റിയാദ് - കഴിഞ്ഞ വർഷം സൗദിയിൽ തൊഴിലിടങ്ങളിലുണ്ടായ അപകടങ്ങളിൽ 189 പേർ മരിച്ചതായി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിന്റെ കണക്ക്. കഴിഞ്ഞ വർഷം തൊഴിലിടങ്ങളിലുണ്ടായ അപകടങ്ങളിൽ ആകെ 42,361 പേർക്ക് പരിക്കേറ്റിരുന്നു. ഇതിൽ 64 ശതമാനം പേരുടെയും പരിക്കുകൾ വൈകല്യം സംഭവിക്കാതെ ഭേദമായി. 1,550 പേരുടെ പരിക്കുകൾ വൈകല്യത്തോടെ ഭേദമായി. 2016 ൽ 50,985 പേർക്കും 2015 ൽ 72,662 പേർക്കും തൊഴിലിടങ്ങളിലുണ്ടായ അപകടങ്ങളിൽ പരിക്കേറ്റിരുന്നു.
തൊഴിൽ സുരക്ഷാ മാനദണ്ഡങ്ങളെ കുറിച്ച് തൊഴിലാളികളുടെ അവബോധക്കുറവും തൊഴിൽ സ്ഥലങ്ങളിൽ തൊഴിൽ സുരക്ഷാ മാനദണ്ഡങ്ങളും വ്യവസ്ഥകളും പാലിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ട വകുപ്പുകൾ ഉറപ്പുവരുത്താത്തതും മതിയായ യോഗ്യതയില്ലാത്തവരെ തൊഴിൽ സുരക്ഷാ വിദഗ്ധരായി സ്വകാര്യ കരാറുകാർ നിയമിക്കുന്നതുമാണ് തൊഴിൽ അപകടങ്ങൾക്ക് പ്രധാന കാരണം. ഉയർന്ന സ്ഥലങ്ങളിൽ നിന്നുള്ള വീഴ്ച, രാസപദാർഥങ്ങൾ കൈകാര്യം ചെയ്യുന്നതിനിടെയുണ്ടാകുന്ന പൊള്ളലുകളും ശ്വാസംമുട്ടലും, വൈദ്യുതി ഷോക്ക്, ഭൂമിക്കടിയിൽ ജോലി ചെയ്യുന്നതിനിടെ ശ്വാസംമുട്ടൽ, മണ്ണിടിച്ചിൽ മൂലമുള്ള പരിക്കുകൾ എന്നിവയാണ് തൊഴിലിടങ്ങളിലുണ്ടാകുന്ന പരിക്കുകളിൽ കൂടുതലും.






