അറാർ - തുറൈഫിലെ വഅദ് അൽശമാൽ വ്യവസായ പദ്ധതിയുടെ ആദ്യ ഘട്ടം തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് രാഷ്ട്രത്തിന് സമർപ്പിച്ചു. പദ്ധതി യാഥാർഥ്യമാക്കുന്നതിൽ വലിയ സംഭാവനകൾ അർപ്പിക്കുകയും ശ്രമങ്ങൾ നടത്തുകയും ചെയ്തതിന് റോയൽ കോർട്ട് ഉപദേഷ്ടാവ് ഫൈസൽ ബിൻ തുർക്കി രാജകുമാരനെ കിംഗ് അബ്ദുൽ അസീസ് മെഡൽ നൽകി രാജാവ് ചടങ്ങിൽ ആദരിച്ചു. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഉത്തര അതിർത്തി പ്രവിശ്യ ഗവർണർ ഫൈസൽ ബിൻ ഖാലിദ് രാജകുമാരനും ഡെപ്യൂട്ടി ഊർജ, വ്യവസായ മന്ത്രി എൻജിനീയർ ഖാലിദ് അൽമുദൈഫിറും ചടങ്ങിൽ സംബന്ധിച്ചു.
ലോകത്ത് ഏറ്റവുമധികം ഫോസ്ഫേറ്റ് രാസവളം ഉൽപാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമായി സൗദി അറേബ്യ മാറുമെന്ന് ചടങ്ങിൽ സംസാരിച്ച ഊർജ, വ്യവസായ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹ് പറഞ്ഞു. വഅദ് അൽശമാൽ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ 3100 കോടി റിയാലിന്റെ നിക്ഷേപങ്ങൾ നടത്തും. ആകെ 8500 കോടി റിയാലിന്റെ നിക്ഷേപങ്ങളോടെയാണ് വഅദ് അൽശമാൽ വ്യവസായ പദ്ധതി പൂർത്തിയാക്കുന്നത്.
ലോകത്തെ ആകെ ഫോസ്ഫേറ്റ് ശേഖരത്തിന്റെ ഏഴു ശതമാനം ഉത്തര അതിർത്തി പ്രവിശ്യയിലാണ്. മരുഭൂമിക്ക് നടുവിലായതിനാൽ ഈ ശേഖരം പ്രയോജനപ്പെടുത്തുന്നതിന് വലിയ വെല്ലുവിളികൾ തരണം ചെയ്യേണ്ടതുണ്ട്. വഅദ് അൽശമാൽ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ സൗദി അറേബ്യ 5500 കോടി റിയാലിന്റെ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. 3100 കോടി റിയാലിന്റെ നിക്ഷേപങ്ങളോടെ നടപ്പാക്കുന്ന രണ്ടാം ഘട്ടത്തിൽ ഫോസ്ഫേറ്റ് രാസവള ഫാക്ടറിയും ഉൾപ്പെടുന്നു. പ്രതിവർഷം 30 ലക്ഷം ടൺ രാസവളം ഉൽപാദിപ്പിക്കുന്നതിനുള്ള ശേഷിയിലാണ് ഫാക്ടറി സ്ഥാപിക്കുക. രണ്ടാം ഘട്ടം പൂർത്തിയാകുന്നതോടെ സൗദി അറേബ്യയുടെ പ്രതിവർഷ ഫോസ്ഫേറ്റ് രാസവള ഉൽപാദന ശേഷി 90 ലക്ഷം ടൺ ആയി ഉയരും. ഇതോടെ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഫോസ്ഫേറ്റ് രാസവള ഉൽപാദകരായി സൗദി അറേബ്യ മാറുമെന്നും ഊർജ, വ്യവസായ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹ് പറഞ്ഞു.
വഅദ് അൽശമാൽ വ്യവസായ പദ്ധതി നടപ്പാക്കുന്നതിലും പ്രവർത്തിപ്പിക്കുന്നതിലും തന്ത്രപ്രധാന പങ്കാളിയാണ് സൗദി അറേബ്യൻ റെയിൽവേ കമ്പനിയെന്ന് ഗതാഗത മന്ത്രി ഡോ. നബീൽ അൽആമൂദി പറഞ്ഞു.
വഅദ് അൽശമാൽ പദ്ധതിയെ റെയിൽ പാതയിൽ തെക്കുവടക്കു പാതയുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഉത്തര സൗദിയിൽ നിന്ന് കിഴക്കൻ സൗദിയിലെ വ്യവസായ കേന്ദ്രങ്ങളിൽ ധാതുക്കൾ എത്തിക്കുന്നതിന് 1550 കിലോമീറ്റർ നീളത്തിൽ ഗുഡ്സ് പാത നിർമിച്ചിട്ടുണ്ട്. മധ്യപൗരസ്ത്യ ദേശത്തെ ഏറ്റവും നീളം കൂടിയ റെയിൽ പാതയാണിത്. വഅദ് അൽശമാൽ പദ്ധതിയിൽ നിന്ന് ഉൽപന്നങ്ങൾ നീക്കം ചെയ്യുന്നതിന് ഗുഡ്സ് ട്രെയിനുകൾ ഉപയോഗിക്കുന്നതു വഴി ലോറികൾ വഴിയുള്ള ചരക്ക് നീക്കത്തിന് ആവശ്യമായി വരുന്ന ഡീസലിന്റെ 70 ശതമാനം ലാഭിക്കുന്നതിനും റോഡുകളിൽ നിന്ന് പ്രതിമാസം 70,000 ത്തിലേറെ ലോറികൾ അകറ്റിനിർത്തുന്നതിനും സാധിക്കുന്നു. 2011 ൽ ഗുഡ്സ് ട്രെയിനുകൾ വഴി ഉത്തര സൗദിയിൽ നിന്ന് ധാതുക്കൾ നീക്കം ചെയ്യുന്നതിന് തുടങ്ങിയതു മുതൽ ഇതുവരെ 3.7 കോടി ടണ്ണിലേറെ ഫോസ്ഫേറ്റും ബോക്സൈറ്റും ഫോസ്ഫോറിക് ആസിഡും ഉരുക്കിയ സൾഫറും നീക്കം ചെയ്തിട്ടുണ്ട്. വഅദ് അൽശമാൽ വ്യവസായ പദ്ധതിയിൽ നിന്നു മാത്രം 20 ലക്ഷം ടൺ ധാതുക്കൾ നീക്കം ചെയ്തിട്ടുണ്ടെന്ന് ഗതാഗത മന്ത്രി പറഞ്ഞു.






