Sorry, you need to enable JavaScript to visit this website.

നോട്ട് നിരോധത്തിന്റെ ദുരിതം വിളിച്ചുപറഞ്ഞ് കേന്ദ്ര കൃഷി മന്ത്രാലയം

വരൾച്ചാ നഷ്ടപരിഹാരം അടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് താനെയിൽനിന്ന് മുംബൈയിലേക്ക് നടത്തിയ ദ്വിദിന പ്രതിഷേധ മാർച്ചിൽ പങ്കെടുക്കുന്ന കർഷകരും ആദിവാസികളും. ആയിരങ്ങളാണ് ഈ പ്രക്ഷോഭത്തിൽ അണിനിരന്നത്. 

ന്യൂദൽഹി- നോട്ടു നിരോധം രാജ്യത്തെ ലക്ഷക്കണക്കിന് കർഷകരെ തീരാദുരിതത്തിലാഴ്ത്തിയെന്ന് കേന്ദ്ര കൃഷി മന്ത്രാലയം. സാമ്പത്തിക കാര്യങ്ങൾക്കുള്ള പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റിക്കു നൽകിയ റിപ്പോർട്ടിലാണ് നോട്ടു നിരോധത്തെ കുറ്റപ്പെടുത്തി നരേന്ദ്ര മോഡി സർക്കാരിലെ കാർഷിക വകുപ്പു തന്നെ രംഗത്തെത്തിയിരിക്കുന്നത്. നോട്ട് നിരോധത്തെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി മധ്യപ്രദേശിലെ ജാബുവയിൽ പ്രസംഗിച്ച അതേ ദിവസം തന്നെയാണ് കേന്ദ്ര കൃഷി മന്ത്രാലയം നോട്ടു നിരോധത്തെ കുറ്റപ്പെടുത്തി റിപ്പോർട്ട് നൽകിയത്. 
നോട്ടു നിരോധം ഏർപ്പെടുത്തിയ ശേഷം ലക്ഷക്കണക്കിന് കർഷകർ വിത്തും വളവും വാങ്ങാൻ നിവൃത്തിയില്ലാതെ നെട്ടോട്ടമോടിയെന്നാണു കൃഷി മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നത്. കർഷകർ ഖാരിഫ് വിളകൾ വിൽക്കുകയും റാബി വിളകൾ വിതയ്ക്കുകയും ചെയ്യുന്ന സമയത്താണ് നോട്ടു നിരോധം ഏർപ്പെടുത്തുന്നത്. ധാരാളം പണച്ചെലവുള്ള ഈ സമയത്ത് നോട്ടുകൾ നിരോധിച്ചത് കർഷകരെ പൊടുന്നനെ വിപണിയിൽ നിന്നും കൃഷിയിടത്തിൽ നിന്നും പിൻവാങ്ങാൻ നിർബന്ധിതരാക്കി. രാജ്യത്തെ 263 ദശലക്ഷം കർഷകരും പണം അടിസ്ഥാനമാക്കിയുള്ള സാഹചര്യത്തിലാണ് കാർഷികവൃത്തി നടത്തുന്നത്. നോട്ടുകൾ നിരോധിച്ചതോടെ കർഷകർക്ക് വിത്തും വളവും വാങ്ങാൻ പണമില്ലാതായി. മാത്രമല്ല, ഉത്പാദിപ്പിച്ച ശീതകാല വിളകൾ വിപണിയിൽ വിറ്റഴിക്കാനും സാധിച്ചില്ല. വൻ ഭൂവുടമകൾ പോലും കാർഷിക തൊഴിലാളികൾക്ക് കൂലി നൽകാൻ കഴിയാതെ വിഷമിച്ചു. നാഷണൽ സീഡ്‌സ് കോർപറേഷൻ പോലും 1.38 ലക്ഷം ക്വിന്റൽ ഗോതമ്പ് വിൽക്കാൻ കഴിയാതെ വെട്ടിലായി. ഇതു നോട്ടു നിരോധം കൊണ്ടു മാത്രമുണ്ടായ പ്രതികൂലാവസ്ഥയാണ്. 
നോട്ടു നിരോധത്തെ ഔദ്യോഗികമായി തള്ളിപ്പറഞ്ഞു കൊണ്ട് ഇതാദ്യമായാണ് കേന്ദ്ര സർക്കാരിനുള്ളിൽനിന്ന് ഒരു റിപ്പോർട്ട് പുറത്തു വരുന്നത്. കോൺഗ്രസ് എം.പി എം.വീരപ്പ മൊയ്‌ലി അധ്യക്ഷനായ പാർലമെന്ററി സമിതിയുടെ മുന്നിലാണ് റിപ്പോർട്ട് എത്തിയിരിക്കുന്നത്. കാർഷിക മന്ത്രാലയം, തൊഴിൽ മന്ത്രാലയം, ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ ചുമതലയുള്ള മന്ത്രാലയം എന്നിവയാണ് സാമ്പത്തികകാര്യ പാർലമെന്ററി സമിതിക്കു മുന്നിൽ നോട്ടു നിരോധത്തിന്റെ അനന്തര ഫലങ്ങൾ വിശദീകരിച്ചത്. 
സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത പ്രതിപക്ഷ അംഗങ്ങൾ നോട്ട് നിരോധത്തിന്റെ അനന്തര ഫലങ്ങളെക്കുറിച്ച് രൂക്ഷമായ ചോദ്യങ്ങൾ ഉന്നയിച്ചതായാണു വിവരം. എന്നാൽ, കേന്ദ്ര തൊഴിൽ മന്ത്രാലയം നോട്ടു നിരോധത്തെ പ്രകീർത്തിച്ചു കൊണ്ടുള്ള റിപ്പോർട്ടാണ് നൽകിയത്. 
കഴിഞ്ഞ തൊഴിൽ സർവേകളിൽ തൊഴിലവസരങ്ങൾ വർധിച്ചുവെന്നാണു റിപ്പോർട്ടിൽ പറയുന്നത്.

 

Latest News