Sorry, you need to enable JavaScript to visit this website.

ലിഫ്റ്റില്‍ പെണ്‍കുട്ടിയുടെ മുമ്പില്‍ ജീവനക്കാരന്‍ സ്വയംഭോഗം ചെയ്തു; എസ്.ആര്‍.എം കാമ്പസില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം

ചെന്നൈ- തമിഴ്‌നാട്ടിലെ പ്രശസ്ത സ്വകാര്യ സര്‍വകലാശാലയായ എസ്.ആര്‍.എം യൂണിവേഴ്‌സിറ്റി കാമ്പസില്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെ ലിഫ്റ്റിനകത്ത് വിദ്യാര്‍ത്ഥിനിക്കു മുമ്പില്‍ ജീവനക്കാരന്‍ സ്വയംഭോഗം ചെയ്ത സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥി പ്രക്ഷോഭം. ലൈംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടി ഹോസ്റ്റല്‍ വാര്‍ഡനോടെ പരാതിപ്പെട്ടെങ്കിലും നടപടി ഒന്നും സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് രാത്രി വിദ്യാര്‍ത്ഥികള്‍ കാമ്പസിലിറങ്ങി കൂറ്റന്‍ പ്രക്ഷോഭം സംഘടിപ്പിച്ചത്. വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് പെണ്‍കുട്ടിക്കെതിരായ ലൈംഗികാതിക്രമം ഉണ്ടായത്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ഹോസ്റ്റലിലെ മൂന്നാം നിലയിലുള്ള തന്റെ മുറിയിലേക്കു പോകാനായി ലിഫ്റ്റില്‍ കയറിയതായിരുന്നു. ലിഫ്റ്റ് ഉയരുന്നതിനിടെ അതിലുണ്ടായിരുന്ന ശുചീകരണ ജീവനക്കാരന്‍ വിദ്യാര്‍ത്ഥിനിയുടെ കണ്‍മുന്നില്‍ സ്വയംഭോഗം ചെയ്യാന്‍ തുടങ്ങുകയായിരുന്നു. ഉടന്‍ ലിഫ്റ്റ് നിര്‍ത്തി ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ പെണ്‍കുട്ടിയെ തടഞ്ഞു. പിന്നീട് മറ്റൊരു നിലയില്‍ ഇറങ്ങിയ ശേഷം ഉടന്‍ ഹോസ്റ്റല്‍ അധികൃതരെ സമീപിച്ച് പെണ്‍കുട്ടി പരാതിപ്പെട്ടു. 

എന്നാല്‍ സംഭവം പുറത്തു പറയേണ്ടെന്നായിരുന്നു ഹോസ്റ്റല്‍ അധികൃതരുടെ ആദ്യ പ്രതികരണം. വസ്ത്രധാരണ രീതി മാറ്റുകയാണ് വേണ്ടതെന്ന് വാര്‍ഡന്‍ പറഞ്ഞതായും വിദ്യാര്‍ത്ഥിനികള്‍ ആരോപിക്കുന്നു. സി.സി.ടി.വി പരിശോധിച്ച് പ്രതിയെ തിരിച്ചറിയണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അധികൃതര്‍ ആദ്യം കൂട്ടാക്കിയില്ല. പിന്നീട് ദൃശ്യങ്ങള്‍ പരിശോധിക്കുകയും പെണ്‍കുട്ടി പ്രതിയെ തിരിച്ചറിയുകയും ചെയ്തു. എന്നാല്‍ പോലീസില്‍ പരാതിപ്പെടാന്‍ അധികൃതര്‍ സമ്മതിച്ചില്ല. ഇത് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിനിടയാക്കി. രാത്രി നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ കാമ്പസിലിറങ്ങി മുദ്രാവാക്യങ്ങളുമായി പ്രതിഷേധിച്ചു. സമൂഹ മാധ്യമങ്ങളിളും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ പോസ്റ്റുകളിട്ടു. മോശം ലൈംഗിക പെരുമാറ്റം നടത്തിയ ജീവനക്കാരനെതിരെ നടപടി എടുക്കുന്നതിനു പകരം വിദ്യാര്‍ത്ഥിനികളുടെ അല്‍പ്പ വസ്ത്രത്തെ പഴിക്കുകയും പെണ്‍കുട്ടികളെ കുറ്റപ്പെടുത്തുകയുമാണ് അധികൃതര്‍ ചെയ്തതെന്ന് പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

അതേസമയം നടപടി ഉണ്ടായില്ലെന്ന വിദ്യാര്‍ത്ഥികളുടെ ആരോപണം യുണിവേഴ്‌സിറ്റി വി.സി സന്ദീപ് സന്‍ചേതി തള്ളി. വിദ്യാര്‍ത്ഥികളുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും ഇതു സംബന്ധിച്ച് അവരുമായി ചര്‍ച്ച നടത്തിയെന്നും അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥി പ്രതിഷേധത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയെങ്കിലും ഇതു സംബന്ധിച്ച് കേസെടുത്തിട്ടില്ല.
 

Latest News