ജിസാൻ - കൊലക്കേസ് പ്രതിയായ ആഫ്രിക്കക്കാരന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി പൗരൻ മുഹമ്മദ് ബിൻ ത്വാഹിർ അലവാനിയെ തർക്കത്തെ തുടർന്ന് മുട്ടൻ വടി ഉപയോഗിച്ച് ശിരസ്സിന് അടിച്ചു കൊലപ്പെടുത്തിയ ജിബൂത്തി സ്വദേശി അബ്ദു ഹുസൈൻ അലി ഇബ്രാഹിമിനാണ് ശിക്ഷ നടപ്പാക്കിയത്.
കേസിൽ അറസ്റ്റിലായ പ്രതിക്ക് നേരത്തെ കോടതി വിധിച്ച വധശിക്ഷ കൊല്ലപ്പെട്ട സൗദി പൗരന്റെ ഇളയ മക്കൾക്ക് പ്രായപൂർത്തിയാകുന്നതുവരെ നീട്ടിവെച്ചതായിരുന്നു. പിതാവിന്റെ ഘാതകന് വധശിക്ഷ നടപ്പാക്കുന്നതിൽ അവരുടെ കൂടി അഭിപ്രായം അറിയുന്നതിനായിരുന്നു ഇത്. പ്രായപൂർത്തിയായ മക്കളും പിതാവിന്റെ ഘാതകന് വധശിക്ഷ നടപ്പാക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായി കോടതിയെ അറിയിച്ചതിനു പിന്നാലെ അപ്പീൽ കോടതിയും സുപ്രീം കോടതിയും ശിക്ഷ ശരിവെക്കുകയും ശിക്ഷ നടപ്പാക്കുന്നതിന് രാജാവിന്റെ അനുമതി ലഭിക്കുകയും ചെയ്തു.