ടി.വി പരസ്യത്തില്‍ വാണിജ്യ കമ്പനികളെ പിന്നിലാക്കി ബി.ജെ.പി ഒന്നാമത്

ന്യുദല്‍ഹി- ഇന്ത്യയില്‍ ടി.വി ചാനലുകളുടെ ഏറ്റവും വലിയ പരസ്യദാതാവായി ബി.ജെ.പി. ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച് കൗണ്‍സില്‍ (ബാര്‍ക്ക്) പുറത്തു വിട്ട ഏറ്റവും പുതിയ കണക്കിലാണ് വാണിജ്യ ഉല്‍പ്പന്നങ്ങളേയും കമ്പനികളേയും പിന്നിലാക്കി രാജ്യം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി ഒന്നാമതെത്തിയത്. നവംബര്‍ 16ന് അവസാനിച്ച ആഴ്ചയിലെ കണക്കാണിത്. അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് ടിവില്‍ ബി.ജെ.പി പരസ്യങ്ങളുടെ ആധിക്യം. ഓണ്‍ലൈന്‍ വിഡിയോ സ്ട്രീമിങ് കമ്പനിയായ നെറ്റ്ഫ്‌ളിക്‌സാണ് രണ്ടാമത്. ഹോട്ടല്‍ കംപാരിസന്‍ സൈറ്റായ ട്രിവാഗോ മൂന്നാമതും. വിവിധ ഉല്‍പ്പന്നങ്ങളുമായി ടി.വി പരസ്യങ്ങളില്‍ മുന്‍നിരയിലുള്ള ഹിന്ദുസ്ഥാന്‍ യുനിലിവര്‍, റെക്കിറ്റ് ബെന്‍കിസര്‍, ആമസോണ്‍ എന്നിവരാണ് മറ്റു വലിയ പരസ്യ ദാതാക്കള്‍. എല്ലാ ചാനലുകളിലും പരസ്യങ്ങളില്‍ ബി.ജെ.പിയാണ് മുന്നിലെത്തിയത്. മുന്‍ ആഴ്ചയില്‍ ബി.ജെ.പി രണ്ടാം സ്ഥാനത്തായിരുന്നു. കോണ്‍ഗ്രസ് ആദ്യ പത്തില്‍ പോലുമില്ല.

Latest News