ബി.ജെ.പി നേതാവിനെ ആക്രമിച്ച സംഭവം: രണ്ട് എസ്.ഡി.പി.ഐക്കാര്‍ പിടിയില്‍

ഇടുക്കി- നെടുങ്കണ്ടം ബാലന്‍പിള്ള സിറ്റിയില്‍ രാത്രി വീട്ടിലേക്ക് നടന്ന് പോകുകയായിരുന്ന ബി.ജെ.പി നേതാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. ചെന്നാപ്പാറ മരോട്ടിക്കുഴിയില്‍ മാഹിന്‍ (മുഹമ്മദ് റഫീഖ്-30), സന്യാസി ഓട പനയ്ക്കല്‍സിറ്റി ബ്ലോക്ക് 841ല്‍ മുഹമ്മദ് അന്‍സാര്‍ (24) എന്നിവരെയാണ് നെടുങ്കണ്ടം എസ്.ഐ കെ.പി മനേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇരുവരും എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്.
ബി.ജെ.പി കരുണാപുരം പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റും ബാലന്‍പിള്ള സിറ്റിയില്‍ കച്ചവടക്കാരനുമായ രാമക്കല്‍മേട് വെട്ടിക്കല്‍ സൂര്യകുമാറിനെയാണ് തിങ്കളാഴ്ച രാത്രി ഒന്‍പതോടെ ഒരു സംഘം ബാലന്‍പിള്ള സിറ്റി ടൗണില്‍ വെച്ച് ആക്രമിച്ചത്. മാരകമായ ആക്രമണത്തില്‍ ഇടത് കാല്‍ ഒടിഞ്ഞ സൂര്യകുമാര്‍ കല്ലാറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഏതാനും ദിവസം മുമ്പ് നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലേക്ക് നാമജപ പ്രതിഷേധം നടത്തവെ ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ ജാഥയുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. മാധ്യമ പ്രവര്‍ത്തകരല്ലാത്ത ഇവര്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത് സൂര്യകുമാറിന്റെ നേതൃത്വത്തില്‍ ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തിരുന്നു. ഇതിന് പ്രതികാരമായാണ് ആക്രമണം നടത്തിയതെന്നു പറയുന്നു. ഒളിച്ച് കഴിഞ്ഞിരുന്ന ഇരുവരും ഇന്നലെ വാഹനത്തില്‍ വീടുകളിലേക്ക് വരുന്ന സമയത്ത് പാമ്പാടുംപാറക്ക് സമീപത്ത് വെച്ച് പിടിയിലാകുകയായിരുന്നു. പ്രതികളെ സുര്യകുമാര്‍ തിരിച്ചറിഞ്ഞു.

 

 

Latest News