Sorry, you need to enable JavaScript to visit this website.

രാജസ്ഥാന്‍ ബി.ജെ.പിയില്‍ പൊട്ടിത്തെറി; മാറി നില്‍ക്കാന്‍ വിസമ്മതിച്ച നാലു മന്ത്രിമാര്‍ ഉള്‍പ്പെടെ 11നേതാക്കളെ പുറത്താക്കി

ജയ്പൂര്‍- രാജസ്ഥാനില്‍ നിയമസഭാ തെരഞ്ഞെടുപ്പിനു രണ്ടാഴ്ച മാത്രം ശേഷിക്കെ ഭരണകക്ഷിയായ ബി.ജെ.പിയിലെ വിമതശല്യം പൊട്ടിത്തെറിയില്‍ കലാശിച്ചു. പാര്‍ട്ടി തീരുമാനം വകവയ്ക്കാതെ മത്സരിക്കാനായി നാമനിര്‍ദേശ പത്രിക നല്‍കി വിമതശബ്ദമുയര്‍ത്തിയ നാലു മന്ത്രിമാര്‍ ഉള്‍പ്പെടെ 11 മുതിര്‍ന്ന നേതാക്കളെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ വിജയം ഉറപ്പാക്കാന്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കണമെന്ന് ആവശ്യം ഇവര്‍ തള്ളിയതിനെ തുടര്‍ന്നാണ് നടപടി. 11 വിമത നേതാക്കളെ ആറു വര്‍ഷത്തേക്ക് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ഒഴിവാക്കിയെന്ന് പത്രകുറിപ്പില്‍ ബി.ജെ.പി വ്യക്തമാക്കി. സുരേന്ദ്ര ഗോയല്‍, ലക്ഷ്മിനാരായണ്‍ ദവെ, രാധെശ്യാം ഗംഗനഗര്‍, ഹെംസിങ് ഭദന, രാജ്കുമാര്‍ രിനാവ, രമേഷ് ഭാട്ടി, കുല്‍ദീപ് ധങ്കഡ്, ദീന്‍ദയാല്‍ കുമാവത്, കിഷന്റാം നയി, ധാന്‍സിങ് റാവത്ത്, അനിത കടാറ എന്നിവരെയാണ് പുറത്താക്കിയത്.

ഡിസംബര്‍ ഏഴിനാണ് രാജസ്ഥാനില്‍ വോട്ടെടുപ്പ്. തെരഞ്ഞെടുപ്പിനു മുന്നോടിയായി വിതമ ശല്യം രൂക്ഷമായത് ബി.ജെ.പിക്ക് കടുത്ത വെല്ലുവിളിയായിരിക്കുകയാണ്. സീറ്റു ലഭിക്കാത്തതിനെ തുടര്‍ന്ന് നിരവധി എം.എല്‍.എമാര്‍ രാജിവച്ചിട്ടുണ്ട്. മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ശക്തമാണ്. ഇതിനിടെയാണ് വിമത ശല്യവും. 

ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന എം.എല്‍.എ മാനവേന്ദ്ര സിങ് മുഖ്യമന്ത്രി വസുന്ധരയ്‌ക്കെതിരെയാണ് മത്സരിക്കുന്നത്. പിതാവ് ജസ്വന്ത് സിങിനെ ബി.ജെ.പി തഴഞ്ഞതിനെ തുടര്‍ന്നാണ് മാനവേന്ദ്ര ബി.ജെ.പി വിട്ടത്. അതേസമയം കോണ്‍ഗ്രസിനു വിമത ശല്യമുണ്ട്. മുന്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ 40ഓളം വിമത സ്ഥാനാര്‍ത്ഥികളാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സര രംഗത്തുള്ളത്.
 

Latest News