കൊച്ചി- പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയുടെ ചിത്രം പ്രൊഫൈൽ ചിത്രമായി ഉപയോഗിച്ച് സാമൂഹ്യമാധ്യമങ്ങളിൽ മതവിരുദ്ധ പ്രചാരണം നടത്തുന്നതിനെതിരെ കേരള പോലീസിലെ സൈബർ വിഭാഗത്തിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് അബ്ദുന്നാസിർ മഅ്ദനിയുടെ മകൻ സലാഹുദ്ദീൻ അയ്യൂബി കൊച്ചി സിറ്റി പോലീസ് കമ്മീഷർ എം.പി ദിനേശിന് പരാതി നൽകി. അഷറഫ് മുഹമ്മദ് എന്ന പേരുള്ള ഒരാൾ ഫ്രീ തിങ്കേഴ്‌സ് എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പിൽ തന്റെ പിതാവിന്റെ ചിത്രം ഉൾപ്പെടുത്തിയുള്ള ഒരു പ്രൊഫൈൽ ഉപയോഗിച്ച് മതവിരുദ്ധവും സാമുദായിക സൗഹൃദവും സാഹോദര്യവും തകർക്കുന്ന രീതിയിൽ വിഷം വമിപ്പിക്കുന്ന കുറിപ്പുകളും എഴുത്തുകളും കഴിഞ്ഞ കുറെ നാളായി തുടർന്ന് വരുന്നുണ്ടെന്ന് പരാതിയിൽ പറയുന്നു. ശബരിമല വിഷയം മൂർഛിച്ച് നിൽക്കുന്ന പുതിയ സാഹചര്യത്തിൽ അത്യന്തം പ്രകോപനപരമായ ഒരു കുറിപ്പ് അബ്ദുന്നാസിർ മഅ്ദനിയുടെ ചിത്രം ഉപയോഗിച്ച് പ്രചരിപ്പിക്കുന്നുവെന്നും ഇതിനെതിരെ ശക്തമായ നിയമ നടപടി കൈക്കൊള്ളണമെന്നും പരാതിയിൽ സലാഹുദ്ദീൻ അയ്യൂബി അഭ്യർഥിച്ചു. സാമൂഹ്യ മാധ്യമങ്ങളിൽ തന്റെ പിതാവിന്റെ പേരോ ചിത്രമോ ഉപയോഗിച്ച് കൊണ്ട് പ്രൊഫൈൽ അക്കൗണ്ടുകളോ ഗ്രൂപ്പുകളോ അനധികൃതമായി തുടങ്ങരുതെന്നും ഉപയോഗിക്കരുതെന്നും അങ്ങനെ ചെയ്താൽ നിയമ നടപടി നേരിടേണ്ടി വരുമെന്നും നിരവധി തവണ സാമൂഹ്യ മാധ്യമങ്ങൾ വഴി തന്നെ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇവയൊന്നും അംഗീകരിക്കാതെ തന്റെ പിതാവിന്റെ പൊതു സ്വീകാര്യതയെ തകർക്കാനുള്ള ആസൂത്രിതവും അല്ലാതെയും നടന്നു വരുന്ന ശ്രമങ്ങൾക്കെതിരെ അതിശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ സലാഹുദ്ദീൻ അയ്യൂബി ആവശ്യപ്പെട്ടു.