മിശ്രിത രൂപത്തിലാക്കി സ്വര്‍ണക്കടത്ത്; കരിപ്പൂരില്‍ 54.5 ലക്ഷത്തിന്റെ സ്വര്‍ണം പിടിച്ചു

കൊണ്ടോട്ടി- കരിപ്പൂര്‍ വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 1807.82 ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ കോടിയേരി എ.പി.നൗഫലിനെ കസ്റ്റംസ് അറസ്റ്റു ചെയ്തു. എയര്‍ ഇന്ത്യയുടെ ഐ.എക്‌സ്-344 ഷാര്‍ജ-കോഴിക്കോട് വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്.
രഹസ്യ വിവരം ലഭിച്ചതനുസരിച്ച് കാത്തിരുന്ന കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം ഇയാളെ ദേഹ പരിശോധന നടത്തിയപ്പോഴാണ് മിശ്രിത രൂപത്തില്‍ സ്വര്‍ണം കണ്ടെത്തിയത്. ഇയാളുടെ ഷര്‍ട്ടിന്റെ കോളറുകളുടെ പിന്‍ഭാഗം, അരക്കെട്ടിലെ ഭാഗം, പാന്റിന്റെ താഴ്ഭാഗം എന്നിവിടങ്ങളില്‍ ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു. 20 പാക്കറ്റുകളിലായി 2450.558 ഗ്രാം മിശ്രിതമാണ് കണ്ടെത്തിയത്. ഇതില്‍ നിന്നും 1807.82 ഗ്രം സ്വര്‍ണമാണ് വേര്‍തിരിച്ചെടുത്തത്.
പിടികൂടിയ സ്വര്‍ണത്തിന് വിപണിയില്‍ 54,57,809 രൂപ വിലവരും. കസ്റ്റംസ് കമ്മീഷണര്‍ സുമിത്ത് കുമാറിന്റെ നിര്‍ദ്ദേശാനുസരണം ജോ. കമ്മീഷണര്‍ അനില്‍ രാജന്‍, അസി. കമ്മീഷണര്‍മാരായ നിഥിന്‍ ലാല്‍, രാജേന്ദ്ര ബാബു, സൂപ്രണ്ടുമാരായ ബഷീര്‍ അഹമ്മദ്, ഹാന്‍സണ്‍ സി.സി, ഇന്റലിജന്‍സ് ഓഫീസര്‍മാരായ മനോജ്.എം, രബീന്ദ്ര കുമാര്‍, ചന്ദ്ര കുമാര്‍, നരസിംഹ നായിക്, ഹവില്‍ദാര്‍ എന്‍.മോഹനന്‍ എന്നിവരടങ്ങിയ സംഘമാണ് കള്ളക്കടത്ത് പിടിച്ചത്.

 

 

Latest News