ദോഹ - ജനാതിപത്യ രീതിയിൽ ഒരു തെരഞ്ഞെടുപ്പിലൂടെ സംഘടനാ നേതൃത്വം വരുന്നതാണ് കോൺഗ്രസിന് ഗുണം ചെയ്യുകയെന്ന് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി പറഞ്ഞു. പാർട്ടിയിൽ ഒരു തെരഞ്ഞെടുപ്പ് അനിവാര്യമാണ്. നോമിനേഷൻ വഴി നേതൃത്വം വരുന്നത് യഥാർഥ പാർട്ടി പ്രവർത്തകർക്കു നേതൃത്വത്തിലെത്താനുള്ള അവസരങ്ങൾ നഷ്ടപ്പെടുകയാണെന്നും ഇത് പലരെയും നിരാശപ്പെടുത്തുന്നുണ്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു. ശഹാനിയ അൽ ഫൈസൽ ഗാർഡനിൽ ഇൻകാസ് സംഘടിപ്പിച്ച നേതാക്കളുടെ സംഗമത്തിൽ സംസാരിക്കുകയായിരുന്നു ഉമ്മൻചാണ്ടി.
മറ്റു രാഷ്ട്രീയ പാർട്ടികൾ അധികാരത്തിലെത്തുന്നത് ഒരു അപകടമൊന്നുമല്ല. പ്രതിസന്ധികളും മുമ്പ് രാജ്യവും പാർട്ടിയും നേരിട്ടിട്ടുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി രാജ്യവും പാർട്ടിയും വലിയ ഭീഷണിയാണ് ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്നത്. ഇന്നും ഇന്ത്യയിൽ ജന പിന്തുണയുള്ള പ്രധാന രാഷ്ട്രീയ പാർട്ടി കോൺഗ്രസാണ്. ബി.ജെ.പിക്കെതിരെയുള്ള ഒരു കൂട്ടായ്മയിൽ ഗൾഫ് രാജ്യങ്ങളിലെ മലയാളികളുടെ പങ്ക് വളരെ വലുതാണ്. കേരളത്തിലെ ജനങ്ങളെ സ്വാധീനിക്കുവാൻ ഏറെ കഴിയുന്നത് വിദേശത്തുള്ള മലയാളികൾക്കാണ്. മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തളച്ചിടാൻ കഴിഞ്ഞുവെന്നതിൽ ഇരു മുന്നണികൾക്കും ആശ്വാസമുണ്ട്. കേരളത്തിൽ ഇടതുപക്ഷ ഭരണം എല്ലാവരെയും നിരാശരാക്കി. ശക്തമായ പ്രവർത്തനങ്ങളിലൂടെ ജനങ്ങളിലെ നിരാശ പ്രയോജനപ്പെടുത്താൻ കോൺഗ്രസിന് സാധിക്കേണ്ടതുണ്ടെന്ന് മുൻമുഖ്യമന്ത്രി പറഞ്ഞു.
യു.ഡി.എഫ് സർക്കാർ അവസാന നാളിൽ എടുത്ത തീരുമാനങ്ങൾ പുനഃപരിശോധിക്കാൻ പിണറായി സർക്കാർ നിയമിച്ച സബ് കമ്മറ്റിയുടെ റിപ്പോർട്ട് ഇതുവരെ പുറത്തു വന്നിട്ടില്ല. 700 ലധികം തീരുമാനങ്ങൾ പരിശോധിച്ച് 105 എണ്ണം റദ്ദാക്കി. എന്നാൽ അതിലൊന്നും അഴിമതിയോ വഴിവിട്ട കാര്യങ്ങളോ കണ്ടുപിടിക്കാനായില്ലെന്നത് ശ്രദ്ധേയമാണ്. അന്നത്തെ തീരുമാനങ്ങൾക്കെതിരെ നമ്മുടെ പാർട്ടിയിൽനിന്ന് ചിലർ പ്രതികരിച്ചതാണ് തെരഞ്ഞെടുപ്പ് സമയത്ത് എൽ.ഡി.എഫ് പ്രചാരണത്തിന് ശക്തിപകർന്നതെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
സംഘടനാ തലത്തിലേക്കോ മറ്റു നേതൃത്വ പദവികളിലേക്കോ ഇല്ല എന്നത് തെരഞ്ഞെടുപ്പ് പരാജയം ഏറ്റെടുത്തുകൊണ്ട് താൻ നേരത്തേയെടുത്ത തീരുമാനമാണ്. ഗൾഫ് രാജ്യങ്ങളിലെ പല പാർട്ടി പരിപാടികളിലും പങ്കെടുത്തിട്ടുണ്ടെങ്കിലും തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞു ഏറെ സമയം പാർട്ടി പ്രവർത്തകരോടൊപ്പം ഇത്തരം ഒരു ചടങ്ങിൽ പങ്കെടുക്കുന്നത് ഇതാദ്യമാണെന്നും ഇൻകാസ് നേതൃത്വത്തെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു .
പ്രവർത്തകരുടെ വികാരം മാനിച്ച് ഉമ്മൻചാണ്ടി പാർട്ടി നേതൃത്വം ഏറ്റെടുക്കണമെന്ന് ചടങ്ങിൽ സംസാരിച്ച മുൻ കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ.സി അബു ഉമ്മൻചാണ്ടിയോട് ആവശ്യപ്പെട്ടു. ഇൻകാസ് നേതാക്കന്മാരുടെ ചോദ്യങ്ങൾക്കു ഉമ്മൻചാണ്ടി മറുപടി നൽകി. സഹധർമിണി മറിയാമ്മ ചാണ്ടിയും മൂന്നു മണിക്കൂർ നീണ്ട ലീഡേഴ്‌സ് ക്യാമ്പിൽ സംബന്ധിച്ചു. ഇൻകാസ് സെൻട്രൽ കമ്മിറ്റി അംഗങ്ങളും ജില്ലാ ഭാരവാഹികളും പ്രത്യേകം ക്ഷണിക്കപ്പെട്ടവരുമാണ് ക്യാമ്പിൽ പങ്കെടുത്തത്.
ഇൻകാസ് വൈസ് പ്രസിഡന്റ് രാജശേഖരൻ നായർ അധ്യക്ഷനായി. പ്രസിഡന്റ് കെ.കെ ഉസ്മാൻ, ഡോ. കെ.സി ചാക്കോ, വർഗീസ് ചാക്കോ, മുഹമ്മദ് അലി പൊന്നാനി, നാരായണൻ കരിയാട്, കേശവദാസ് എന്നിവർ സംസാരിച്ചു.