Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയില്‍ ചില്ലറ വ്യാപാര മേഖല കടുത്ത വെല്ലുവിളികൾ നേരിടുന്നു

ജിദ്ദ - ചില്ലറ വ്യാപാര മേഖല കടുത്ത വെല്ലുവിളികൾ നേരിടുകയാണെന്ന് വ്യാപാരികൾ. ഫ്രഷ് ഉൽപന്നങ്ങളുടെ വിപണനം മൂന്നു വൻകിട കമ്പനികൾ കുത്തകയാക്കി വെച്ചതും കടുത്ത മത്സരവും ചില്ലറ വ്യാപാര മേഖല നേരിടുന്ന വെല്ലുവിളികളാണെന്ന് ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രിയിലെ ഫുഡ്സ്റ്റഫ് കമ്മിറ്റി വൈസ് പ്രസിഡന്റ് മുഹമ്മദ് അൽജുഹനി പറഞ്ഞു. 
ഫ്രഷ് ഉൽപന്നങ്ങളുടെ വിപണന മേഖലയിൽ മൂന്നു വൻകിട കമ്പനികൾ സ്ഥാപിച്ച കുത്തക ഉൽപന്നങ്ങളുടെ വിലയെ ബാധിക്കുകയാണ്. വിദേശികൾക്കുള്ള ലെവി ഉയർത്തിയതടക്കമുള്ള കാരണങ്ങളാൽ പ്രവർത്തന ചെലവ് വർധിക്കുന്നതും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നിഷ്‌കർഷിക്കുന്ന സൗദിവൽക്കരണം പാലിക്കുന്നതിനുള്ള ബുദ്ധിമുട്ടും ചില്ലറ വ്യാപാര മേഖല നേരിടുന്ന വെല്ലുവിളികളാണ്. ചെലവുകൾ കുറച്ച് ഉപയോക്താക്കൾ ഉപഭോക്തൃ ശൈലിയിൽ മാറ്റം വരുത്തിയതും ചില്ലറ വ്യാപാര സ്ഥാപനങ്ങൾക്ക് തിരിച്ചടിയായി. ലാഭം ആറു മുതൽ ഒമ്പതു ശതമാനം വരെ കുറഞ്ഞതും വെല്ലുവിളിയായി. കുറഞ്ഞ തോതിലുള്ള ലാഭം നിക്ഷേപകർക്ക് ഒട്ടും പ്രോത്സാഹജനകമല്ല. 
നിരവധി യുവാക്കൾ ഓൺലൈൻ വ്യാപാര സ്ഥാപനങ്ങളെ ആശ്രയിക്കാൻ തുടങ്ങിയതും ചില്ലറ വ്യാപാര സ്ഥാപനങ്ങൾക്ക് തിരിച്ചടിയായി മാറുകയാണ്. കുറഞ്ഞ വിപണന അധ്വാനത്തോടെയും കുറഞ്ഞ നിരക്കിലും ഉപയോക്താക്കൾക്ക് ഉൽപന്നങ്ങൾ എത്തിക്കാൻ കഴിയുമെന്നത് ഓൺലൈൻ വ്യാപാരത്തിന്റെ പ്രത്യേകതയാണ്. വ്യാപാരത്തിനും വിപണനത്തിനും സ്മാർട്ട് ഫോൺ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതു വഴി തൊഴിലാളികളുടെ എണ്ണം 90 ശതമാനം വരെ കുറക്കാൻ സാധിക്കും. ഓൺലൈൻ വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഓഫീസ് കെട്ടിടവും പരമാവധി 35 ജീവനക്കാരും മതി. ഗോഡൗണുകളുടെ എണ്ണം കുറക്കാൻ കഴിയുമെന്നതും ഓൺലൈൻ വ്യാപാര സ്ഥാപനങ്ങളുടെ അനുകൂല ഘടകമാണ്. വരും വർഷങ്ങളിൽ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ ബിസിനസിന്റെ നല്ലൊരു പങ്ക് ഓൺലൈൻ സ്റ്റോറുകൾ കൈക്കലാക്കും. സൗദിയിലെ വൻകിട നഗരങ്ങളിൽ ഒരു വർഷം 36,000 കോടി റിയാലിന്റെ ചില്ലറ വ്യാപാരം നടക്കുന്നുണ്ടെന്നാണ് കണക്ക്. പരമ്പരാഗത രീതിയിൽ വർഷത്തിൽ 1100 കോടി റിയാലിന്റെ വിൽപന ലക്ഷ്യം നേടുന്നതിന് ചുരുങ്ങിയത് 200 സൂപ്പർ മാർക്കറ്റുകളും 20,000 ജീവനക്കാരും ആവശ്യമാണ്. പരമ്പരാഗത വ്യാപാര സ്ഥാപനങ്ങളെ അപേക്ഷിച്ച് ഓൺലൈൻ സ്റ്റോറുകൾ നടത്തുന്നതിന് ചെലവ് ഏറെ കുറവാണ്. ഓൺലൈൻ സ്റ്റോറുകൾക്കാണ് മികച്ച ഭാവിയുള്ളതെന്നും മുഹമ്മദ് അൽജുഹനി പറഞ്ഞു. 
അതേസമയം, സൗദിയിൽ വരുംവർഷങ്ങളിൽ ഉപയോക്താക്കളുടെ വാങ്ങൽ ശക്തി വർധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്ന് സാമ്പത്തിക വിദഗ്ധൻ ഡോ. അബ്ദുല്ല അൽമഗ്‌ലൂത്ത് പറഞ്ഞു. രാജ്യത്ത് ജനസംഖ്യ വർധിക്കുന്നതും ടൂറിസം മേഖലയിലെ വളർച്ചയും ചില്ലറ വ്യാപാര മേഖലയിൽ അനുകൂല പ്രതിഫലനമുണ്ടാക്കും. വ്യക്തികളുടെ ധനവിനിയോഗ ശരാശരി ഉയരുകയും ചെയ്യും. ചില്ലറ വ്യാപാര മേഖലയിൽ ദീർഘകാല നിക്ഷേപങ്ങൾ നടത്തുന്നതിന് ഇതെല്ലാം നിക്ഷേപകർക്ക് പ്രചോദനമായി മാറും. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ സൗദിയിൽ ചില്ലറ വ്യാപാരം വർധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. സൗദി കുടുംബങ്ങൾ ചെലവുകൾ നിയന്ത്രിച്ചു തുടങ്ങിയിട്ടും ചില്ലറ വ്യാപാര മേഖലയിൽ വാങ്ങൽ ശക്തി വർധിച്ചുവരികയാണെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും അബ്ദുല്ല അൽമഗ്‌ലൂത്ത് പറഞ്ഞു.

Latest News