റിയാദ് - സൗദി അറേബ്യയുടെ ഉറച്ച പങ്കാളിയായി അമേരിക്ക തുടരുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ജമാൽ ഖശോഗി കൊല്ലപ്പെട്ട സംഭവം സൗദി, അമേരിക്കൻ ബന്ധത്തെ ബാധിക്കില്ല. ഖശോഗി വധവുമായി ബന്ധപ്പെട്ട വിവരങ്ങൾ സി.ഐ.എ പരിശോധിച്ചുവരികയാണ്. സംഭവവുമായി ബന്ധപ്പെട്ട എല്ലാ യാഥാർഥ്യങ്ങളും അറിയുക ചിലപ്പോൾ ദുഷ്‌കരമാകും.
ഇസ്താംബൂൾ സൗദി കോൺസുലേറ്റിൽ ഒക്‌ടോബർ രണ്ടിന് ജമാൽ ഖശോഗി എങ്ങിനെയാണ് കൊല്ലപ്പെട്ടതെന്നും ആരാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും കണ്ടെത്തുന്നതിന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ തെളിവുകൾ പഠിച്ചുവരികയാണ്. ഖശോഗിക്കെതിരായ കുറ്റകൃത്യം കിരാതമാണ്. ഇത് അമേരിക്ക അംഗീകരിക്കില്ല. കൊലപാതകത്തിൽ പങ്കെടുത്തതായി ഇതിനകം തെളിഞ്ഞവർക്കെതിരെ അമേരിക്ക ശക്തമായ നടപടികളെടുത്തിട്ടുണ്ട്. സ്വതന്ത്രമായ ഗവേഷണത്തിലൂടെ ഈ കിരാത കുറ്റകൃത്യത്തെ കുറിച്ച നിരവധി വിശദാംശങ്ങൾ അറിയുന്നതിന് അമേരിക്കക്ക് കഴിഞ്ഞിട്ടുണ്ട്. ഖശോഗി വധത്തിൽ പങ്കുവഹിച്ച 17 സൗദികൾക്കെതിരെ അമേരിക്ക ഇതിനകം ശിക്ഷാ നടപടികൾ ബാധകമാക്കി. ഖശോഗി വധം ആസൂത്രണം ചെയ്തതിനെയോ നടപ്പാക്കിയതിനെയോ കുറിച്ച് തങ്ങൾക്ക് ഒരു അറിവുമുണ്ടായിരുന്നില്ലെന്ന് സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും വ്യക്തമാക്കിയിട്ടുണ്ട്.
മേഖലയിൽ അമേരിക്കയുടെയും സഖ്യരാജ്യങ്ങളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് സൗദി അറേബ്യ അമേരിക്കയുടെ ഉറച്ച പങ്കാളിയായി തുടരും. സൗദി അറേബ്യയുമായുണ്ടാക്കിയ ബില്യൺ കണക്കിന് ഡോളറിന്റെ സൈനിക കരാറുകൾ റദ്ദാക്കില്ല. വിഡ്ഢിത്തം ചെയ്ത് ഈ കരാറുകൾ അമേരിക്ക റദ്ദാക്കുന്നപക്ഷം റഷ്യക്കും ചൈനക്കുമാണ് അതിന്റെ പ്രയോജനം ലഭിക്കുക. ലോകത്തെങ്ങും ഭീകരതയെ പൂർണമായും ഇല്ലാതാക്കുകയെന്നത് അമേരിക്കയുടെ പരമമായ ലക്ഷ്യമാണ്. ഭീകര വിരുദ്ധ പോരാട്ടത്തിന് ബില്യൺ കണക്കിന് ഡോളർ ചെലവഴിക്കുന്നതിന് സൗദി അറേബ്യ സമ്മതിച്ചിട്ടുണ്ട്.
അമേരിക്കയിൽ 45,000 കോടി ഡോളർ ചെലവഴിക്കുന്നതിനും നിക്ഷേപം നടത്തുന്നതിനും സൗദി അറേബ്യ സമ്മതിച്ചിട്ടുണ്ട്. ഇത് റെക്കോർഡ് തുകയാണ്. ഇത് ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും വലിയ തോതിലുള്ള സാമ്പത്തിക വികസനത്തിന് വഴിവെക്കുകയും ചെയ്യും. 45,000 കോടി ഡോളറിൽ 11,000 കോടി ഡോളർ മിലിട്ടറി ഉപകരണങ്ങൾ വാങ്ങുന്നതിനാണ് സൗദി അറേബ്യ ചെലവഴിക്കുക. ഈ മാസാവസാനം അർജന്റീനയിൽ വെച്ച് നടക്കുന്ന ജി-20 ഉച്ചകോടിക്കിടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി താൻ കൂടിക്കാഴ്ച നടത്തുമെന്നും ട്രംപ് പറഞ്ഞു.
യെമൻ യുദ്ധത്തിന് ഇറാനാണ് ഉത്തരവാദികൾ. ഹൂത്തികളെ ചട്ടുകമാക്കി, യെമൻ വഴി സൗദി അറേബ്യക്കെതിരെ ഏജൻസി യുദ്ധമാണ് ഇറാൻ നയിക്കുന്നത്. ഇറാഖിൽ സുരക്ഷാ ഭദ്രത തകർക്കുന്നതിനും ഇറാൻ ശ്രമിക്കുന്നു. ലെബനോനിൽ ഭീകര ഗ്രൂപ്പായ ഹിസ്ബുല്ലയെ ഇറാൻ പിന്തുണക്കുന്നു. സിറിയയിൽ ദശലക്ഷക്കണക്കിന് ജനങ്ങളെ കൊന്നൊടുക്കിയ സ്വേച്ഛാധിപതി ബശാർ അൽഅസദിനെയും ഇറാൻ പിന്തുണക്കുന്നു.
ലോകത്ത് ഭീകരത സ്‌പോൺസർ ചെയ്യുന്ന ഒന്നാമത്തെ പ്രധാന രാജ്യമാണ് ഇറാൻ. മധ്യപൗരസ്ത്യദേശത്തെങ്ങും നിരവധി അമേരിക്കക്കാരെയും സാധാരണക്കാരെയും ഇറാനികൾ കൊലപ്പെടുത്തി. അമേരിക്കക്ക് നാശം, ഇസ്രായിലിന് നാശം എന്ന് അവർ പരസ്യമായി മുദ്രാവാക്യം വിളിക്കുന്നു. ലോകത്ത് ഭീകരതക്ക് പിന്തുണ നൽകുന്ന ഏറ്റവും പ്രധാന രാജ്യം ഇറാനാണ്. സൗദി അറേബ്യ യെമനിൽ സമാധാനമാണ് ആഗ്രഹിക്കുന്നത്. യെമനിൽ നിന്ന് ഇറാനികൾ പുറത്തുപോകണം. യെമനിൽനിന്ന് പിൻവാങ്ങുന്നതിന് ഇറാൻ സമ്മതിച്ചാൽ സൗദി അറേബ്യയും യെമനിൽനിന്ന് പിൻവാങ്ങും. ഇറാനികൾ പുറത്തുപോയാലുടൻ യെമനികൾക്ക് സൗദി അറേബ്യ സഹായങ്ങൾ നൽകും. മേഖലയിൽ അസ്ഥിരതയുണ്ടാക്കുന്നതിനാണ് ഇറാൻ ശ്രമിക്കുന്നത്. ഇറാനെ നേരിടുന്ന കാര്യത്തിൽ സൗദി അറേബ്യ അമേരിക്കയുടെ തന്ത്രപ്രധാന സഖ്യമാണെന്നും യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പറഞ്ഞു.