Sorry, you need to enable JavaScript to visit this website.

ചരിത്രത്തെ മായ്ച്ചുകളയുന്ന ഛിദ്രശക്തികൾ  

ചരിത്രത്തെ തങ്ങളുടെ രാഷ്ട്രീയ - വർഗീയ താൽപര്യങ്ങൾക്കനുസരിച്ച് തിരുത്തുക എന്ന സംഘ്പരിവാർ അജണ്ട കൂടുതൽ ശക്തമാവുകയാണ്. കേരളത്തെ അതൊന്നും ബാധിക്കാൻ പോകുന്നില്ല എന്നഹങ്കരിച്ചവരൊക്കെ വിഡ്ഢികളുടെ മൂഢസ്വർഗത്തിലാണ് ജീവിക്കുന്നത് എന്നു പറയാതെ വയ്യ. ഇന്ത്യൻ സ്വതന്ത്ര്യ സമരത്തിലെ ഉജ്ജ്വലവും കണ്ണീരിൽ കുതിർന്നതുമായ അധ്യായമായിരുന്ന വാഗൺ ട്രാജഡിയെ പോലും ചരിത്രത്തിൽ നിന്ന് അവരിതാ നിഷ്‌കാസനം ചെയ്യാൻ പോകുന്നു. 
ചരിത്ര സംഭവങ്ങളെ കേന്ദ്രീകരിച്ച് സ്‌റ്റേഷനുകളിൽ ചിത്രങ്ങൾ വരക്കുന്ന റെയിൽവേയുടെ പദ്ധതി പ്രകാരം തിരൂർ സ്റ്റേഷനിൽ സ്വാഭാവികമായും വരച്ചത് വാഗൺ ട്രാജഡിയുടെ ചിത്രമായിരുന്നു. സംഭവത്തിന്റെ 97 ാം വാർഷികത്തിന്റെ ഭാഗമായി നവംബർ 10 ന് അതിന്റെ ഉദ്ഘാടനവും തീരുമാനിച്ചിരുന്നു. എന്നാൽ ചിത്രം വരച്ചതിനു പിറ്റേന്നു റെയിൽവേ അധികൃതർ തന്നെ അതു മായ്ച്ചിരിക്കുന്നു. സ്വാതന്ത്ര്യ സമര കാലത്ത് മലബാറിൽ നടന്നതൊന്നും അതിന്റെ ഭാഗമായിരുന്നില്ലെന്നും ഹിന്ദു കൂട്ടക്കൊലകളായിരുന്നു എന്നും അതിന്റെ ഭാഗമായിരുന്നു വാഗൺ ട്രാജഡിയെന്നും അതിനാൽ റെയിൽവേ സ്റ്റേഷനിൽ ആ ചിത്രം പ്രദർശിപ്പിക്കരുതെന്നും ചില സംഘപരിവാർ സംഘടനകൾ നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി. 
