റിയാദ് - ഒരു മാസത്തിനിടെ വിവിധ പ്രവിശ്യകളിൽ മഴക്കെടുതിയിലും പ്രളയത്തിലും മരിച്ചവരുടെ എണ്ണം 35 ആയി ഉയർന്നതായി സിവിൽ ഡിഫൻസ് അറിയിച്ചു. ഒക്‌ടോബർ 17 മുതൽ ചൊവ്വാഴ്ച രാവിലെ വരെയുള്ള കണക്കാണിത്. മക്ക പ്രവിശ്യയിൽ 11 പേരും കിഴക്കൻ പ്രവിശ്യയിലും അൽബാഹയിലും നാലു പേർ വീതവും ഹായിലിലും അസീറിലും മൂന്നു പേർ വീതവും അൽഖസീം, തബൂക്ക്, ജിസാൻ, അൽജൗഫ് എന്നിവിടങ്ങളിൽ രണ്ടു പേർ വീതവും റിയാദിലും നജ്‌റാനിലും ഒരാൾ വീതവുമാണ് മരിച്ചത്.
ഇതിൽ 16 പേർ പ്രളയത്തിൽ പെട്ട് ഒലിച്ചുപോയും 10 പേർ വെള്ളക്കെട്ടുകളിൽ വീണും അഞ്ചു പേർ ഷോക്കേറ്റും രണ്ടു പേർ പോർട്ടോകാബിനുകൾ തകർന്നും ഒരാൾ വീട് തകർന്നുമാണ് മരിച്ചത്. ഒരാൾ അണക്കെട്ടിൽ വീണ് മുങ്ങിമരിക്കുകയും ചെയ്തു.
പ്രളയത്തിൽ പെട്ട 2157 പേരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി.
പ്രളയബാധിത പ്രദേശങ്ങളിൽ നിന്ന് 4038 പേരെ ഒഴിപ്പിച്ചു. റിയാദിൽ 15 ഉം മക്കയിൽ 10 ഉം അൽഖസീമിൽ 180 ഉം തബൂക്കിൽ ഏഴും കിഴക്കൻ പ്രവിശ്യയിൽ 187 ഉം നജ്‌റാനിൽ 23 ഉം അൽജൗഫിൽ 3616 ഉം പേരെയാണ് ഒഴിപ്പിച്ചത്. 2536 പേർക്ക് സർക്കാർ ചെലവിൽ താമസ സൗകര്യം ലഭ്യമാക്കി നൽകി. മഴക്കെടുതിയിലുണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുക്കുന്നതിന് വിവിധ പ്രവിശ്യകളിൽ 63 കമ്മിറ്റികൾ രൂപീകരിച്ചതായും സൗദി സിവിൽ ഡിഫൻസ് അറിയിച്ചു.