മുംബൈ - ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത് ഷാ, പോലീസ് ഉദ്യോഗസ്ഥരായ ഡി.ജി. വൻസാര, രാജ്കുമാർ പാണ്ഡ്യൻ, ദിനേഷ് എം.എൻ എന്നിവരാണ് സൊഹ്‌റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കൊലയിലെ സാക്ഷി തുളസീറാം പ്രജാപതിയെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയതെന്ന് കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസർ മുംബൈ കോടതിയിൽ മൊഴി നൽകി. 2012 ഏപ്രിൽ മുതൽ പ്രജാപതി, സൊഹ്‌റാബുദ്ദീൻ കേസുകൾ അന്വേഷിച്ച ഐ.പി.എസ് ഓഫീസർ സന്ദീപ് തംഗഡ്‌ഗെയാണ് സുപ്രധാന മൊഴി നൽകിയത്. അമിത് ഷായേയും നിലവിൽ രാജസ്ഥാൻ ആഭ്യന്തര മന്ത്രിയായ ഗുലാബ്ചന്ദ് കടാരിയയേയും താൻ ചോദ്യം ചെയ്തിരുന്നുവെന്നും ഇദ്ദേഹം വിചാരണ കോടതിയെ അറിയിച്ചു.
ഗുലാബ്ചന്ദ് കടാരിയ, സൊഹ്‌റാബുദ്ദീൻ ശൈഖ്, തുളസീറാം പ്രജാപതി എന്നിവരും ഗുജറാത്തിലെയും രാജസ്ഥാനിലെയും ഹൈദരാബാദിലെയും ഐ.പി.എസ് ഉദ്യോഗസ്ഥരും ബിൽഡർമാരെ ഭീഷണിപ്പെടുത്തി പണംതട്ടിയ റാക്കറ്റിലെ കണ്ണികളാണെന്നും വ്യാജ ഏറ്റമുട്ടൽ കൊലക്കേസിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥാനായിരുന്ന സന്ദീപ് തംഗഡ്‌ഗെ, പ്രത്യേക സി.ബി.ഐ കോടതിയിൽ പറഞ്ഞു. ടെലിഫോൺ രേഖകൾ ഉൾപ്പെടെ കൃത്യമായ തെളിവുകൾ ശേഖരിച്ചതായും കുറ്റപത്രത്തിൽ ഉറച്ചുനിൽക്കുന്നതായും അദ്ദേഹം ക്രോസ് വിസ്താരത്തിൽ ആവർത്തിച്ചു.
ക്രിമിനൽ, രാഷ്ട്രീയ, പോലീസ് റാക്കറ്റെന്നാണ് സന്ദീപ് തംഗഡ്‌ഗെ ബിൽഡർമാരെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന റാക്കറ്റിനെ കോടതിയിൽ വിശേഷിപ്പിച്ചത്. വിശദീകരിക്കാൻ ആവശ്യപ്പെട്ടപ്പോൾ അമിത് ഷാ, കടാരിയ എന്നിവരാണ് രാഷ്ട്രീയക്കാരെന്നും സൊഹ്‌റാബുദ്ദീൻ, കൂട്ടാളികളായ പ്രജാപതി, അഅ്‌സം ഖാൻ എന്നിവരാണ് ക്രിമിനലുകളെന്നും വൻസാര, എം.എൻ. ദിനേഷ്, രാജ്കുമാർ പാണ്ഡ്യൻ എന്നിവരാണ് പോലീസുകാരെന്നും തംഗഡ്‌ഗെ വ്യക്തമാക്കി. പോപുലർ ബിൽഡേഴ്‌സ് ഉടമകളായ ദശരഥ് പട്ടേൽ, രമൺ പട്ടേൽ എന്നിവരിൽനിന്ന് പണം തട്ടാൻ അമിത് ഷായും കടാരിയയും സൊഹ്‌റാബുദ്ദീനെയും കൂട്ടാളികളെയും ഉപയോഗിച്ചതിന് തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സൊഹ്‌റാബുദ്ദീൻ കൊലപാതകത്തിലൂടെ രാഷ്ട്രീയ, സാമ്പത്തിക നേട്ടമുണ്ടാക്കിയത് അമിത് ഷാ ആണെന്ന് സി.ബിഐ ഉദ്യോഗസ്ഥൻ അമിതാഭ് താക്കൂറും നേരത്തെ കോടതിയിൽ മൊഴി നൽകിയിരുന്നു.