ബ്രിട്ടീഷ് ആധിപത്യത്തിനെതിരായി മലബാർ ഭാഗത്തെ  മുസ്‌ലിംകൾ നടത്തിയ സമരമായിരുന്നു  മാപ്പിള ലഹള എന്നു പലരും വിളിക്കുന്ന മലബാർ കലാപം എന്നതിൽ ചരിത്രകാരന്മാർക്കൊന്നും അഭിപ്രായഭിന്നതയില്ലെന്നതാണ് യാഥാർത്ഥ്യം.  കർഷകരും ജന്മിമാരും തമ്മിലുള്ള പ്രശ്‌നങ്ങളും അതിനു കാരണമായിരുന്നു. അതേസമയം മലബാറിലെ ഹിന്ദുക്കളിൽ ഒരു വിഭാഗവും  ലഹളയിൽ പങ്കാളികളായിരുന്നു.  തങ്ങളുടെ കുടില തന്ത്രമായ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന നയത്തിന്റെ ഭാഗമായി ലഹളയെ വർഗീയമാക്കാൻ ബ്രിട്ടീഷുകാർ ആരംഭം മുതലേ ശ്രമിച്ചു. ബ്രിട്ടീഷ് ഒറ്റുകാരായ ചില ഹിന്ദു ജന്മിമാർക്കെതിരെ ആക്രമം നടന്നു. ചൂഷിതരായ കുടിയാന്മാരിൽ ചിലർ കിട്ടിയ അവസരത്തിൽ ജന്മിമാരെ ആക്രമിച്ചു തങ്ങളിൽ നിന്നും ചൂഷണം ചെയ്തിരുന്ന ധാന്യങ്ങളടക്കം ബലമായി പിടിച്ചെടുത്ത സംഭവങ്ങളും ഉണ്ടായി. എന്നാൽ ഒറ്റപ്പെട്ട അത്തരം സംഭവങ്ങൾ ചൂണ്ടിക്കാട്ടി മലബാർ കലാപം ഹിന്ദു വിരുദ്ധ കലാപമായിരുന്നു എന്നു പറയുന്നവരുടെ ലക്ഷ്യം പകൽ പോലെ വ്യക്തമാണ്. അന്നു ബ്രിട്ടീഷുകാർ പറഞ്ഞതാണ് ഇവരിന്ന് ആവർത്തിക്കുന്നത്. അതംഗീകരിച്ച് ഇത്തരം നടപടി സ്വീകരിച്ച റെയിൽവേ നഷ്ടപ്പെടുത്തിയത് അതിന്റെ മതേതരമായ സ്വഭാവമാണ്. 
വാസ്തവത്തിൽ തുർക്കിയിലെ ആഭ്യന്തര പ്രശ്‌നങ്ങളുടെ ഭാഗമായി രൂപം കൊണ്ട  ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു മലബാർ ലഹള. ഖിലാഫത്തുകാർ  സ്വാതന്ത്ര്യ സമര പ്രസ്ഥാനവുമായി ഒന്നിച്ച് പ്രവർത്തിക്കാൻ തുടങ്ങിയത് ബ്രിട്ടീഷുകാരുടെ ഉറക്കം കെടുത്തി. 1921 ൽ ഒറ്റപ്പാലത്തുവെച്ച് നടന്ന കോൺഗ്രസ്-ഖിലാഫത്ത് സമ്മേളനങ്ങൾക്കെതിരെ അവർ ആക്രമണം അഴിച്ചുവിട്ടതോടെയാണ് സമരം ശക്തിപ്പെട്ടത്. മാപ്പിളമാർ കയ്യിൽ കിട്ടിയ ആയുധങ്ങളുമായി പോലീസുകാരെയും പോലീസ് സ്റ്റേഷനും ആക്രമിക്കുകയും കോടതിയിൽ കയറി  ബ്രിട്ടീഷ് ഭരണം അവസാനിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു. ഏറനാടിന്റെ ഭരണം ഏറെക്കുറെ അവരുടെ കയ്യിലായി.  അതോടെ മദ്രാസിൽ നിന്ന് വലിയ തോതിൽ കമ്പനി പട്ടാളം രംഗത്തെത്തുകയും അക്രമവും മർദ്ദനവും വ്യാപകമാകുകയും ചെയ്തു. നിരവധി സ്ഥലങ്ങളിൽ പട്ടാള നിയമം പ്രഖ്യാപിക്കപ്പെട്ടു. കലാപകാരികളെ കണ്ടെത്താൻ പട്ടാളക്കാർ ഹിന്ദുക്കളോട് ആവശ്യപ്പെടുന്ന തന്ത്രമായിരുന്നു ബ്രിട്ടീഷുകാർ നടപ്പാക്കിയത്. അങ്ങനെയാണ്  ചെറിയ തോതിലാണെങ്കിലും ഹിന്ദു-മുസ്‌ലിം വൈരം വളർന്നത്. ഒപ്പം ജന്മിമാർ ആക്രമിക്കപ്പെട്ടപ്പോൾ അതു വർഗീയമായി വ്യാഖ്യാനിക്കുകയായിരുന്നു.  എന്നാലതൊന്നുമായിരുന്നില്ല കലാപത്തിലെ മുഖ്യധാര. 
