ലഖ്‌നൗ- ഉത്തർപ്രദേശിൽ അപസ്മാര രോഗിയെ തല്ലിക്കൊന്നു. പശു മോഷണം ആരോപിച്ചാണ് ആൾക്കൂട്ടം ഇയാളെ ആക്രമിച്ചത്. യു.പിയിലെ ബുലന്ദഹർ ജില്ലയിലെ മൗവ് ഗ്രാമത്തിലാണ് സംഭവം. രാജേന്ദ്ര മോഹൻ എന്നയാളാണ് മരിച്ചത്. ആൾക്കൂട്ടം ക്രൂരമായി മർദിച്ച ഇയാളെ ആശുപത്രിയിൽ എത്തിക്കാതെ പോലീസ് സ്‌റ്റേഷനിൽ തടഞ്ഞുവെച്ചു. ഇതേതുടർന്ന് ഇയാൾ രക്തം വാർന്നു മരിക്കുകയായിരുന്നു.
ബന്ധുവീട്ടിലെ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മോഹൻ. മോഹനെ പശു മോഷ്ടാവാണെന്ന് ആരോപിച്ച് ജനക്കൂട്ടം ആക്രമിക്കുകയായിരുന്നു. ക്രൂരമർദനത്തിന് പുറമെ മോഹനന്റെ കണ്ണിലും കാലിലും കുത്തി പരിക്കേൽപ്പിച്ചു. തലയ്ക്കും ഗുരുതര പരിക്കേറ്റു. മോഹനന്റെ ബന്ധുവിന്റെ പരാതിയിൽ പോലീസ് കേസെടുത്തു. മോഹനെ പോലീസ് സ്‌റ്റേഷനിൽ തടഞ്ഞുവെച്ചുവെന്ന ആരോപണം പോലീസ് സ്ഥിരീകരിച്ചു. രണ്ട് മണിക്കൂർ തടഞ്ഞു വെച്ചതായി അനുപ് ഷഹർ സ്‌റ്റേഷൻ ഹൗസ് ഓഫീസർ അഖിലേഷ് കുമാർ സ്ഥിരീകരിച്ചു.
അതേസമയം ആറ് മണിക്കൂർ തടഞ്ഞു വെച്ചുവെന്ന ആരോപണം പോലീസ് നിഷേധിച്ചു. ഇയാൾക്ക് പ്രാഥമിക ശുശ്രൂഷ നൽകാൻ പോലും പോലീസ് തയാറായില്ല. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കോൺസ്റ്റബിൾമാരെയും ഒരു പോലീസ് ഡ്രൈവറെയും സസ്‌പെൻഡ് ചെയ്തു.