Sorry, you need to enable JavaScript to visit this website.

കേരള മോഡലെന്ന അഹങ്കാരത്തിന്  കളങ്കം -സുനിൽ പി. ഇളയിടം

തൃശൂർ- കേരളാ മോഡലെന്ന മലയാളിയുടെ സ്വകാര്യ അഹങ്കാരത്തിന് കളങ്കമുണ്ടാക്കുന്ന സാഹചര്യമാണ് ശബരിമല വിഷയത്തിൽ പ്രകടകമാകുന്നതെന്ന് സുനിൽ പി.ഇളയിടം.
തൃശൂരിൽ വിവിധ സ്ത്രീപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമത്വ സംഗമത്തിന്റെ ഭാഗമായി ആചാര ലംഘനങ്ങളുടെ കേരളം എന്ന സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്തിനും ഏതിനും കേരളാ മോഡൽ എന്ന് ഉദ്‌ഘോഷിച്ചിരുന്ന മലയാളിയുടെ ഇരട്ടത്താപ്പ് ശബരിമല വിഷയത്തിൽ വെളിവാകുകയാണ്. ലോകത്തിനു മുന്നിൽ മലയാളി സ്വയം അപഹാസ്യരായി മാറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ലിംഗ സമത്വം സംബന്ധിച്ച ചർച്ചകളെ പ്രസക്തമാക്കാൻ ശബരിമലയിലെ യുവതി പ്രവേശന വിധിക്ക് സാധിച്ചിട്ടുണ്ട്. ആൺ മേൽകോയ്മകളെ തുടച്ചു നീക്കാൻ നവോത്ഥാന പ്രസ്ഥാനങ്ങൾക്കും നായകർക്കും സാധിച്ചിട്ടില്ലെന്ന ചർച്ചയും ഇക്കാലത്ത് പ്രസക്തമാണ്. ചരിത്രത്തെ തിരുത്താൻ അനുകൂല സാഹചര്യം പ്രതീക്ഷിക്കരുത്. അനിവാര്യമായ തിരുത്തൽ തുടർന്നുകൊണ്ടേയിരിക്കുന്ന പ്രക്രിയയാണെന്നും സുനിൽ പി.ഇളയിടം പറഞ്ഞു. എം. ഗീതാനന്ദൻ, ഡോ.എ.കെ. ജയശ്രീ, കെ.എൻ. പ്രഭാകരൻ, ശ്രീചിത്രൻ ശീതൾ ശ്യാം, ഇ.എം. സതീശൻ, ഷീനാ ജോസ് എന്നിവർ സെമിനാറിൽ പങ്കെടുത്തു. സാഹിത്യ അക്കാദമി ഹാളിൽ സംഘടിപ്പിച്ച സമത്വ സംഗമത്തിന്റെ ഭാഗമായി ഫെമിനിസ്റ്റ് മീറ്റ്, സമത്വ സംഗമ റാലി, പൊതുസമ്മേളനം, സംഗീത നിശ എന്നിവയും ഒരുക്കിയിരുന്നു.

Latest News