അറാര്‍ - ഖുറയ്യാത്ത് നിവാസിയായ പിഞ്ചുബാലികയുടെ ആഗ്രഹം സഫലമാക്കി സല്‍മാന്‍ രാജാവ്. അല്‍ജൗഫ് പ്രവിശ്യയില്‍ പര്യടനം നടത്തുന്ന സല്‍മാന്‍ രാജാവിന്റെ ദൃശ്യങ്ങള്‍ ടി.വിയില്‍ കണ്ട് രാജാവിനെ നേരിട്ട് കാണുന്നതിനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ബാലിക കരയുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. 'രാജാവ് നമ്മെ കാണുന്നതിന് എങ്ങനെയാണ് വരിക' എന്ന് കുടുംബാംഗങ്ങളോട് ആരാഞ്ഞ് ബാലിക കരയുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോ ക്ലിപ്പിംഗിലുണ്ടായിരുന്നത്.
ഇത് ശ്രദ്ധയില്‍ പെട്ടാണ് തന്നെ നേരിട്ട് കാണുന്നതിന് രാജാവ് ബാലികക്കും കുടുംബാംഗങ്ങള്‍ക്കും സൗകര്യമൊരുക്കിയത്. രാജാവിനെ കണ്ട മാത്ര ഓടിയണഞ്ഞ് ബാലിക അദ്ദേഹത്തെ വാരിപ്പുണര്‍ന്നു. ബാലികയെ രാജാവ് പിതൃവാത്സല്യത്തോടെ താലോലിക്കുകയും ഉമ്മ വെക്കുകയും ചെയ്തു. കുട്ടിയുടെ കുടുംബാംഗങ്ങളെയും രാജാവ് സ്വീകരിക്കുകയും അവരുടെ വിശേഷങ്ങള്‍ ആരായുകയും ചെയ്തു.