പൊന്നാനിയില്‍ മത്സരിക്കാന്‍ തയാറുണ്ടോ? മന്ത്രി ജലീലിനെ വെല്ലുവിളിച്ച് മുസ്ലിം ലീഗ്

മലപ്പുറം- അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന്റെ സിറ്റിങ് സീറ്റായ പൊന്നാനി മണ്ഡലത്തില്‍ മത്സരിക്കാന്‍ മന്ത്രി കെ.ടി ജലീലിനെ വെല്ലുവിളിച്ച് മുസ്ലിം ലീഗ്. അദ്ദേഹം മത്സരിക്കട്ടെ, ഇത് ഞങ്ങളുടെ വെല്ലുവിളിയാണ്- ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. ബന്ധുനിമയനത്തില്‍ തെറ്റുപറ്റിയ ജലീല്‍ രാജിവയ്ക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്നും ലീഗ് വ്യക്തമാക്കി. നിയമസഭക്കകത്തും പുറത്തും ലീഗ് പ്രക്ഷോഭം കൂടുതല്‍ ശക്തിപ്പെടുത്തും. പാണക്കാട് തങ്ങള്‍ക്കും ആലിക്കുട്ടി മുസ്ല്യാര്‍ക്കുമെതിരെ നടത്തുന്ന വാചകമടി പോലെ ആവില്ല കാര്യങ്ങള്‍. ജലീല്‍ മറുപടി പറയേണ്ടി വരും. അദ്ദേഹത്തെ വെറുതെ വിടില്ല- മജീദ് പറഞ്ഞു. ബന്ധുനിയമനത്തില്‍ ജലീല്‍ നിരപരാധിയാണെങ്കില്‍ സര്‍ക്കാര്‍ എന്തിന് വിജിലന്‍സ് അന്വേഷണം ഭയക്കണമെന്നും അദ്ദേഹം ചോദിച്ചു.


മലയാളം ന്യൂസ് വാട്‌സാപ്പ് ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക
 


നേരത്തെ താന്‍ പൊന്നാനിയില്‍ മത്സരിക്കുമോ എന്ന ഭയം മൂലമാണ് തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് മോശക്കാരനായി ചിത്രീകരിക്കുന്നതെന്ന് ജലീല്‍ യൂത്തി ലീഗിന്റെ സമരത്തെ കുറിച്ച് പ്രതികരിച്ചിരുന്നു. ഇതിനു മറുപടിയെന്നോണമാണ് പൊന്നാനിയില്‍ മത്സരിക്കാന്‍ ലീഗ് ജലീലിനെ വെല്ലുവിളിച്ചത്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഗിലെ കരുത്തുറ്റ നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയെ കുറ്റിപ്പുറത്ത് ജലീല്‍ പരാജയപ്പെടുത്തിയതിന് പകരം വീട്ടാന്‍ പിന്നീട് അവസരം ലഭിച്ചിട്ടില്ല. നിയമസഭാ മണ്ഡലങ്ങള്‍ പുനര്‍നിര്‍ണയിക്കപ്പെട്ടതോടെ കുറ്റിപ്പുറം മണ്ഡലം ഇല്ലാതായി. 2011, 2016 തെരെഞ്ഞെടുപ്പുകളില്‍ പുതുതായി വന്ന തവനൂര്‍ മണ്ഡലത്തില്‍ നിന്നാണ് ജലീല്‍ ജയിച്ചു കയറിയത്. രണ്ടു തവണയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെയാണ് ജലീല്‍ പരാജയപ്പെടുത്തിയത്. 2019ല്‍ പൊന്നാനിയില്‍ ജലീല്‍ മത്സരിക്കുകയാണെങ്കില്‍ കുറ്റിപ്പുറത്തിനു ശേഷം മുസ്ലിം ലീഗുമായി നേരിട്ടുള്ള ഒരു ഏറ്റുമുട്ടലിന് അവിടെ കളമൊരുങ്ങും.
 

Latest News