മലബാർ ലഹളയിലെ ഏറ്റവും പൈശാചികമായ നടപടിയായിരുന്നു വാഗൺ ട്രാജഡിയെന്ന് ഏതു കൊച്ചുകുട്ടിക്കും ഇന്നറിയാം. 1921 നവംബർ 17 ന് ഇരുന്നൂറോളം തടവുകാരെ ഒരു വാഗണിൽ കുത്തിനിറച്ച് തിരൂരിൽ നിന്ന് കോയമ്പത്തൂരിലേക്കു പുറപ്പെട്ടു. കോയമ്പത്തൂരിനടുത്തുള്ള പോത്തന്നൂരിൽ വണ്ടിയെത്തിയപ്പോൾ വാഗണിൽ നിന്ന് അനക്കമൊന്നും കേൾക്കാത്തതിനെത്തുടർന്ന് പട്ടാളക്കാർ വാഗൺ തുറന്നപ്പോൾ കണ്ടത്  ശ്വാസം കിട്ടാതെ പരസ്പരം കടിച്ചും മാന്തിക്കീറിയും 64 തടവുകാർ മരിച്ചു കടക്കുന്നതാണ്.  ബാക്കിയുള്ളവരിൽ പലരും ബോധരഹിതരായിരുന്നു. 
പുറത്തിറക്കിയ ശേഷവും കുറേപ്പേർ മരിച്ചു. ജാലിയൻ വാലാബാഗിനേക്കാൾ  നികൃഷ്ടവും നീചവുമായ കൂട്ടക്കൊലയായാണ് ചരിത്രം ഈ സംഭവത്തെ രേഖപ്പെടുത്തിയിരിക്കുന്നത്. മലബാർ കലാപത്തിന്റെ കാരണങ്ങളെപ്പറ്റി ഭിന്നാഭിപ്രായക്കാരുണ്ടെങ്കിൽ തന്നെ വാഗൺ ട്രാജഡിയെ തള്ളിക്കളയാൻ ഇന്നോളം ആരും തയ്യാറായിട്ടില്ല എന്നതാണ് വസ്തുത. വാഗൺ ട്രാജഡി മെമ്മോറിയൽ മുനിസിപ്പൽ ടൗൺ ഹാൾ തിരൂർ, വാഗൺ ട്രാജഡി മെമ്മോറിയൽ ബസ് വെയ്റ്റിംഗ് ഷെഡ് വെള്ളുവമ്പ്രം, പൂക്കോട്ടൂർ
വാഗൺ ട്രാജഡി സ്മാരക മന്ദിരം (ലൈബ്രറി& സാംസ്‌കാരിക കേന്ദ്രം) കുരുവമ്പലം, വാഗൺ ട്രാജഡി സ്മാരക ബ്ലോക്ക്. വളപുരം ജി.എം.യു.പി സ്‌കൂൾ വളപുരം പുലാമന്തോൾ തുടങ്ങി നിരവധി സ്മാരകങ്ങൾ യാതൊരു വിവാദവുമില്ലാതെ നിലനിൽക്കുന്നുമുണ്ട്. അതിനാൽ തന്നെ ഇപ്പോഴത്തെ സംഭവത്തെ ചരിത്രത്തിന്റെ കാവിവൽക്കരണത്തിന്റെ ഭാഗമായല്ലാതെ കാണാനാകില്ല. നിർഭാഗ്യവശാൽ കാവിവൽക്കരണത്തിനെതിരെ ഘോരഘോരം ശബ്ദമുയർത്തുന്നു എന്നവകാശപ്പെടുന്ന കേരളത്തിൽ നിന്ന് ഈ സംഭവത്തിനെതിരെ കാര്യമായ പ്രതികരണമൊന്നും ഉണ്ടാകുന്നില്ല എന്നതും ശ്രദ്ധേയമാണ്. 
 

Latest News