അങ്കമാലി - ആദ്യ വിവാഹം വേർപെടുത്തിയതായി കള്ളം പറഞ്ഞ് അമേരിക്കൻ വ്യവസായിയെ വിവാഹം കഴിച്ച യുവതി സ്വത്തും പണവും തട്ടിയെടുത്തതായി പരാതി. നെടുങ്കണ്ടം ചോറ്റുപാറ കല്ലാർ പട്ടം കോളനി പറനാട്ടു വീട്ടിൽ ശ്രീദേവി മാളിയേക്കൽ എന്ന ശ്രീദേവി സുരേഷിനെതിരെയാണ് അമേരിക്കൻ വ്യവസായിയായ സാജു മാളിയേക്കൽ പരാതി നൽകിയിരിക്കുന്നത്. പരാതിയെ തുടർന്ന് നെടുങ്കണ്ടം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടു.
നെടുങ്കണ്ടം ചോറ്റുപാറ കല്ലാർപട്ടം കോളനി പറനാട്ടു വീട്ടിൽ പി.ജി. സുരേഷ്, മകൾ ഗീതു സുരേഷ്, ശ്രീദേവിയുടെ അച്ഛൻ രാജപ്പൻ നായർ, അമ്മ തങ്കമ്മ, സഹോദരൻ വി.ആർ. മോഹനൻ, സഹോദരി ശോഭന, ശോഭനയുടെ മകൾ അമ്പിളിമോൾ എന്നിവർക്കെതിരെയും സാജു പരാതി നൽകിയിട്ടുണ്ട്. തന്നിൽനിന്ന് 22 ലക്ഷം രൂപ അപഹരിച്ചതായും കൂടാതെ രണ്ട് കോടി രൂപയോളം തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു.
നൃത്താധ്യാപികയായ ശ്രീദേവി, ഭർത്താവ് സുരേഷുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് അമേരിക്കയിൽ 15 വർഷമായി സംഗീത നൃത്ത വിദ്യാലയം നടത്തിവന്നിരുന്ന അങ്കമാലി സ്വദേശിയായ പരാതിക്കാരനെ വിവാഹം കഴിച്ചത്. ഈ വിവാഹത്തിന് സമ്മതമാണെന്ന് ശ്രീദേവിയുടെ അച്ഛനും അമ്മയും മകളും സമ്മതപത്രം മുദ്ര പേപ്പറിൽ ഒപ്പിട്ടുകൊടുത്തിരുന്നത്രേ. യുവതി കലാമണ്ഡലത്തിൽനിന്ന് ബിരുദം നേടിയിട്ടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പരാതിക്കാരന്റെ സ്ഥാപനത്തിൽ ജോലിക്ക് അപേക്ഷ നൽകിയത്.
എന്നാൽ ഇതിന് തെളിവായി സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ചോദിച്ചപ്പോൾ ഒഴിഞ്ഞു മാറുകയായിരുന്നു. പിന്നീട് ഇവർ കലാമണ്ഡലത്തിൽ പഠിക്കുകയോ കലാമണ്ഡലം കാണുക പോലുമോ ചെയ്തിട്ടില്ലെന്ന് അറിവു കിട്ടി. കഴിഞ്ഞ ഏഴ് വർഷമായി തന്റെ പേരിനൊപ്പം കലാമണ്ഡലം എന്നു കൂടി ചേർത്താണ് ശ്രീദേവി അമേരിക്കയിലെ പ്രവാസികളെ കബളിപ്പിക്കുകയും കുട്ടികൾക്ക് സർട്ടിഫിക്കറ്റ് കൊടുക്കുകയും ചെയ്തിരുന്നത്.
ഇവർ വിവാഹ മോചിതയല്ലന്നും ആദ്യ ഭർത്താവുമായി ഇപ്പോഴും ബന്ധപ്പെടുന്നുണ്ടെന്നും പരാതിക്കാരൻ അറിയുന്നത് അടുത്തിടെയാണ്. ഇതോടെയാണ് അമേരിക്കയിൽ ഗ്രീൻ കാർഡ് കിട്ടുവാനും പണം സമ്പാദിക്കുന്നതിനുമായി ശ്രീദേവി തന്നെ വഞ്ചിക്കുകയാണന്ന് മനസ്സിലായത്. വിവാഹം കഴിഞ്ഞ ഉടനെ വിസ തീർന്നിരുന്ന ഇവർക്ക് ഗ്രീൻ കാർഡിനു ഫയൽ ചെയ്യുകയും രണ്ടു വർഷത്തെ കാലയളവിലുള്ള ഗ്രീൻ കാർഡ് ശ്രീദേവിക്കും മക്കൾക്കും എടുത്തു കൊടുക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു. പത്തു വർഷത്തെ ഗ്രീൻ കാർഡ് അപേക്ഷ അമേരിക്കൻ ഗവൺമെന്റിന്റെ പരിഗണനയിലാണ്.
