ഇന്ത്യയിലെ പകുതിയോളം എടിഎമ്മുകള്‍ അടച്ചു പൂട്ടുന്നു

മുംബൈ- ഇന്ത്യയില്‍ 1.13 ലക്ഷത്തോളം എടിഎമ്മുകള്‍ അടുത്ത വര്‍ഷം മാര്‍ച്ചോടെ അടച്ചുപൂട്ടാനൊരുങ്ങുന്നു. നടത്തിപ്പ് ചെലവുകള്‍ താങ്ങാനാവാത്തതിനെ തുടര്‍ന്നാണ് ഈ നീക്കമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് എടിഎം ഇന്‍ഡസ്ട്രി (സി.എ.ടി.എം.ഐ) അറിയിച്ചു. നിലവില്‍ രാജ്യത്തുടനീളം നഗര, ഗ്രാമീണ മേഖലകളിലായി ഏകദേശം 2.38 ലക്ഷം എടിഎമ്മുകള്‍ ഉണ്ടെന്നാണ് കണക്ക്. ഇവയില്‍ ഒരു ലക്ഷത്തോളം ബാങ്ക് എടിഎമ്മുകളും 15,000ഓളം മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെ വൈറ്റ് ലേബല്‍ എടിഎമ്മുകളുമാണ് അടച്ചു പൂട്ടാനൊരുങ്ങുന്നത്. ഇത് കോടിക്കണക്കിന് ആളുകളെ ബാധിക്കും. ബാങ്കുകളിലെത്തുന്ന സര്‍ക്കാര്‍ സബ്ഡിഡികള്‍ എടിഎം വഴി പിന്‍വിക്കുന്ന ഗ്രാമീണ മേഖലയിലെ സാധാരണക്കാരെയാണ് പ്രധാനമായും ഇതു ബാധിക്കുകയെന്നും എടിഎം സേവന ദാതാക്കളുടെ സംഘനയായ സി.എ.ടി.എം.ഐ വക്താവ് പറഞ്ഞു.

എടിഎമ്മുകളുടെ ഹാര്‍ഡ് വെയര്‍, സോഫ്റ്റ് വെയര്‍ അപ്‌ഗ്രേഡുകള്‍ സംബന്ധിച്ചു മറ്റും പുതുതായി കൊണ്ടുന്ന നിയന്ത്രണ ചട്ടങ്ങളും പണം കൈകാര്യം ചെയ്യല്‍ മാനദണ്ഡങ്ങളും കാരണം നടത്തിപ്പ് ചെലവ് ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. ഈ ചെലവുകള്‍ ബാങ്കുകളല്ല വഹിക്കുന്നത്. എടിഎം സേവന ദാതാക്കളാണ്. ബാങ്കുകള്‍ ചെലവ് വഹിച്ചാല്‍ നിലനിര്‍ത്താനാകുമെന്നും അവര്‍ പറയുന്നു. ബാങ്കുകളുമായുണ്ടാക്കിയ കരാര്‍ പ്രകാരമാണ് സേവന ദാതാക്കള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ അധിക ചെലവുകള്‍ വരുത്തിയ പുതിയ മാറ്റങ്ങളെല്ലാം കരാറിനു ശേഷമാണ് വന്നത്. പുതിയ വലിപ്പത്തിലുള്ള നോട്ടുകളെത്തിയതോടെ കറന്‍സ് കൈകാര്യം ചെയ്യുന്നതിനും മെഷീനിലെ നോട്ടു തട്ടുകള്‍ മാറ്റുന്നതിനും വലിയ ചെലവുണ്ടെന്നും ഇതൊന്നും ബാങ്കുകളല്ല വഹിക്കുന്നതെന്നും ഇവര്‍ പറയുന്നു.
 

Latest News