Sorry, you need to enable JavaScript to visit this website.

സൗദിയില്‍ മദ്യനിര്‍മാണവും വില്‍പനയും; നിരവധി മലയാളികള്‍ ജയിലില്‍

ദമാം - മദ്യനിർമാണവും വിൽപനയും നടത്തി ഒരു മാസത്തിനകം സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തവരിൽ ഭൂരിഭാഗവും ഏഷ്യൻ വംശജരെന്ന് റിപ്പോർട്ട്. നിരവധി  മലയാളികൾ ജയിലിലാണ്. കഴിഞ്ഞ ദിവസം ജുബൈലിൽ ഒരു ലക്ഷം ലിറ്റർ ചാരായമാണ് പിടികൂടിയത്. മൂന്നു നേപ്പാൾ സ്വദേശികളെയും ഒരു ശ്രീലങ്കൻ യുവതിയെയും ഇവിടെ നിന്ന് അറസ്റ്റ് ചെയ്തു. കിഴക്കൻ പ്രവിശ്യയിലെ വിവിധ നഗരങ്ങൾ കേന്ദ്രീകരിച്ചും കൃഷിയിടങ്ങൾ കേന്ദ്രീകരിച്ചും മദ്യ നിർമാണം നടത്തിവന്ന നിരവധി സംഘങ്ങൾ ഇതിനകം സുരക്ഷാ വിഭാഗത്തിന്റെ വലയിലായി.
മദ്യ നിർമാണ വിതരണ കേന്ദ്രങ്ങൾക്ക് നേതൃത്വം നൽകുന്നവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ആഡംബര ഫ് ളാറ്റുകൾ വാടകക്കെടുത്ത് പ്ലാന്റുകൾ നിർമിച്ചാണ് മദ്യം ഉൽപാദിപ്പിക്കുന്നത്. തൊഴിലിടങ്ങളിൽ നിന്ന് ഒളിച്ചോടി ഹുറൂബായവരും മറ്റു നിയമ ലംഘനങ്ങളിൽ കുടുങ്ങിയവരും ലേബർ കേസുകളിൽ കുടുങ്ങി നാടണയാൻ കഴിയാത്ത പാവപ്പെട്ടവരെയുമാണ് ഈ റാക്കറ്റുകൾ ഇത്തരം ജോലിക്കായി ഉപയോഗിക്കുന്നത്. വീട്ടു വേലക്കാരികാരികളെ സ്വദേശികളുടെ വീട്ടിൽ നിന്ന് ചാടിച്ച് അപകടം പിടിച്ച ഇത്തരം ജോലികൾക്ക് നിയോഗിച്ച സംഭവങ്ങളും ധാരാളമുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ അൽകോബാർ, ജുബൈൽ, ഖത്തീഫ് എന്നിവിടങ്ങളിൽ നിന്ന് പിടികൂടിയവരിൽ ഏറെയും സ്ത്രീകളായിരുന്നു. വളരെ വേഗത്തിൽ പണമുണ്ടാക്കാമെന്ന അത്യാഗ്രഹമാണ് ഇവരെ ഇതിന് പ്രേരിപ്പിക്കുന്നത്. പിടിക്കപ്പെടുകയാണെങ്കിലും ഏതാനും മാസത്തെ ജയിൽവാസത്തിനു ശേഷം നാട്ടിലെത്താൻ കഴിയുമെന്ന ആശ്വാസവും ഇവർക്കുണ്ട്. എന്നാൽ നിരപരാധികളായ ആളുകളും ഈ റാക്കറ്റിൽ പെടുന്നുണ്ടെന്നാണ് ഖേദകരം. കൃഷിയിടങ്ങൾ കേന്ദ്രീകരിച്ചും മദ്യ നിർമാണ കേന്ദ്രങ്ങൾ പൊടിപൊടിക്കുന്നുണ്ട്. ജനവാസ കേന്ദ്രങ്ങളിലെ നിർമാണ കേന്ദ്രങ്ങളിൽ മദ്യത്തിന്റെ മണം വരുന്നത് തടയുന്നതിന് പുകക്കുഴലിലൂടെ വില കൂടിയ സുഗന്ധ ദ്രവ്യങ്ങൾ കടത്തിവിട്ടാണ് മണം ഒഴിവാക്കുന്നത്. ആധുനിക മദ്യ നിർമാണ കേന്ദ്രങ്ങളെ പോലും വെല്ലുന്ന രീതിയിലാണ് ഇക്കൂട്ടർ പ്ലാന്റുകൾ നിർമിക്കുന്നത്. എന്നാൽ വൃത്തിഹീനമായ പ്ലാന്റുകളും ധാരാളമായി ചില മേഖലകളിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ ഭൂരിഭാഗവും നിയന്ത്രിക്കുന്നത് ഇന്ത്യക്കാരാണ്, ഏറെയും മലയാളികൾ ആണെന്നതാണ് യാഥാർഥ്യം. ഈ റാക്കറ്റുകൾ തന്നെയാണ് അയൽ രാജ്യങ്ങളിൽ നിന്നും കരമാർഗം വിദേശ മദ്യം ഇങ്ങോട്ട് കടത്തുന്നതെന്നും തെളിഞ്ഞിട്ടുണ്ട്. കരിയർമാരായി നാട്ടിൽ നിന്ന് ഡ്രൈവർമാരെ റെന്റ് എ കാർ കമ്പനികളുടെ പേരിൽ റിക്രൂട്ട് ചെയ്തു കൊണ്ടുവരികയാണ് ഇവരുടെ രീതി. ആകർഷകമായ ശമ്പളവും സൗകര്യങ്ങളും നൽകാമെന്ന് വാഗ്ദാനം ചെയ്യും. രക്ഷപ്പെടുത്തുമെന്ന് ഉറപ്പ് നൽകുന്ന ഇവർ പിടിക്കപ്പെട്ടാൽ കൈമലർത്തുകയാണ് പതിവ്. ഇത്തരം റാക്കറ്റുകളിൽ അകപ്പെട്ട ഡ്രൈവർമാർ ഇന്നും വിവിധ ജയിലുകളിൽ കഴിയുന്നുണ്ട്.

Latest News