Sorry, you need to enable JavaScript to visit this website.

ഗോവയില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പരീക്കറുടെ വീട്ടിലേക്ക് വന്‍ മാര്‍ച്ച്

പനജി- ഗോവ മുഖ്യമന്ത്രി പദവിയില്‍ നിന്ന് മനോഹര്‍ പരീക്കര്‍ ഉടന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പരീക്കറുടെ സ്വകാര്യ വസതിയിലേക്ക് മാര്‍ച്ച് നടത്തി. എന്‍.സി.പിയും ബി.ജെ.പിക്കൊപ്പമുള്ള ശിവ സേനയും മാര്‍ച്ചിനെ പിന്തുണച്ചു. രോഗ കാരണങ്ങളാല്‍ ചികിത്സയിലും വിശ്രമത്തിലും കഴിയുന്ന പരീക്കര്‍ക്കു പകരം മുഴു സമയ മുഖ്യമന്ത്രിയെ നിയമിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. ഭരണം പുനഃസ്ഥാപിക്കാന്‍ ജനങ്ങളുടെ മാര്‍ച്ച് എന്ന പേരിലായിരുന്നു ഇത്. ഒരു കിലോമീറ്ററോളം നടന്നെത്തിയ മാര്‍ച്ച് പരിക്കര്‍ 48 മണിക്കൂറിനുള്ളില്‍ രാജിവെക്കണമെന്നാവശ്യപ്പെട്ടു. രോഗിയായ പരീക്കര്‍ പദവയില്‍ തുടരേണ്ടതില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ രോഗവും ചികിത്സയും കാരണം ഒമ്പതു മാസമായി സംസ്ഥാനത്ത് ഭരണം സ്തംഭിച്ചിരിക്കുകയാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. 

മാര്‍ച്ച് പരീക്കറുടെ വീടിനു 100 മീറ്റര്‍ അപ്പുറത്ത് പോലീസ് തടഞ്ഞു. അനാരോഗ്യം കാരണം പ്രതിഷേധക്കാരെ കാണാന്‍ മുഖ്യമന്ത്രി പരീക്കര്‍ വിസമ്മതിച്ചതായി ഡെപ്യൂട്ടി കലക്ടര്‍ ശശാങ്ക് ത്രിപാഠി അറിയിച്ചു. സംസ്ഥാനത്തിന് ആവശ്യം ഒരു മുഴു സമയ മുഖ്യമന്ത്രിയെ ആണ്. ഗോവയില്‍ ഭരണം താറുമാറായിരിക്കുകയാണ്. മുഖ്യമന്ത്രി സ്വന്തം മന്ത്രിമാരേയോ എംഎല്‍എമാരെയോ പോലും കാണുന്നില്ല- മാര്‍ച്ച് നയിച്ച സാമൂഹ്യ പ്രവര്‍ത്തകന്‍ അയേഴ്‌സ് റോഡിഗ്രസ് പറഞ്ഞു. തങ്ങള്‍ എത്തിയത് മുഖ്യമന്ത്രിയുടെ ആരോഗ്യ സ്ഥിതി അറിയാന്‍ കൂടിയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗിരീഷ് ചോഡാങ്കര്‍, പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവ്‌ലേക്കര്‍, എംഎല്‍എമാരായ ദിഗംബര്‍ കാമത്, അലെക്‌സിയോ റെഡിനാള്‍ഡോ ലോറന്‍സോ, അന്റോണിയോ ഫെര്‍ണാണ്ടസ്, ഫ്രാന്‍സിസ് സില്‍വേരിയ എന്നിവരും മാര്‍ച്ചില്‍ പങ്കെടുത്തു. ഗോവയില്‍ ജനങ്ങളുടെ പ്രാര്‍ത്ഥന മുഖ്യമന്ത്രി എത്രയും വേഗം ആരോഗ്യ വീണ്ടെടുക്കണമെന്നാണ്. എന്നാല്‍ ഇതിനര്‍ത്ഥം ഭരണം സ്തംഭിപ്പിച്ച് അദ്ദേഹം പദവയില്‍ തുടരണം എന്നല്ല- ശിവ സേന സംസ്ഥാന അധ്യക്ഷന്‍ ജിതേഷ് കാമത്ത് പറഞ്ഞു. 

ആര്‍ബുധ ബാധയെ തുടര്‍ന്ന് മാസങ്ങളായി ചികിത്സയില്‍ കഴിയുന്ന 62കാരന്‍ പരീക്കറെ ദല്‍ഹി എയിംസില്‍ നിന്ന് മാറ്റിയ ശേഷം ഒക്ടോബര്‍ 14 മുതല്‍ സ്വന്തം വീട്ടില്‍ ചികിത്സ തുടരുകയാണ്.

Latest News