്കയില്‍ മഴക്കിടെ വിശുദ്ധ ഹറമിനു സമീപമുള്ള പ്രദേശങ്ങളില്‍ ട്രാഫിക് പോലീസ് വാഹന ഗതാഗതം പൂര്‍ണമായും വിലക്കിയിരുന്നു. പ്രളയത്തെ തുടര്‍ന്ന് അല്‍മന്‍സൂര്‍ പാലം, അല്‍ശുഹദാ സിഗ്നല്‍, ഉമ്മുല്‍ജൂദ് റോഡ്, അല്‍മിഗ്മസ് റോഡ്, അല്‍ഹുസൈനിയ റോഡ് എന്നിവിടങ്ങളിലെല്ലാം ഗതാഗതം തടസ്സപ്പെട്ടു. പാറയിടിച്ചില്‍ മൂലം അല്‍മുഅയ്‌സിം റോഡും ട്രാഫിക് പോലീസ് അടച്ചിരുന്നു.