വിവാഹത്തിനു ശേഷം നെടുങ്കണ്ടത്തിനടുത്ത് ചോറ്റുപാറയിൽ മുൻ ഭർത്താവിന്റെ ഒന്നര ഏക്കർ സ്ഥലത്ത് തനിക്ക് പാതി അവകാശമുണ്ടെന്നും ആ സ്ഥലം ഈടായി മുൻ ഭർത്താവ് സുരേഷ് ലോൺ എടുത്തിട്ടുണ്ടെന്നും അത് ക്ലോസ് ചെയ്താൽ മുഴുവൻ സ്വത്തും തന്റെ പേരിലാക്കാൻ കഴിയുമെന്നും പറഞ്ഞാണ് 19 ലക്ഷം രൂപ കൈയിലാക്കിയത്. ആറ് മാസത്തിനുള്ളിൽ പണം തിരിച്ചെടുക്കുവാൻ സാധിക്കുമെന്ന് ഉറപ്പു നൽകുകയു ചെയ്തു. എന്നാൽ ഇതുവരെ പണം തിരിച്ച് നൽകിയിട്ടില്ല. കൂടാതെ ശ്രീദേവിയുടെ സഹോദരനും സഹോദരിയും തന്നിൽനിന്ന് 1.65 ലക്ഷം രൂപ കടമായി വാങ്ങിയെന്നും തിരികെ തന്നിട്ടില്ലെന്നും പരാതിയിൽ പറയുന്നു.
അമേരിക്കയിലെ തന്റെ സ്ഥാപനത്തിൽ നൃത്താധ്യാപികയെ അന്വേഷിക്കുന്നതിനിടെയാണ് ശ്രീദേവിയെ പരിചയപ്പെടുന്നത്. 2011 ൽ അങ്കമാലിയിലെ വീട്ടിൽ മക്കളുമായി വന്നാണ് ശ്രീദേവി തന്നെ പരിചയപ്പെടുന്നതെന്നും പരാതിയിൽ പറയുന്നു.
അമേരിക്കയിൽ എത്തിയ ശേഷം ശ്രീദേവിയുമായി പ്രണയത്തിലാവുകയായിരുന്നു. പരാതിക്കാരന്റെ ആദ്യ വിവാഹ ബന്ധം ശ്രീദേവിയുടെ നിർബന്ധത്താൽ വേർപെടുത്തേണ്ടി വന്നു. ഈ ബന്ധത്തിൽ ഇയാൾക്ക് മൂന്ന് മക്കളുണ്ട്. തുടർന്ന് അമേരിക്കയിലെ നിയമപ്രകാരം ശ്രീദേവിയെ വിവാഹം കഴിക്കുകയായിരുന്നു. വിവാഹത്തിനു മുമ്പു തന്നെ ശ്രീദേവി ആദ്യ ബന്ധത്തിലെ രണ്ട് മക്കളെയും അമേരിക്കയിൽ എത്തിച്ചിരുന്നു. വിവാഹത്തിനു ശേഷം പരാതിക്കാരൻ നൃത്ത വിദ്യാലയത്തിന്റെ പകുതി ഉടമസ്ഥാവകാശം ശ്രീദേവിക്ക് എഴുതിക്കൊടുത്തു. ഇതോടെ അമേരിക്കയിലെ ഹൂസ്റ്റണിലെ പ്രശസ്ത നൃത്ത അദ്ധ്യാപികയായി പേരെടുക്കുകയും ചെയ്തു.
വിവാഹം കഴിഞ്ഞത് ആരേയും അറിയിക്കാൻ ശ്രീദേവി തയറല്ലായിരുന്നു. ഇതിൽ എന്തോ ദുരുദ്ദേശ്യം തോന്നിയ പരാതിക്കാരൻ കോടതിയിൽ വെച്ച് നടന്ന കല്യാണത്തിന്റെ ചിത്രങ്ങൾ ഫെയ്‌സ്ബുക്കിൽ ഇട്ടത് ശ്രീദേവിയെ ചൊടിപ്പിച്ചു.
ഇപ്പോൾ അവർ പുതിയ നൃത്ത വിദ്യാലയം തുടങ്ങിയിരിക്കുകയാണെന്നും സാജു മാളിയേക്കൽ പരാതിയിൽ പറയുന്നു.






