റിയാദ് - നിയമ ലംഘനങ്ങൾക്ക് ഏഴു പൗൾട്രി ഫാമുകൾക്ക് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം ആകെ 15,59,000 റിയാൽ പിഴ ചുമത്തി. പൗൾട്രി ഫാമുകളിൽ ജൈവ സുരക്ഷാ വ്യവസ്ഥകൾ നടപ്പാക്കാത്തതിനാണ് ഉടമകൾക്ക് പിഴ ചുമത്തിയത്. ലൈസൻസ് പുതുക്കാതിരിക്കൽ, വെറ്ററിനറി ഡോക്ടറുടെയും കാർഷിക വിദഗ്ധന്റെയും മേൽനോട്ടം ഏർപ്പെടുത്താതിരിക്കൽ, കോഴിയിറച്ചിയും മുട്ടയും സൂക്ഷിക്കുന്നതും സംഭരിക്കുന്നതുമായും ബന്ധപ്പെട്ട വ്യവസ്ഥകൾ പാലിക്കാതിരിക്കൽ പോലുള്ള നിയമ ലംഘനങ്ങളാണ് ഫാമുകളിൽ കണ്ടെത്തിയത്. ഇത്തരം നിയമ ലംഘനങ്ങൾ മറ്റു ഫാമുകളിലേക്ക് രോഗം പടർന്നുപിടിക്കുന്നതിനും അതുവഴി പൗൾട്രി വ്യവസായ മേഖലക്ക് ഭീമമായ നഷ്ടം നേരിടുന്നതിനും ഇടയാക്കുമായിരുന്നെന്ന് മന്ത്രാലയത്തിലെ ലൈവ്‌സ്റ്റോക്ക് ഡിപ്പാർട്ട്‌മെന്റ് മേധാവി ഡോ. ഇബ്രാഹിം ഖാസിം പറഞ്ഞു.






