ഇന്ത്യന്‍ സ്‌കൂള്‍ ഇലക് ഷന്‍: സ്ഥാനാര്‍ഥി യോഗ്യത പുനഃപരിശോധിക്കണമെന്ന് ആവശ്യം

ജിദ്ദ- ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാന്‍ സ്ഥാനാര്‍ഥികള്‍ക്ക് ബിരുദാനന്തര ബിരുദം വേണമെന്ന നിര്‍ദേശം പുനഃപരിശോധിക്കണമെന്ന് കേരള എന്‍ജിനീയേഴ്‌സ് ഫോറം ആവശ്യപ്പെട്ടു.  സര്‍ക്കുലര്‍ പ്രകാരം സ്ഥാനാര്‍ത്ഥി ആകാനുള്ള മിനിമം യോഗ്യത മാസ്റ്റര്‍
ബിരുദമാണ്. അതല്ലെങ്കില്‍ അഞ്ചു വര്‍ഷത്തെ കോഴ്‌സ് കഴിഞ്ഞ എം.ബി.ബി.എസ് പോലുള്ള ബിരുദമാണ്. അങ്ങനെ വരുമ്പോള്‍ നാലുവര്‍ഷം പഠിച്ച് എന്‍ജിനീയിറിംഗ് ബിരുദമെടുത്ത പ്രൊഫഷണലുകള്‍ക്ക് മത്സരിക്കാനാവില്ല. രക്ഷിതാക്കളില്‍ ബുഹഭൂരിഭാഗം പേരും ബിരുദധാരികളാണ്.  മാസ്റ്റര്‍ ബിരുദമുള്ളവര്‍ താരതമ്യേന കുറവാണ്. പ്രൊഫഷണല്‍ ഡിഗ്രി കഴിഞ്ഞവരില്‍ മാസ്റ്റര്‍ ബിരുദമുള്ളവര്‍ അഞ്ച് ശതമാനത്തില്‍ താഴേ മാത്രമാണുള്ളത്.
പല ബിരുദധാരികളും മറ്റു പല സ്‌പെഷലൈസേഷനും ഉള്ളവരാണ്. പലരും പല വന്‍കിട സ്ഥാപനങ്ങളുടെയും സീനിയര്‍ മാനേജര്‍മാരായി പ്രാവീണ്യം തെളിയിച്ചിട്ടുള്ളവരുമാണ്.
ഇതുവരെയുള്ള തെരഞ്ഞെടുപ്പുകളില്‍ ബിരുദധാരികള്‍ ആയിരിക്കണമെന്നതായിരുന്നു യോഗ്യതാ മാനദണ്ഡം. മാറ്റം വരുത്തിയപ്പോള്‍ രക്ഷാകര്‍ത്താക്കളില്‍ ഭൂരിഭാഗം വരുന്ന ബിരുദ ധാരികള്‍ക്ക് മത്സരിക്കാന്‍ കഴിയാത്ത സഹാചര്യമാണ്. അതുകൊണ്ട് സ്ഥാനാര്‍ത്ഥികള്‍ക്കുള്ള മിനിമം യോഗ്യത ബിരുദമാക്കി നിലനിര്‍ത്തണമെന്ന് ഫോറം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചു ഇലക്ഷന്‍ കമ്മീഷണറായ പ്രിന്‍സിപ്പല്‍, ഇന്ത്യന്‍ സ്‌കൂളുകളുടെ രക്ഷാധികാരി അംബാസഡര്‍, വിദ്യാഭ്യാസ മന്ത്രാലയം എന്നിവര്‍ക്ക് നിവേദനം നല്‍കിയതായി പ്രസിഡന്റ് വി.ടി. അബ്ദുല്‍ റഷീദ് അറിയിച്ചു. കൂടാതെ സോഷ്യല്‍ മീഡിയയില്‍ change.org ലൂടെ
രക്ഷിതാക്കളുടെ ഒപ്പു ശേഖരിച്ച് പരാതി നല്‍കുന്നതിനും ലക്ഷ്യമിടുന്നതായി അദ്ദേഹം പറഞ്ഞു.

 

Latest News