Sorry, you need to enable JavaScript to visit this website.

ഇംഗ്ലീഷ് ടെസ്റ്റിൽ ഇളവ്; മലയാളി  നഴ്‌സുമാർക്ക് കൂടുതൽ അവസരങ്ങൾ 

ലണ്ടൻ- യു.കെയിലെ നഴ്‌സ് ജോലി ലഭിക്കാൻ കടമ്പയായിരുന്ന ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തിന്റെ കാര്യത്തിൽ ഇളവുകൾ. എൻ.എച്ച്.എസിൽ നഴ്‌സിംഗ് ഒഴിവുകൾ നികത്താനാണ് വിദേശ നഴ്‌സുമാർക്കായി ഇളവുകൾ അനുവദിച്ചത്. സ്റ്റാഫ് നഴ്‌സുമാരുടെ കുറവ് മൂലം ആശുപത്രികളുടെ പ്രവർത്തനം താളം തെറ്റുന്നത് പരിഗണിച്ചാണ് വിദേശ നഴ്‌സുമാർക്കായി ഇംഗ്ലീഷ് ഭാഷാ ടെസ്റ്റിൽ ഇളവ് കൊണ്ടുവരുന്നത്. ഇതനുസരിച്ചു വിദേശ നഴ്‌സുമാർക്ക് ഐ.ഇ.എൽ.ടി.എസിന്റെ റൈറ്റിംഗ് മൊഡ്യൂളിന് യോഗ്യതാ സ്‌കോർ 6.5 മതിയാവും. എന്നാൽ റീഡിംഗ്, ലിസണിംഗ്, സ്പീക്കിംഗ് മൊഡ്യൂളുകൾക്ക് സ്‌കോർ 7 വേണമെന്ന നിലവിലെ രീതി തുടരും. വിദേശ നഴ്‌സുമാരും, മിഡ്‌വൈഫുമാരും പ്രധാനമാണ്. ഇവരില്ലാതെ ഹെൽത്ത് കെയർ സിസ്റ്റം തന്നെ നിലനിൽക്കില്ല എന്ന് എൻ.എം.സി രജിസ്‌ട്രേഷൻ ആന്റ് റീവാലിഡേഷൻ ഡയറക്ടർ എമ്മാ ബ്രോഡ്‌ബെൻഡ് വ്യക്തമാക്കി.
നന്നായി ഇംഗ്ലീഷിൽ ആശയ വിനിമയം നടത്തുന്ന നിരവധി നഴ്‌സുമാരും മിഡ് വൈഫുമാരും ഐഇഎൽ ടിഎസ് റൈറ്റിംഗ് ടെസ്റ്റിൽ നേരിയ വ്യത്യാസത്തിൽ യോഗ്യത നേടാനാവാതെ പോകുന്നുണ്ട്. ഈ യഥാർഥ്യം മനസിലാക്കിയാണ് ഇളവ്. ഇത് മലയാളി നഴ്‌സുമാർക്കും വലിയ സഹായകരമായിരിക്കും.
ഇന്റർനാഷണൽ രജിസ്‌ട്രേഷൻ റിവ്യൂ പ്രൊപോസൽ 28ന് നടക്കുന്ന എൻഎംസി കൗൺസിൽ മീറ്റിംഗ് പരിഗണിക്കും. ഓവർഓൾ സ്‌കോർ 7ൽ നിന്ന് കുറയ്ക്കണമെന്ന ആവശ്യം എൻഎംസി തള്ളി. മോഡേൺ വർക്ക് എൺവയേൺമെന്റിൽ സുരക്ഷിതമായ രോഗികളുമായി ആശയവിനിമയം നടത്തുന്നതിന് റൈറ്റിംഗിൽ സ്‌കോർ 7 എന്ന ലെവൽ ആവശ്യമില്ലെന്ന വാദം എൻഎംസി അംഗീകരിക്കുകയായിരുന്നു. യൂറോപ്യൻ യൂനിയനിൽ നിന്നുള്ള ഹെൽത്ത് കെയർ പ്രൊഫഷണലുകൾക്കും മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഇനി മുതൽ ഒരേ മാനദണ്ഡമാണ് എൻഎംസി നടപ്പാക്കുന്നത്.
ഒഴിവുകൾ നികത്താത്തതും നിലവിലെ നഴ്‌സുമാരുടെ കൊഴിഞ്ഞു പോകലും മൂലം എൻഎച്ച്എസ് കടുത്ത സമ്മർദത്തിലാണ്. ഇതാണ് എൻഎംസിയുടെ തീരുമാനത്തെ സ്വാധീനിച്ചത്. ഇംഗ്ലണ്ടിൽ മാത്രം 42,000 നഴ്‌സിംഗ് ഒഴിവുകൾ നിലവിലുണ്ട്. നിലവിലെ യോഗ്യതാ മാനദണ്ഡം അനുസരിച്ച് ഒഴിവുകൾ നികത്താനാവാത്ത സ്ഥിതിയാണ്.
 

Latest News