Sorry, you need to enable JavaScript to visit this website.

ശബരിമലയിലെ സമരം യുവതീ  പ്രവേശനത്തിനെതിരല്ലന്ന് ആർ.എസ്.എസും

കോഴിക്കോട്- ശബരിമല വിഷയത്തിൽ പുതിയ വെളിപ്പെടുത്തലുമായി ആർ.എസ്.എസ്. ശബരിമലയിൽ നടക്കുന്നത് യുവതീ പ്രവേശനത്തിനെതിരായ പ്രതിഷേധമല്ലെന്ന് ആർ.എസ്.എസ് പ്രാന്തകാര്യ വാഹക് പി.ഗോപാലൻകുട്ടി തുറന്നു പറഞ്ഞു. 
ശബരിമലയെ തകർക്കാനുള്ള കമ്യൂണിസ്റ്റ് പാർട്ടിയുടെ നീക്കത്തിനെതിരെയാണ് സമരമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. സ്വകാര്യ ചാനലിനോട് പ്രതികരിച്ചപ്പോഴാണ് അദ്ദേഹം ആർ.എസ്.എസിന്റേത് രാഷ്ട്രീയ സമരമാണെന്നും ഭക്തർക്കു വേണ്ടിയുള്ളതല്ലെന്നും പരോക്ഷമായി വെളിപ്പെടുത്തിയത്. നേരത്തെ സുപ്രീം കോടതി വിധി വന്നപ്പോൾ ആദ്യം സ്വാഗതം ചെയ്തതും ഗോപാലൻകുട്ടിയായിരുന്നു. 
ഇപ്പോൾ നടക്കുന്ന പ്രശ്‌നം യുവതി പ്രവേശിക്കണോ വേണ്ടയോ എന്നുള്ളതല്ല. അത് അങ്ങനെയെല്ലാരും വ്യാഖ്യാനിക്കുകയാണ്. ശബരിമലയെ തകർക്കാനുള്ള നിരീശ്വരവാദത്തിന്റെയും കമ്യൂണിസ്റ്റ് പാർട്ടിയുടെയും ഗൂഢ സങ്കൽപ്പത്തെ അല്ലെങ്കിൽ പ്രവർത്തനത്തെ അംഗീകരിക്കാൻ കഴിയില്ല.
എന്തുകൊണ്ടാണ് ശബരിമലയുടെ കാര്യത്തിൽ സാവകാശമില്ലാതെ നാളെ തന്നെ വിധി നടപ്പാക്കണം എന്നതിന്റെ ആവശ്യം. തന്ത്രിമാർ, രാജകുടുംബം, ഹിന്ദു ആചാര്യൻമാർ അതുപോലെ ഭക്തജന സമൂഹം ഇവരൊക്കെ കണ്ട് സമരസപ്പെട്ട രീതിയിലാണ് ഇത് നടപ്പാക്കേണ്ടത് -അദ്ദേഹം നിലപാട് വ്യക്തമാക്കുന്നു. 
ആദ്യഘട്ടത്തിൽ ശബരിമല യുവതി പ്രവേശനത്തെ അനുകൂലിച്ച ആർ.എസ.്എസ് നേതാക്കൾ പിന്നീടാണ് മലക്കം മറിഞ്ഞതും സമരത്തിന് നേതൃത്വം നൽകിയതും. കഴിഞ്ഞ ദിവസം ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻപിള്ളയും ശബരിമല പ്രതിഷേധം സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടല്ലെന്ന് പറഞ്ഞിരുന്നു. സ്ത്രീകൾ വരുന്നതിനെ സംബന്ധിച്ചല്ല ഈ സമരം. കമ്യൂണിസ്റ്റുകാർ ഇതിനെ തകർക്കാൻ ശ്രമിക്കുന്നു. ആ കമ്യൂണിസ്റ്റുകാർക്കെതിരായിട്ടാണ് ഞങ്ങളുടെ സമരം. കോടിക്കണക്കിന് ആളുകളുടെ ഒപ്പു ശേഖരിക്കാൻ അവരുടെ വീട്ടിൽ പോകുന്നത് അതിനു വേണ്ടിയാണ്. അല്ലാതെ അവിടെ സ്ത്രീകൾ വരുന്നോ പോകുന്നോന്ന് നോക്കാൻ വേണ്ടിയല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമർശം. പിന്നീട് പാർട്ടിക്കുള്ളിൽ നിന്നുയർന്ന പ്രതിഷേധത്തെ തുടർന്ന് അദ്ദേഹം മലക്കം മറിഞ്ഞ് താൻ അങ്ങനെ പറഞ്ഞില്ലെന്ന് മാറ്റിപ്പറഞ്ഞു.
യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്നത് ആചാര ലംഘനമാണെന്ന് പറഞ്ഞാണ് ബിജെപി, സംഘപരിവാർ സംഘടനകൾ സമരവുമായി രംഗത്തു വന്നത്. ഇതിനിടയിലാണ് ഒരു വിഭാഗം മുൻനിര നേതാക്കൾ തങ്ങളുടെ സമരം ഭക്തർക്കു വേണ്ടിയല്ലെന്ന് തുറന്ന് പറയുന്നത്.

Latest News